- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാം വയസ്സിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം അച്ഛൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്‌ബു; ഒരു കുട്ടി ഉപദ്രവിക്കപ്പെടുമ്പോൾ,അത് അവരുടെ ആയുഷ്‌ക്കാലത്തേക്കാണ് മുറിവേൽപ്പിക്കുക; പെൺകുട്ടിയോ ആൺകുട്ടിയോ എന്ന് വ്യത്യാസമില്ല; പിതാവിൽ നിന്നുണ്ടായ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് നടി
ചെന്നൈ: ജീവിതത്തിലെ ഇരുണ്ടകാലത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്‌ബു സുന്ദർ.തന്റെ എട്ടാമത്തെ വയസ്സിൽ സ്വന്തം അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഖു്ശ്ബുവിന്റെ വെളിപ്പെടുത്തൽ.ബർഖ ദത്തുമായുള്ള മോജോ സ്റ്റോറിയിലാണ് ഖുശ്‌ബു മനസുതുറന്നത്. കുട്ടിക്കാലത്ത് അച്ഛനിൽ നിന്നുള്ള ഏറ്റവും മോശം അനുഭവങ്ങളിലൂടെ താനും തന്റെ അമ്മയും കടന്നു പോയതിനെക്കുറിച്ചാണ് ഖുശ്‌ബുവിനു പറയാനുണ്ടായിരുന്നത്.
എട്ടാമത്തെ വയസിലാണ് പിതാവ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്.15-ാം വയസിൽ പിതാവിനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത്തമൊരു നിലപാട് സ്വീകരിക്കാൻ ഞാൻ തയാറായതെന്നും'' ഖുശ്‌ബു വ്യക്തമാക്കി.
''അമ്മ തന്നെ വിശ്വസിക്കില്ലെന്ന ഭയമായിരുന്നു തനിക്ക്.ഭർത്താവ് ദൈവമാണെന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ, 15-ാം വയസിൽ പിതാവിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു.പതിനാറാം വയസിൽ പിതാവ് തങ്ങളെ ഉപേക്ഷിച്ചെന്നും ഖുശ്‌ബു പറഞ്ഞു.
'ഒരു ആൺകുട്ടിയോ പെൺകുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോൾ അവരുടെ ജീവിതത്തിലാണ് മുറിവേൽക്കുന്നത്.ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയത്.ഭാര്യയെയും മകളെയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കരുതിയ വ്യക്തിയായിരുന്നു പിതാവെന്നും ഖുശ്‌ബു പറഞ്ഞു.
താൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാൽ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛൻ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്നെന്നും ഖുശ്‌ബു വെളിപ്പെടുത്തി. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ താരപ്രഭയിൽ നിൽക്കുമ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ബാല്യത്തിന്റെ ഓർമ്മകളാണ് ഖുശ്ബിവിനൊപ്പം ഉണ്ടായിരുന്നത്.അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്‌ബുവിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.
ദ ബേണിങ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഖുശ്‌ബു തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ മുഖമായി മാറി.പിന്നീട് 2010ൽ രാഷ്ട്രീയത്തിൽ ചേർന്നു. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബിജെപിയിലെത്തിയത്. സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബിജെപിയിലെത്തിയത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഖുശ്‌ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്.
അഭിനേതാവും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് ഖുശ്‌ബു സുന്ദർ.ബിജെപിയിൽ ചേർന്ന് 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെയുടെ എൻ. എഴിലനോട് പരാജയപ്പെട്ടു
മറുനാടന്‍ മലയാളി ബ്യൂറോ