- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം നിലയില് നിന്നും എടുത്തുചാടി; ഒപ്പം രക്ഷിച്ചത് നാലുപേരെ; അനില് കുമാറിന് പുതുജീവിതം
കുവൈത്ത് സിറ്റി: തിരുവല്ല സ്വദേശി അനിൽ കുമാറിന് ഇത് പുതുജീവിതമാണ്. കുവൈത്തിലെ മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അനിൽ കുമാറിന്റെ കുടുംബം. അതിവേഗം തീപടരുന്നതിനിടെ കനത്ത പുകയ്ക്കിടെ കെട്ടിടത്തിൽ നിന്ന് എടുത്തു ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രണ്ടാം നിലയിൽ നിന്നുള്ള ചാട്ടത്തിൽ കാലിനു പരിക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ.
ജോലിക്ക് പോകാൻ വേണ്ടി പുലർച്ചെ എഴുന്നേൽക്കുന്നതാണ് അനിൽ കുമാറിന്റെ ശീലം. പതിവ് പോലെ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. മുറിയിലേക്ക് കനത്ത പുക അടിച്ചുകയറി. ആദ്യം ശ്വസിച്ചപ്പോൾ തന്നെ ശ്വാസംമുട്ടലുണ്ടായി. ഉടൻ തന്നെ റൂമിലുള്ള പരമാവധി ആളുകളെ വിളിച്ചുണർത്തി. എല്ലാവരും ഉറങ്ങുകയായിരുന്നു. ആളുകളെ വിളിച്ച് ഉണർത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നോക്കി. കോണിപ്പടി വഴി രക്ഷപ്പെടാൻ സാധ്യമല്ലെന്ന് മനസ്സിലായതോടെ രണ്ടാം നിലയിൽ നിന്ന് പുറത്തേക്ക് ചാടാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടാം നിലയിൽ നിന്ന് ചാടിയ അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. അവിടെ നിന്ന് പിന്നീട് ആരോ കോണി വെച്ച് കൊടുത്ത ശേഷം ഇറങ്ങിയെന്നാണ് അനിൽ കുമാർ പറയുന്നത്. കൂടെയുള്ള നാലുപേർ കൂടി രക്ഷപ്പെട്ടു. പക്ഷേ അപ്പോഴും കൂടെയുള്ള കൂടുതൽ ആളുകളെ വിളിക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടം അനിൽ കുമാർ പങ്കുവെച്ചു. അനിൽ കുമാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 17 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ആളാണ് അനിൽ കുമാർ. ഗാർമെന്റ് സെയിൽസ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
വീഴ്ചയിൽ അനിൽ കുമാറിന്റെ കാലിന് പരിക്കുണ്ട്. ഉപ്പൂറ്റിക്കും കണങ്കലിനും ഗുരുതര പരിക്കേറ്റത്തിനാൽ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചിട്ടുണ്ട്. 23 മലയാളികൾ ഉൾപ്പെടെ 50 പേരാണ് കുവൈത്തിലെ മംഗഫിലുണ്ടായ ദുരന്തത്തിൽ മരിച്ചത്.
അപകടത്തിൽ പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്ന് കമ്പനി പ്രതിനിധി എം.ജിഷാം പറഞ്ഞു. അപകടം പകലായിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തമാകുമായിരുന്നില്ല. ആളുകൾക്ക് ഉണരാനോ ഓടി രക്ഷപ്പെടാനോ അവസരം ലഭിച്ചില്ല.
ആറുനിലക്കെട്ടിടത്തിൽ 24 ഫ്ളാറ്റുകളിലെ 72 മുറികളിലായി 195 പേരാണ് താമസിച്ചിരുന്നത്. നാട്ടിൽ പോയി ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയ തമിഴ്നാട്ടുകാരൻ ഉൾപ്പെടെ ക്യാംപിൽ ഉള്ളവരുടെ എണ്ണം 196 ആയി. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ മാത്രമാണ് ക്യാംപിൽ ഉണ്ടായിരുന്നതെന്നും ജിഷാം പറഞ്ഞു.
കെട്ടിടത്തിൽ പാചകത്തിന് അനുമതിയില്ല. കമ്പനിയുടെ സെൻട്രൽ കിച്ചണിൽനിന്നു ഭക്ഷണം എത്തിച്ചു വിതരണം ചെയ്യുന്നതാണ് രീതി. സെക്യൂരിറ്റി ജീവനക്കാരൻ സ്വന്തം നിലയ്ക്കു പാചകം ചെയ്തിരുന്നോ എന്നതു പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപകടത്തിന്റെ കാരണം സംബന്ധിച്ചു വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു മറ്റൊരു നിഗമനം. ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്നു കുവൈത്ത് അഗ്നിശമന സേന സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഫ്ളാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കിയതായും ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ അവിടെ കുഴഞ്ഞുവീണതായും ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.