- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റ് തീപിടിത്ത ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും
തിരുവനന്തപുരം: കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പായ ആറുനില കെട്ടിടത്തിൽ, താഴത്തെ നിലയിൽ പുലർച്ചെ നാലിന് ഉണ്ടായ തീ പടർന്നപ്പോൾ എല്ലാവരും ഉറക്കമായിരുന്നു. ചിലർ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ താഴേക്ക് ചാടിയെങ്കിലും ദുരന്തമായിരുന്നു ഫലം. മരണപ്പെട്ട 22 മലയാളികളെ തിരിച്ചറിഞ്ഞു. അക്കൂട്ടത്തിൽ, തിരുവനന്തപുരം സ്വദേശിക്കും ദാരുണാന്ത്യം സംഭവിച്ചു.
വലിയമല സ്വദേശിയായ അരുൺ ബാബുവാണ് മരിച്ചത്. അരുൺ ബാബുവിന്റെ മരണം എൻബിടിസി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുൺ ബാബു. വിരലടയാളം വച്ചാണ് അരുൺ ബാബുവിനെ തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ബാബു കുവൈത്തിൽ പോയതെന്ന് കുടുംബം പറയുന്നു.
'ഇന്നലെ മുതൽ മകനെ വിളിച്ച് കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം കമ്പനിയിൽ വിളിച്ച് അഅന്വേഷിച്ചിരുന്നു. ഇന്ന് രാവിലെ മകന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. ഇത് സ്ഥിരീകരിച്ച് കമ്പനിയും വീട്ടിലേക്ക് വിളിക്കുകയായിരുന്നു'.-അരുൺ ബാബുവിന്റെ അമ്മ പറഞ്ഞു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും അമ്മ പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും ഉൾപ്പെടുന്നു. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. 'എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നൽകും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് കമ്പനി ഒപ്പമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതർക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്പനി നിർവഹിക്കും. ഉറ്റവരുടെ വേർപാടിൽ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നു. അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്യുന്നുവെന്ന്', കമ്പനി അറിയിച്ചു.
ഈ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്പായിരുന്നു. മലയാളികൾ, തമിഴ്, ഫിലിപ്പിനോ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്പിലുണ്ടായിരുന്നതിൽ ഏറെ പേരും.