- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്ത് തീപിടിത്തം: കണ്ണൂരിലെ യുവാക്കൾക്ക് യാത്രാമൊഴി
കണ്ണൂർ: കുവൈറ്റ് സിറ്റിയിലെ തൊഴിലാളി ക്യാമ്പിൽ, തീപിടിത്തത്തിൽ മരണമടഞ്ഞ കണ്ണൂരിലെ രണ്ടു യുവാക്കൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. വയക്കര സ്വദേശി നിധിൻ കുത്തുരിനും, ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണയ്ക്കുമാണ് അന്ത്യാഞ്ജി അർപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ നെടുമ്പാശേരിയിൽ നിന്ന് എത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. ധർമ്മടം സ്വദേശി വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണ എട്ട് മാസം മുൻപ് കുവൈറ്റിലെ മംഗെഫിൽ ഡ്രാഫ്റ്റ്‌സ് മേനായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിലെന്നപോലെ തൊഴിലിടത്തിലും താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു. തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണിൽ വിളിച്ച് ഏറെ സംസാരിച്ചിരുന്നു.
അഗ്‌നിബാധയെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോൾ വീടിനത് ഇടിത്തീ പോലെയായി. വിശ്വാസ് ദുരന്തത്തിനിരയായെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല. ടി.വി.യിൽ ദുരന്ത വാർത്ത കാണുമ്പോഴും അതിൽ വിശ്വാസ് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. കുവൈത്തിൽ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം നാട്ടിലറിഞ്ഞത്.
നേരത്തെ ബാംഗ്‌ളൂരിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ് പ്രവാസിയായിരുന്ന പിതാവ് കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരിച്ചതിന് ശേഷവും നാട്ടിൽ തന്നെയായി. പിന്നീട് ഗൾഫിൽ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാടുവിട്ടത്. പഠന കാലത്തു തന്നെ ഫുട്ബോൾ, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിരുന്നു ഈ ചെറുപ്പക്കാരൻ.
നാട്ടിൽ ഏത് ചടങ്ങുകളിലും വിശ്വാസ് നിറഞ്ഞ് നിൽക്കും. വലിയ ഒരു സുഹ്യദ് വലയം തന്നെ വിശ്വാസിനുണ്ടായിരുന്നു.അണ്ടല്ലൂർ ഉത്സവക്കാലം തുടങ്ങിയാൽ പിന്നെ വിശ്വാസിയായ ഈ ചെറുപ്പക്കാരൻ വ്രതം നോറ്റ് അവിടെ തന്നെയായിരിക്കും. നാട്ടിലെ ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ദേശത്തെയാകെ കണ്ണീരിലാഴ്‌ത്തി. ഭാര്യ പൂജ കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയാണ്.
കെ. സുധാകരൻ എംപി , എം എൽ എ മാരായ കെ.കെ ശൈലജ, കെ.പി മോഹനൻകണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ .വിജയൻ, വിവിധ കക്ഷി നേതാക്കൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു. നിഥിൻ കുത്തൂരിന്റെ ഭൗതിക ശരീരത്തിൽ ടി.ഐ മധുസുദനൻ എംഎൽഎ , എം.വിജിൻ എം എൽ എ വിവിധ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ അന്തിമോപചാരമർപ്പിച്ചു.