- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുട്ടനാട് ഇഫ്ക്റ്റ് കണ്ണൂരിലും; പാർട്ടി ഗ്രാമങ്ങളിൽ അമർഷം പുകയുന്നു; സിപിഐയിലേക്ക് അതൃപ്തരുടെ ഒഴുക്ക് ഉണ്ടാകാതിരിക്കാൻ കോട്ട കെട്ടി സി പി എം; കീഴാറ്റൂരിലും മാന്ധംകുണ്ടിലും സിപിഐ ക്കാരെ കായികമായി നേരിട്ട് സിപിഎമ്മുകാർ; ഒരേ മുന്നണിയിൽ തുടരുമ്പോഴും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ
കണ്ണൂർ: കുട്ടനാട്ടിൽ വൻതോതിൽ അതൃപ്തരായ സി. പി. എം പ്രവർത്തകർ സി.പി. ഐയിലേക്ക് ചേക്കെറുന്നത് പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽ ആവർത്തിക്കുമോയെന്ന ആശങ്കയിൽ സി.പി. എം നേതൃത്വം. ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ മുന്നണി മര്യാദ ലംഘിച്ചു കൊണ്ടു ആലപ്പുഴയിൽ നടത്തുന്ന പ്രസംഗങ്ങളും വെല്ലുവിളികളും കണ്ണൂരിലും പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ കണ്ണൂരിൽ നടന്ന സി.പി. എം-സി.പി. ഐ പോരിന്റെ തനിയാവർത്തനങ്ങളാണ് ഇപ്പോൾ ആലപ്പുഴയിൽ സംഭവിക്കുന്നത്. സി. പി. എം പാർട്ടി ഗ്രാമമായ തളിപറമ്പ് മാന്ധംകുണ്ടിൽ നിന്നും തളിപറമ്പ് നഗരസഭാ മുൻ വൈസ് ചെയർമാനായ കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ അൻപതിലേറെ പാർട്ടി പ്രവർത്തകരാണ് സി.പി. എം വിട്ടത്. കോമത്ത് മുരളീധരൻ ഇപ്പോൾ സി.പി. ഐ കണ്ണൂർ ജില്ലാകൗൺസിൽ അംഗമാണ്.
സി. പി. ഐ അഴിതി ആരോപണത്തിന്റെ ഭാഗമായി പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെന്ന മണ്ഡലം ഭാരവാഹിയെ സി.പി. എം ഇരുകൈ നീട്ടി സ്വീകരിച്ചതിന്റെ ചൊരുക്ക് തീർക്കാനാണ് കോമത്തിനെയും കൂട്ടരെയും ഇരു കൈയും നീട്ടി സി.പി. ഐ സ്വീകരിച്ചത്. എന്നാൽ പാർട്ടി ഗ്രാമങ്ങളായ കീഴാറ്റൂരും മാന്ധംകുണ്ടിലും കോമത്തിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തനമാരംഭിച്ചപ്പോൾ അതിനെ ശാരീരികമായി അടിച്ചമർത്താനാണ് സി.പി. എം തുനിഞ്ഞത്.
സി.പി. ഐ കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിച്ചതോടെ പാർട്ടി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ബിജെപിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാൽനടപ്രചരണജാഥ നടത്തിയ കോമത്ത് മുരളീധരനെയും കൂട്ടരെയും കായികപരമായി സി.പി. എം പ്രവർത്തകർ മാന്ധംകുണ്ടിൽ നേരിട്ടത്. ഇതേ സമീപനം തന്നെയാണ് കൂത്തുപറമ്പ് മാനന്തേരിയിലും മറ്റും സി.പി. ഐ കാൽനട പ്രചരണ ജാഥയ്ക്കു നേരിട്ടത്.
ഇപ്പോൾ കണ്ണൂരിലെ സി.പി. എം ഗ്രാമങ്ങളിൽ സി.പി. ഐക്കാർക്ക് കടുത്ത എതിർപ്പാണ് നേരിടേണ്ടി വരുന്നത്. ഇതോടെ ഒരേ മുന്നണിയിലിരിക്കുമ്പോഴും മാനസികമായി അകന്നിരിക്കുകയാണ് ഇരുപാർട്ടികളിലെയും പ്രവർത്തകർ. പാർട്ടി നേതാക്കളുടെ വലതുപക്ഷ വ്യതിയാനവും ഏകാധിപത്യ ശൈലിയും കാരണം അതൃപ്തരായ സി.പി. എം പ്രവർത്തകരും നേതാക്കളും ഇനിയും കൂടുതലായി തങ്ങളുടെ പാർട്ടിയിലേക്ക് കടന്നുവരുമെന്നാണ് സി.പി. ഐയുടെ പ്രതീക്ഷ.
കുട്ടനാടൻ ഇഫക്റ്റ് കേരളം മുഴുവൻ പടരുമ്പോൾ കണ്ണൂരിലും അതിന്റെ ഗുണഭോക്താക്കളാകാൻ ശ്രമിക്കുകയാണ് സി.പി. ഐ. എന്നാൽ ഇതിന് കനത്തവില തന്നെ കൊടുക്കേണ്ടി വരുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് കാസർകോട് ജില്ലയിലെ പെരുമ്പളയിൽ ആധിപത്യ മത്സരത്തിനിടെ സി.പി. ഐക്കാരുടെ നിരവധി വീടുകളാണ് ബോംബെറിൽ തകർക്കപ്പെട്ടത്. ഇതുകണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലും ആവർത്തിക്കുമോയെന്ന ആശങ്കയും പരന്നിട്ടുണ്ട്.
എന്നാൽ സി.പി. എം വിട്ടു സി.പി. ഐയിലേക്ക് ചേക്കേറുന്നവർക്ക് മതിയായ സംരക്ഷണം നൽകാൻ സി.പി. ഐ ജില്ലാനേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. സി.പി. ഐയുടെ കൊടിയേന്തിയവർ പലയിടങ്ങളിലും വൻതോതിലുള്ള സാമൂഹിക ബഹിഷ്‌കരണവും കടന്നാക്രമണവുമാണ് നേരിടുന്നത്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നവരെ പ്രത്യേകമായി സി.പി. എം നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ നീക്കങ്ങളാണ് രഹസ്യമായി പാർട്ടിയിലെ ചാരന്മാർ നിരീക്ഷിക്കുന്നത്. നേരത്തെ എം.വി രാഘവൻ സി. എംപി രൂപീകരിച്ചതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും മറുകണ്ടം ചാടുന്നവരെ പിടികൂടാനും തിരിച്ചുകൊണ്ടുവരാനും പാർട്ടിക്കായി സ്ളീപ്പിങ് സെല്ലുകൾ പ്രവർത്തിച്ചിരുന്നത്.