- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുർബാന തർക്കത്തിൽ പരിഹാരം ഏറെ അകലെ; വത്തിക്കാൻ തീരുമാനം നിർണ്ണായകം
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത കുർബാന തർക്കത്തിലെ അന്ത്യശാസന സർക്കുലർ പള്ളികളിൽ വായിച്ചില്ല. സർക്കുലർ കീറിയും കത്തിച്ചും പ്രതിഷേധിച്ചു. ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. എളംകുളം പള്ളിയിൽ സർക്കുലർ കീറി ചവറ്റുകുട്ടയിൽ എറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സർക്കുലർ കത്തിച്ചു.
സിറോ മലബാർ സഭയുടെ അന്ത്യശാസനം തള്ളി എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികസമിതിയും നിലപാട് കടുപ്പിച്ചിരുന്നു. എറണാകുളം ആലുവയിലെ നിവേദിത സെന്ററിൽ കൂടിയ വൈദിക സമിതിയാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലർ തള്ളിയത്. ഇതുകൊണ്ടാണ് ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിക്കാതിരുന്നത്. ഇതോടെ അതിരൂപതയിൽ പിളർപ്പിന് സാധ്യത കൂടുകയാണ്. മാർപ്പാപ്പയുടെ നിലപാട് അതിനിർണ്ണായകമായി മാറും. ഇനി ചേരാനിരിക്കുന്ന സിനഡിന്റെ തീരുമാനവും ശ്രദ്ധേയമാകും.
അതിരൂപതയിലെ മുന്നൂറോളം വൈദികർ പങ്കെടുത്ത യോഗത്തിൽ ജൂലൈ 3നു ശേഷവും ജനാഭിമുഖ കുർബാന തന്നെ അർപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഏകീകൃത കുർബാന അജണ്ട നിശ്ചയിച്ചിട്ടുള്ള അടിയന്തര സിനഡ് നടക്കാനിരിക്കെ ഇത്തരത്തിൽ സർക്കുലർ ഇറക്കിയതിനെ വൈദികർ അപലപിക്കുകയും ചെയ്തിരുന്നു. ഭീഷണിയുടെയും അധാർമികതയുടെയും ചുവയോടെയാണ് സർക്കുലർ പുറത്തിറക്കിയത്.സിറോ മലബാർ സഭാ സിനഡിനെ അപഹസിക്കുന്ന ഇത്തരം സർക്കുലർ കത്തോലിക്ക സഭക്കുതന്നെ അപമാനമാണെന്ന് യോഗം വിലയിരുത്തി. ഇതനുസരിച്ചാണ് അതിരൂപതാ പ്ള്ളികളിൽ സർക്കുലർ വായിക്കാതെ ഒഴിവാക്കിയത്.
ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് സിറോ മലബാർ സഭ മുന്നറിയിപ്പ് നൽകിയിരുന്നു. നാലുവർഷം ആയിട്ടും കുർബാന തർക്കത്തിൽ പ്രശ്‌നപരിഹാരം കണ്ടെത്താനാവാത്തത്തോടെയാണ് സീറോ മലബാർ സഭ കടുത്ത നടപടികളിലേക്ക് കടന്നത്. ജൂലൈ മൂന്നിനുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകും എന്നായിരുന്നു സർക്കുലർ. നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. ജൂലൈ മൂന്നിനു മുൻപ് സത്യവാങ്മൂലം നൽകാത്ത വൈദിക വിദ്യാർത്ഥികൾക്ക് വൈദിക പട്ടം നൽകില്ലെന്നും മുന്നറിയിപ്പുണ്ട്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം എന്നും നിർദേശിച്ചു. ഇതാണ് തള്ളുന്നത്.
സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാർപാപ്പയുടെ നിർദേശപ്രകാരമാണ് വിമതർക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാർ സഭയിലെ എല്ലാ വൈദികർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ സിനഡ് യോഗത്തിന് മുൻപ് സർക്കുലർ ഇറക്കാൻ അധികാരമില്ലെന്നും സർക്കുലർ തള്ളിക്കളയുന്നുവെന്നും എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റ സമിതി പറഞ്ഞു.
അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്വതന്ത്ര വിശ്വാസ സമൂഹം ആയി തുടരും. അതിരൂപതയ്ക്ക് പുറത്തുനിന്ന് വൈദികരെ എത്തിച്ചു കുർബാന അർപ്പിക്കാൻ സമ്മതിക്കില്ലെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 14ന് സിറോ മലബാർസഭ അടിയന്തര സിനഡ് യോഗം ചേരും. ഓൺലൈനിലൂടെയാണ് യോഗം ചേരുന്നത്. 2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം.