- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
കൊച്ചി: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഹെർക്കുലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30 ഓടെ വിമാനം കൊച്ചിയിലെത്തും. ഇന്ത്യൻ സമയം പുലർച്ചെ 6 മണിയോടെയാണ് വിമാനം കുവൈത്തിൽ നിന്ന് പറന്നുയർന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിൽ വെച്ചു തന്നെ മുഖ്യമന്ത്രിയും കൂട്ടരും ആദരാജ്ഞലികൾ ർപ്പിക്കും. ഇവിടെ നിന്നും പ്രത്യേകം ആംബുലൻസുകളിലായി വീടുകളിലേക്ക് എത്തിക്കും. അതിനുള്ള സജ്ജീകരണങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടാകുന്നത്. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ 24 പേർ മലയാളികളാണ്.
45 പേരിൽ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുകയെന്നാണ് വിവരം. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം മറ്റിടങ്ങളിലേക്ക് പോകും. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിൽ കൊണ്ടുവരുന്നതെന്ന് നോർക്ക അധികൃതർ അറിയിച്ചു. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയിൽ സ്ഥിര താമസക്കാരനാണ്.
ഇന്നലെ കുവൈത്തിലേക്കു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് കേന്ദ്രാനുമതി കിട്ടാതിരുന്നതിനാൽ അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. അപകടത്തിൽ 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു. നിയമസഭാ സമുച്ചയത്തിൽ 14ന് രാവിലെ 9.30നു നടക്കേണ്ടിയിരുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ടു മൂന്നിലേക്കു മാറ്റിയിട്ടുണ്ട്.
ആറുനില കെട്ടിടത്തിലെ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ടുംകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ഫയർഫോഴ്സ് അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. ഗാർഡ് റൂമിൽ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കുവൈറ്റി പൗരനും, ഒര വിദേശ പൗരനുമാണ് റിമാൻഡിലായത്. നടപടി കൂട്ടമരണങ്ങൾക്ക് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈറ്റിലെ അനധികൃത കെട്ടിടങ്ങൾ ലക്ഷ്യമിട്ട് വിവിധ ഭാഗങ്ങളിൽ പരിശോധന തുടങ്ങി. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദിന്റെ നിർദ്ദേശപ്രകരമാണ് പരിശോധന. കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഫഹദ് വ്യക്തമാക്കി. തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്പാർട്ട്മെന്റുകൾക്കും മുറികൾക്കും ഇടയിലെ പാർട്ടീഷനുകൾക്ക് പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചത് കനത്ത പുകയ്ക്ക് ഇടയാക്കിയെന്ന് കുവൈറ്റ് ഫയർഫോഴ്സ് മേധാവി സയിദ് അൽ മൂസാവി പറഞ്ഞു. പുക നിറഞ്ഞ കോണിപ്പടികൾ വഴി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പലരും ശ്വാസം മുട്ടി മരിച്ചു. റൂഫ് ടോപ്പിലേക്കുള്ള വാതിൽ അടച്ചിരുന്നതും വലിയൊരു രക്ഷാമാർഗ്ഗം ഇല്ലാതാക്കിയെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
മരിച്ച മലയാളികൾ
1. രഞ്ജിത്ത് (34) കാസർകോട് ചെർക്കള
2. കേളു പൊന്മലേരി (58) കാസർകോട് തൃക്കരിപ്പൂർ എളബച്ചി
3. നിതിൻ കുത്തൂർ - കണ്ണൂർ പയ്യന്നൂർ
4. വിശ്വാസ് കൃഷ്ണൻ - കണ്ണൂർ ധർമടം
5. അനീഷ് കുമാർ - കണ്ണൂർ
6. എംപി. ബാഹുലേയൻ (36) -മലപ്പുറം പുലാമന്തോൾ
7. കോതപറമ്പ് കുപ്പന്റെപുരയ്ക്കൽ നൂഹ് (40) മലപ്പുറം തിരൂർ കൂട്ടായി
8. ബിനോയ് തോമസ് (44) തൃശ്ശൂർ ചാവക്കാട് പാലയൂർ
9. സ്റ്റെഫിൻ എബ്രഹാം സാബു (29) കോട്ടയം പാമ്പാടി
10. ഷിബു വർഗീസ് (38) കോട്ടയം പായിപ്പാട്
11. ശ്രീഹരി പ്രദീപ് (27) കോട്ടയം ചങ്ങനാശ്ശേരി
12. ആകാശ് ശശിധരൻ നായർ (31) പത്തനംതിട്ട പന്തളം
13. മാത്യു തോമസ് (54) പത്തനംതിട്ട നിരണം (താമസം ആലപ്പുഴ പണ്ടനാട് )
14. സിബിൻ ടി. എബ്രഹാം (31) പത്തനംതിട്ട കീഴ് വായ്പൂർ നെയ്വേലിപ്പടി
15. തോമസ് ഉമ്മൻ (37) പത്തനംതിട്ട തിരുവല്ല
16. പി.വി. മുരളീധരൻ (68) പത്തനംതിട്ട വള്ളിക്കോട്
17. സജു വർഗീസ് (56) പത്തനംതിട്ട കോന്നി
18. ലൂക്കോസ് (സാബു 48) കൊല്ലം വെളിച്ചിക്കാല
19. ഷമീർ ഉമറുദ്ദീൻ (30) കൊല്ലം ശൂരനാട്
20. സാജൻ ജോർജ് (29) കൊല്ലം പുനലൂർ
21. സുരേഷ് എസ്. പിള്ള - കൊല്ലം
22. അരുൺ ബാബു - തിരുവനന്തപുരം നെടുമങ്ങാട്
23. ശ്രീജേഷ് തങ്കപ്പൻ നായർ - തിരുവനന്തപുരം
24. ഡെന്നി ബേബി (33) -കൊല്ലം (മുംബൈ)