തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിലെ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുന്നത് തെറ്റു സംഭവിച്ചെന്ന പ്രാഥമിക നിഗമനത്തില്‍. പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലര്‍ക്ക് സനല്‍ ജെയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥി ബെന്‍സണ്‍ എബ്രഹാ(16)മിനെ ഇന്നലെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ. വ്യാഴാഴ്ച രാവിലെ പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള സീല്‍ പതിച്ചു വാങ്ങാന്‍ ബെന്‍സണ്‍ സ്‌കൂളിലെ ക്ലര്‍ക്കിന് അടുത്തു പോയി. ഇവിടെ വച്ച് സനല്‍കുമാര്‍ അസഭ്യം പറഞ്ഞതായാണ് വിവരം.

ബെന്‍സണും സനലുമായി തര്‍ക്കമുണ്ടായതായി കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബംന്ധപ്പെട്ട് കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും ഗവ.വിഎച്ച്എസ്എസ് പ്രിന്‍സിപ്പാളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് നടപടി. കഴിഞ്ഞ വ്യാഴം ബെന്‍സണും ക്ലര്‍ക്കായ സനലും തമ്മില്‍ സ്‌കൂള്‍ സീല്‍ എടുത്തതു സംബന്ധമായി അനാവശ്യ സംസാരം നടന്നതായും തുടര്‍ന്ന് കുട്ടിയുടെ അമ്മയോട് സൗകര്യമുളള ദിവസം സ്‌കൂളിലെത്താന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. അന്വേഷണ ദിവസം സനല്‍ അവധിയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സനലിനെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കുറ്റിച്ചല്‍ എരുമക്കുഴി സായൂജ്യ ഹൗസില്‍ ബെന്നി ജോര്‍ജ്- സംഗീത ദമ്പതികളുടെ മകാണ് ബെന്‍സണ്‍ ഏബ്രഹാം. വ്യാഴാഴ്ച രാത്രിമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് ബെന്‍സന്റെ അമ്മാവന്‍ സതീഷാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ പടിക്കെട്ടിന്റെ ജനല്‍ഭാഗത്ത് വിദ്യാര്‍ഥിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബെന്‍സന്റെ പ്രോജ്ക്ട് ബുക്കില്‍ സീല്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ക്ലര്‍ക്ക് സനല്‍കുമാറുമായി ഉണ്ടായ തര്‍ക്കവും പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഭയവുമാണ് ബെന്‍സന്റെ മരണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

ചില അധ്യാപകരും ക്ലര്‍ക്കിന്റെ ഭാഗം ചേര്‍ന്ന് കുട്ടിയെ ശാസിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബെന്‍സണ്‍ വീട്ടിലെത്തി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ സമാധാനിപ്പിച്ചു. ഇതിനുശേഷം കൂട്ടുകാരനെ കാണാന്‍ പോകുന്നെന്ന് പറഞ്ഞിറങ്ങിയ ബെന്‍സണ്‍ വൈകിയും എത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയില്‍ കണ്ടത്. അതേസമയം, എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രോജക്ട് ബുക്കുകള്‍ നേരത്തെതന്നെ ഒപ്പിട്ട് നല്‍കിയിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീത ബാബു പറഞ്ഞു.

മറ്റൊരു വിദ്യാര്‍ത്ഥിയുടെ പ്രോജക്ട് ബുക്കില്‍ ഓഫീസ് സീല്‍ പതിക്കാനാണ് ബെന്‍സന്‍ എത്തിയതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഓഫീസ് മുറിയില്‍ കയറി ബെന്‍സന്‍ സീല്‍ എടുക്കാന്‍ ശ്രമിച്ചത് തടയുകയും ഇത് ചോദ്യം ചെയ്യുകയും മാത്രമാണ് ഉണ്ടായതെന്ന് ക്ലാര്‍ക്ക് സനല്‍ പറഞ്ഞു.