ആലപ്പുഴ: കേരളത്തിലും ജോഷിമഠ്. 2018ലെ പ്രളയത്തിനു ശേഷം കുട്ടനാടിന്റെ പല മേഖലകളും 20 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ന്നു. 2018ലെ പ്രളയത്തിൽ ഏറെ നാൾ കുട്ടനാട്ടിലെ കരഭൂമിയിലും വയലിലും വെള്ളം കെട്ടിക്കിടന്നതാണ് ഭൂമി താഴാൻ കാരണം. കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് ഈ ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തുന്നത്.

കുട്ടനാടിന് പുറമേ, കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നിവിടങ്ങളും അപകടകരമാംവിധം താഴുകയാണെന്നാണ് നിഗമനം. ഉത്താരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി താഴുകയാണ്. വീടുകളിൽ വിള്ളൽ വരുന്നു. ഇത് ചർച്ചയാകുമ്പോഴാണ് കുട്ടനാടിലെ ഭൂമി ഇടിഞ്ഞു താഴലും എത്തുന്നത്.

കൈനകരി, മങ്കൊമ്പ് മേഖലകളിൽ ഭൂനിരപ്പ് താഴുന്നതായി കണ്ടെത്തിയത്. എടത്വ, തലവടി തുടങ്ങി താരതമ്യേന ഉയർന്ന ഭാഗങ്ങളിൽ ഈ പ്രശ്‌നമില്ലെന്നും പഠനത്തിലുണ്ട്. ബണ്ടുകൾ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയാൽ പ്രശ്‌നം പരിഹരിക്കാമെന്നാണ് പഠന സംഘത്തിന്റെ വിലയിരുത്തൽ. ബണ്ടുകൾ നിലവിലുള്ളതിനെക്കാൾ 60 സെന്റീമീറ്റർ ഉയർത്തണമെന്നും ഡോ.പത്മകുമാർ പറഞ്ഞു. 2018ലെ പ്രളയത്തിൽ ഏറെ നാൾ കെട്ടിക്കിടന്ന വെള്ളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി അടിത്തട്ടിലെ മണ്ണിനെ കൂടുതൽ അടുപ്പിച്ചു. ഇതോടെയാണ് ഭൂനിരപ്പ് താഴ്ന്നു തുടങ്ങിയത്. ഇതുമൂലമാണ് സമീപ വർഷങ്ങളിൽ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നും പഠനത്തിലുണ്ട്.

കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നിവിടങ്ങളിലെ പ്രശ്‌നവും ഗുരുതരമാണ്. കായലിൽ ആവശ്യത്തിന് എക്കലില്ലാത്തതിനാലാണ് തുരുത്തുകൾ താഴുന്നത്. കല്ലടയാറ്റിൽ നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ തുരുത്തിന് സമീപത്തെ വെള്ളത്തിൽ ഉപ്പുരസം വർധിക്കുകയും ചെയ്യുന്നുണ്ട്. ജോഷിമഠിന് സമാനമായ ദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണ്. അല്ലെങ്കിൽ കുട്ടനാടും മറ്റിടങ്ങളിലും ജനജീവിതം ദുസഹമാകും.

ജോഷി മഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊളിച്ചുകഴിഞ്ഞാൽ അവ മറ്റുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയാകില്ലെന്നും പൊളിക്കൽ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിനെ അടിസ്ഥാനമാക്കി മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. ജോഷിമഠിലെ മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെ 600 ലേറെ കെട്ടിടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. അതിൽ ഗുരുതര പരിക്കുകളേറ്റ കെട്ടിടങ്ങൾ പൊളിച്ചു കളയുമന്നും അധികൃതർ പറഞ്ഞു.

ഇങ്ങനെ ഇടിയുന്ന പട്ടണങ്ങളെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുകയും പുതിയ നിർമ്മാണങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 4000 ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ജോഷിമഠിന്റെ 30 ശതമാനം ഭാഗത്തും ദുരന്തം ബാധിച്ചിട്ടുണ്ട്.