- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ബോട്ടുകള്‍ പെട്ടെന്ന് കത്തി; ഗ്യാസ് ആയതിനാല്‍ ആര്‍ക്കും അടുക്കാനായില്ല; വഴി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി; പൊട്ടിത്തെറികള്‍ ഭയമുണ്ടാക്കി; കുരീപ്പുഴയിലേത് ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള അപകടമാകന് സാധ്യത കുറവ്; അട്ടിമറിയില്‍ അന്വേഷണം; ബോട്ടുകള്‍ കത്തിച്ചതോ?
കൊല്ലം: കുരീപ്പുഴയില്‍ കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ കത്തിനശിച്ചതിന് പിന്നില്‍ അട്ടിമറിയോ? ആരോ മനപ്പൂര്‍വ്വം കത്തിച്ചതാണെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കാന്‍ അന്വേഷണ സംഘം. മത്സ്യത്തൊഴിലാളികള്‍ സംഭവ സമയം മുതല്‍ ആവശ്യപ്പെട്ടത് കൂടി കണക്കിലെടുത്താണ് അട്ടിമറി പരിശോധിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാകും അന്വേഷണം. കൊല്ലം സിറ്റി എസിപിക്കാണ് അന്വേഷണ ചുമതല.
പുലര്‍ച്ചെ രണ്ടോടെയുണ്ടായ സംഭവത്തില്‍ മത്സ്യബന്ധനത്തിന് ശേഷം കായലില്‍ കെട്ടിയിട്ടിരുന്ന പത്തോളം ബോട്ടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ആഴക്കടലില്‍ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന ഒമ്പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവുമാണ് കത്തിനശിച്ചത്. ബോട്ടിലുള്ള ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. സമീപത്തെ ചീനവലകള്‍ക്കും തീപിടിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നും നിഗമനമുണ്ട്. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്ന സാഹചര്യമില്ല. അങ്ങനെ വന്നെങ്കില്‍ പാകം ചെയ്തിരുന്നവര്‍ക്ക് അടക്കം പരിക്കുണ്ടാകുമായിരുന്നു. അങ്ങനെ ആരേയും പോലീസ് കണ്ടെത്തിയിട്ടില്ല. നിരവധി ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും സ്ഥലത്ത് ഉണ്ടായിരുന്നു. 8 ബോട്ടുകള്‍ സ്ഥലത്തുനിന്ന് മാറ്റി. അല്ലെങ്കില്‍ കൂടുതല്‍ അപകടം ഉണ്ടാകുമായിരുന്നു. പ്രദേശത്തേക്ക് വഴിയില്ലാത്തതും പൊലീസ് ഉള്‍പ്പെടെയുള്ളവരെ പ്രദേശത്ത് എത്തുന്നത് വൈകിപ്പിച്ചു. പാചകവാതകത്തിന്റെ സാന്നിധ്യം മൂലം ബോട്ടുകള്‍ വേഗത്തില്‍ പൂര്‍ണമായി കത്തി. പലതും വെള്ളത്തിലേക്ക് താഴ്ന്നെന്നും നാട്ടുകാര്‍ പറയുന്നു.
'' രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ബോട്ടുകള്‍ പെട്ടെന്ന് കത്തുകയായിരുന്നു. ഗ്യാസ് ആയതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. പൊലീസ് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ടി. വഴി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്തു''നാട്ടുകാരിയായ ഡാലിയ പറഞ്ഞു. ''പ്രദേശവാസികളാണ് തീപിടിക്കുന്നത് കണ്ടത്. പ്രദേശവാസിയായ റോബര്‍ട് എന്ന മത്സ്യത്തൊഴിലാളിയുടെ ഇടപെടലാണ് തീപടരുന്നത് കുറയ്ക്കാന്‍ സഹായകമായത്.
പത്ത് ബോട്ടുകളാണ് കത്തിയത്. ഒരു ബോട്ട് നീണ്ടകര സ്വദേശിയുടേയും 9 ബോട്ടുകള്‍ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുടേയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബോട്ട് തീരത്ത് നിര്‍ത്തി തൊഴിലാളികള്‍ മടങ്ങിയിരുന്നു. വിശദമായ അന്വേഷണം നടത്തും''കലക്ടര്‍ എന്‍.ദേവീദാസ് പറഞ്ഞു. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കത്തിനശിച്ചവയില്‍ ട്രോളിംഗ് ബോട്ടുകളും ചെറിയ ബോട്ടുകളുമുണ്ട്. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണിവ. കഴിഞ്ഞ മാസം അഷ്ടമുടി കായലിലും സമാനരീതിയില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു. അന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാന്ററിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്കാണ് അന്ന് തീ പിടിച്ചത്.




