കൊല്ലം: സ്വന്തം വീട്ടിലെ ഒരംഗം മരിച്ചാലുണ്ടാകുന്ന വേദനയായിരുന്നു അപ്പു എന്ന നായ മരണപ്പെട്ടപ്പോൾ ഓച്ചിറ കുതിരപ്പന്തിക്കാർക്ക് ഉണ്ടായത്. പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പ്രായമായവർക്കായിരുന്നു സങ്കടം ഏറെയും. 11 വർഷം മുൻപ് കുതിരപ്പന്തി ചന്തയിൽ ഉപേക്ഷിച്ച തെരുവ് നായ നാട്ടുകാർക്ക് എത്രമേൽ പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്ന രംഗങ്ങളായിരുന്നു നായ മരണപ്പെട്ടപ്പോൾ മുതൽ കാണാൻ കഴിഞ്ഞത്.

പ്രത്യേക അനൗൺസ്മെന്റ് വാഹനത്തിലാണ് മരണവിവരം നാട്ടുകാരെ അറിയിച്ചത്. 'പ്രിയപ്പെട്ട അപ്പു നമ്മെ വിട്ടുപിരിഞ്ഞ കാര്യം വ്യസനസമേതം അറിയിക്കുന്നു...' അനൗൺസ്മെന്റ് വാഹനത്തിൽനിന്ന് മരണവാർത്ത നാടാകെ പടർന്നപ്പോൾ കുതിരപ്പന്തി നിവാസികൾ അങ്ങോട്ടേക്ക് ഒഴുകിയെത്തി. അപ്പു അവർക്ക് വെറുമൊരു തെരുവുനായയായിരുന്നില്ല. അവരുടെ മനസ്സിൽ ഇടംപിടിച്ച കാവൽക്കാരനായിരുന്നു.

ഒരു മനുഷ്യൻ മരണപ്പെട്ടാൽ എന്തൊക്കെ ചെയ്യുമോ അതെല്ലാം അവർ അവന് വേണ്ടി ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് അപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടി. വെള്ളിയാഴ്ച രാവിലെതന്നെ അപ്പുവിനെ കുളിപ്പിച്ച് സുഗന്ധവസ്തുക്കൾ പൂശി വെള്ളവസ്ത്രത്തിൽ പൊതിഞ്ഞു. അടുത്തുള്ള പരിഷ്‌ക്കാര ഗ്രന്ഥ ശാലയുടെ വരാന്തയിൽ വെള്ള തുണിവിരിച്ച് കിടത്തി. പിന്നെ പൊതുദർശനമായിരുന്നു. അപ്പുവിന്റെ മൃതദേഹത്തിൽ പൂക്കളും റീത്തും വച്ച് ഉപചാരം അർപ്പിച്ചു. പിന്നീട് ഉച്ചയ്ക്ക് 12.30 ന് ഗ്രന്ഥശാലയുടെ വളപ്പിൽ കുഴിയെടുത്ത് മറവ് ചെയ്തു.

പത്തുവർഷംമുമ്പാണ് അപ്പുവെന്ന തെരുവുനായ കുതിരപ്പന്തിയിലെത്തുന്നത്. ഏതാനും ദിവസങ്ങൾകൊണ്ട് നാട്ടുകാരുടെ പ്രിയങ്കരനായി. ഏതുവീട്ടിലും ഏതുസമയത്തും അവന് കടന്നുചെല്ലാം. ആഹാരവും കിടക്കാനുള്ള സൗകര്യങ്ങളുമെല്ലാം നൽകി നാട്ടുകാർ നന്നായി നോക്കി. രാപകൽ ചന്തയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാവും. ഇതുവരെ ആരെയും കടിച്ചിട്ടില്ല. എന്നാൽ തന്റെ അധികാരപരിധിയിൽ കടന്നുവരാൻ മറ്റു നായ്ക്കളെ അനുവദിച്ചിരുന്നില്ല. അപരിചിതർ രാത്രിയിൽ എത്തിയാൽ കുരച്ചു ബഹളമുണ്ടാക്കി നാട്ടുകാരെ അറിയിക്കും. കുതിരപ്പന്തി ചന്തമുതൽ കിഴക്ക് മൂത്തേരിമുക്കുവരെയായിരുന്നു അപ്പുവിന്റെ അധികാരമേഖല.

കുതിരപ്പന്തി പ്രദേശത്തെ ഓരോ വീട്ടിലെയും അംഗത്തെപ്പോലെയായിരുന്നു വർഷങ്ങളായി അപ്പു. പകലും രാത്രിയും എല്ലാം കുതിരപ്പന്തിയിലും പരിസരപ്രദേശങ്ങളിലും വീടുകളിലും കടകളിലും കറങ്ങിനടക്കുന്ന അപ്പു നാടിന്റെ കാവൽക്കാരൻ കൂടിയായിരുന്നു. ഇതുവരെയും ആരെയും കടിച്ചിട്ടില്ല. എന്നാൽ, ശൗര്യമുള്ള കുരയും ഗൗരവവും നാടിനെന്നും ഒരു ധൈര്യമായിരുന്നു. വീടുകളുടെ പിന്നാമ്പുറങ്ങളിൽ വാലാട്ടിയെത്തുന്ന അപ്പുവിന് ഇഷ്ട വിഭവങ്ങൾ വീടുകളിൽനിന്നും നൽകിയിരുന്നു. നാട്ടുകാർ അല്ലാത്ത അപരിചിതരെയും മറ്റും പലപ്പോഴും വിരട്ടിനിർത്തിയ സംഭവവും സ്ഥിരം കടതുറക്കുന്ന കടയുടമ മകനെ വിട്ട് കടതുറക്കാൻ ശ്രമിച്ചപ്പോൾ അപ്പു തടഞ്ഞതുമെല്ലാം നാട്ടുകാർ ഓർക്കുന്നു.

2012ൽ ഗ്രാമപഞ്ചായത്ത് അപ്പുവിനെ എ.ബി.സിക്ക് വിധേയനാക്കി കുതിരപ്പന്തിയിൽ തന്നെ തിരികെ വിട്ടിരുന്നു. അടുത്തിടെയായി അപ്പു ക്ഷീണിതനായിരുന്നു. ഇത് ശ്രദ്ദയിൽപ്പെട്ട നാട്ടുകാർ വെറ്റിനറി ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിച്ചു. ഒരു പ്രത്യേക തരം വൈറസ് ബാധിച്ചിരിക്കുകയാണ് എന്നും ഇത് തലച്ചോറിലേക്ക് പ്രവേശിച്ചാൽ ജീവന് ഭീഷണിയാകുമെന്നും ഡോക്ടർ അറിയിച്ചു. തുടർന്ന് മരുന്ന് നൽകി ചികിത്സിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കുതിരപ്പന്തി പരിഷ്‌കാര ഗ്രന്ഥശാലയിലും കുതിരപ്പന്തി ഗവ. എൽ.പി.സ്‌കൂളിലും നടക്കുന്ന എല്ലാ പരിപാടികളിലും സ്ഥിരം സാന്നിധ്യമാണ് അപ്പു. അവിടെ വിളമ്പുന്ന ഭക്ഷണത്തിലെ ആദ്യപങ്ക് അപ്പുവിനായിരിക്കും. വാർഡ് അംഗം ആർ.സുജ, പരിഷ്‌കാര ഗ്രന്ഥശാലാ രക്ഷാധികാരി സലിം അമ്പീത്തറ, പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കൂടത്തറ ശ്രീകുമാർ, സാഹിത്യകാരൻ എ.എം.മുഹമ്മദ്, എസ്.എൻ.ഡി.പി.യോഗം ശാഖാ സെക്രട്ടറി എൻ.ഭാർഗവൻ, രാജൻ ഉണ്ണി, വാവാച്ചൻ തുടങ്ങിയവർ സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.