കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും. മരിച്ച മലയാളികളിൽ ഉമറുദ്ദീൻ ഷമീർ ((33) കൊല്ലം ഓയൂർ സ്വദേശിയാണ്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. മരിച്ചവരിൽ കൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന. മരണസംഖ്യ 48 ആയി ഉയർന്നു.

1.ഷിബു വർഗീസ്

2 തോമസ് ജോസഫ്

3.പ്രവീൺ മാധവ് സിങ്

4.ഷമീർ

5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി

6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ

7.കേളു പൊന്മലേരി

8 സ്റ്റീഫിൻ എബ്രഹാം സാബു

9 അനിൽ ഗിരി

10.മുഹമ്മദ് ഷെരീഫ് ഷെരീഫ

11.സാജു വർഗീസ്

12. ദ്വാരികേഷ് പട്ടനായക്

13 മുരളീധരൻ പി.വി

14 വിശ്വാസ് കൃഷ്ണൻ

15 അരുൺ ബാബു

16 സാജൻ ജോർജ്

17 രഞ്ജിത്ത് കുണ്ടടുക്കം

18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ

19.ജീസസ് ഒലിവറോസ് ലോപ്‌സ്

20 ആകാശ് ശശിധരൻ നായർ

21 ഡെന്നി ബേബി കരുണാകരൻ

കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഷെബീർ, രജിത്ത്, അലക്‌സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അനിൽ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കൽ, പിള്ള, റോജൻ മടയിൽ, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാൾ), പ്രവീൺ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കെട്ടിട ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യും

കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും.

ഞെട്ടിക്കുന്ന സംഭവമെന്ന് വിദേശകാര്യ മന്ത്രി

' കുവൈറ്റിൽ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം ഞെട്ടിക്കുന്നത്. നാൽപതിലേറെ പേർ മരിക്കുകയും 50 ലേറെ പേർ പരിക്ക് പറ്റി ആശുപത്രിയിലുമാണ്. അംബാസഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു', വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ ഏംബസി ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്. + 96565505246 .എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു.

അതിനിടെ, കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. തീപിടിത്തത്തിൽ 30 പേർ മരിച്ചതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയവർക്കും പുക ശ്വസിച്ചവർക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്പിൽ താമസിക്കുന്നത്. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.