ന്യൂഡൽഹി: കുവൈത്തിലെ മൻഗഫിലെ കെട്ടിടസമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരും. കേന്ദ്രസർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് കൊണ്ടുവരിക. ഇതിനായി ഡൽഹിക്ക് സമീപത്തെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ വിമാനം സജ്ജമാക്കിയിട്ടുണ്ട്.

അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചർച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുവൈത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ വിമാനം എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തന്നെ തുടരാനാണ് തീരുമാനം.

അതേസമയം തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് എൻബിടിസി ഗ്രൂപ്പ് അറിയിച്ചു. ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റ കമ്പനിയാണ് എൻബിടിസി. കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു.

'എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നൽകും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് കമ്പനി ഒപ്പമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതർക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്പനി നിർവഹിക്കും. ഉറ്റവരുടെ വേർപാടിൽ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നു. അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്യുന്നുവെന്ന്', കമ്പനി അറിയിച്ചു.

ഈ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്പായിരുന്നു അപകടം നടന്നത്. മലയാളികൾ, തമിഴ്, ഫിലിപ്പിനോ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്പിലുണ്ടായിരുന്നതിൽ ഏറെ പേരും.

ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

24 മലയാളികൾ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചിലധികം പേരും മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.