ഇരിക്കൂർ: രണ്ടരപതിറ്റാണ്ടിനു ശേഷം ശ്രീനിവാസൻ എഴുതിയ സന്ദേശം സിനിമയിലെ രാഷ്ട്രീയ കേരളത്തെ നാണം കെടുത്തിയ രംഗങ്ങൾ കണ്ണൂർ ജില്ലയിൽ ആവർത്തിച്ചു. പാർട്ടികൾ തമ്മിൽ മരിച്ചയാളുടെ മൃതദേഹം തങ്ങളുടെതാണെന്ന് വരുത്തി തീർക്കാൻ മരണ വീട്ടിൽ കൂട്ടയടി നടത്തിയ സംഭവമാണ് സന്ദേശത്തിലെ ഇതിനുസമാനമായ സീനുമായി ചേർത്തുവെച്ചു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

സിപിഎം - ബിജെപി പ്രവർത്തകരാണ് ഇരിക്കൂർ പൊലിസ് സ്റ്റേഷൻ പരിധിയി കുയിലൂരിൽ ഏറ്റുമുട്ടിയത്. സംഭവം രാഷ്ട്രീയ വിവാദമായി വളർന്നതിനെ തുടർന്ന് തിങ്കളാഴ്‌ച്ച വൈകുന്നേരം നാല് മണിക്ക് ഇരിക്കൂർ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ സർവകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലക്കാരനായ ശ്രീനിവാസൻ തിരക്കഥ എഴുതിയ സന്ദേശം സിനിമയ്ക്ക് സമാനമായ സംഭവങ്ങൾ ഇരിക്കൂറിലെ കുയിലൂരിലാണ് ഞായറാഴ്‌ച്ച വൈകുന്നേരം മുതൽ അരങ്ങേറിയത്. കണ്ണൂരിന്റെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ ഇരുവിഭാഗം പ്രവർത്തകർ മരണവീട്ടിൽ ഏറ്റുമുട്ടുന്നത്. മരണമടഞ്ഞ യുവാവ് മുൻ ബിജെപി പ്രവർത്തകനും കുയിലൂർ മുൻ ബൂത്ത് ഭാരവാഹിയുമാണ്. എന്നാൽ ഇയാളുടെ കുടുംബാംഗങ്ങൾ സി.പി. എം,കോൺഗ്രസ് അനുഭാവികളുമാണ്.

ഇതാണ് മൃതദേഹത്തെ ചൊല്ലിയുള്ള തർക്കമുണ്ടാകാൻ കാരണമായത്. മരണവീട്ടിൽ നടന്ന പിടിവലിക്കിടെയിൽ മൃതദേഹം ഒരു വിഭാഗത്തിന്റെ അധീനതയിലായപ്പോൾ മറുവിഭാഗം ശ്മശാനത്തിൽ സംസ്‌കരിക്കാനെത്തിയപ്പോൾ വിറകുകൊള്ളികളുമായി അക്രമിക്കായി പിൻതുടർന്നെത്തുകയായിരുന്നു. സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ നാലു പൊലിസ്സ്റ്റേഷനുകളിലെ മുപ്പതോളം പൊലിസുകാരുടെ വൻസന്നാഹമൊരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.

മൃതദേഹത്തെ ചൊല്ലിയുള്ള തർക്കം കുടുംബത്തിന് തീരാവേദനയും കണ്ണൂർ ജില്ലയ്ക്ക് അപമാനകരവുമായി മാറിയെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനെ തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ ഇരിക്കൂർ പൊലിസ് സർവകക്ഷി സമാധാന യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ഞായറാഴ്‌ച്ചയാണ് കുയിലൂരിലെ ഓട്ടോ ടാക്സി ഡ്രൈവർ ചന്ത്രോത്ത് വീട്ടിൽ എൻ.വി പ്രജിത്ത്(40 ) മരണമടഞ്ഞത്. പോസ്റ്റു മോർട്ടത്തിന് ശേഷം മൃതദേഹം അന്നേ ദിവസം വൈകുന്നേരം മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പ്രജിത്തിന്റെ സഹോദരൻ തിരുവനന്തപുരത്തു നിന്നും വരുന്നതിനാൽ വൈകിട്ട് ഏഴുമണിവരെവീട്ടിൽ പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു. ഇതിനിടെയിലാണ് ബിജെപി പ്രവർത്തകർ ശാന്തിമന്ത്രം മുഴക്കിയത് സി.പി. എം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

ബിജെപി പ്രവർത്തകർ ശാന്തി മന്ത്രം ചൊല്ലാൻ കൈയിൽ പൂക്കളുമായി നിന്നതോടെ ഇതിനിടെയിൽ സി.പി. എംപ്രവർത്തകർ മൃതദേഹം സംസ്‌കരിക്കാനെടുക്കുകയായിരുന്നു. ഇതോടെ മൃതദേഹം കരസ്ഥമാക്കാനായി പിടിവലി തുടങ്ങുകയായിരുന്നു. മൃതദേഹം ബലപ്രയോഗത്തിലൂടെ കരസഥമാക്കിയ ഒരു വിഭാഗം ശ്മശാനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനു പിന്നാലെ വിറകുകൊള്ളികളും മറ്റുമായി മറ്റേ വിഭാഗം പിൻതുടരുകയായിരുന്നു.

ഇതിനിടെയിൽ ഉന്തും തള്ളൂം കൂട്ടയടിയും നടന്നു. ഇതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട ഇരിക്കൂർ എസ്. ഐ ദിനേശൻ കൊതേരി എല്ലാവരെയും അവിടുന്ന് ബലപ്രയോഗത്തിലൂടെ മാറ്റി സംസ്‌കാര ചടങ്ങുകൾ നടത്തുന്ന ഐവർ മഠം ജീവനക്കാരെയും ബന്ധുക്കളെയും മാത്രം അവിടെ നിർത്തി രാത്രി പത്തുമണിയോടെ സംസ്‌കരിക്കുകയായിരുന്നു. ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂർ ഉളിക്കൽ പൊലിസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹംസംസ്‌കരിച്ചത്.ഓട്ടോറിക്ഷ തൊഴിലാളിയായ എൻ.വി പ്രജിത്തിനെ ഞായറാഴ്‌ച്ച രാവിലെ പത്തുമണിക്കാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോടാക്സി തൊഴിലാളിയായ പ്രജിത്ത് നേരത്തെ സജീവ ബിജെപി പ്രവർത്തകനായിരുന്നു.

പരിയാരത്തെ കണ്ണൂർ മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി സ്വദേശമായ ഇരിക്കൂർ കുയിലൂരിലേക്ക് കൊണ്ടുവന്നത്. സി.പി. എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഹിന്ദുവീടുകളിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾ പോലും ഹൈന്ദവാചാര പ്രകാരം നടത്താൻ സമ്മതിക്കാത്ത സമീപനമാണ് നടപ്പിലാക്കുന്നതെന്ന് ബിജെപി പടിയൂർ കല്യാട് പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ ആരോപിച്ചു.

നേരത്തെ തോട്ടടയിൽ വിവാഹവീടിനു നേരെയുണ്ടായ ബോംബെറിൽ ഏച്ചൂർസ്വദേശിയായ യുവാവ്മരണമടഞ്ഞിരുന്നു. ഇതിനു ശേഷമാണ് നാടിന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം കൂടി കണ്ണൂർജില്ലയിൽ അരങ്ങേറുന്നത്്.ബിജെപി പ്രവർത്തകർ പ്രജിത്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്നതിനിടെ സി.പി. എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൃതദേഹം ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ടു പോയെന്നാണ് ബി.ജെ. പി പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. സി.പി. എം, ബിജെപി പാർട്ടികൾക്ക് സ്വാധീനമുള്ള പ്രദേശമാണ് കുയിലൂർ.