തിരുവനന്തപുരം: കെവി തോമസിന് പിണറായി സർക്കാർ വക പദവി. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയായി കെവി തോമസിനെ നിയമിച്ചു. കാബിനറ്റ് റാങ്കിലാണ് നിയമനം. നേരത്തെ മുൻ എംപി സമ്പത്തിനെ ഈ പദവിയിൽ നിയമിച്ച ചരിത്രം ഒന്നാം പിണറായി സർക്കാരിനുണ്ട്. ഇതേ മാതൃകയിലാണ് കോൺഗ്രസിനെ തള്ളി പറഞ്ഞ് സിപിഎമ്മിനോട് അടുത്ത കെവി തോമസിനും പദവി കിട്ടുന്നത്. ഇതോടെ കെവി തോമസിന് തട്ടകം ഡൽഹിയിലേക്ക് മാറ്റാം. തോമസിന്റെ നിയമനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പാർട്ടി വരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ്. കൂടുതൽ കോൺഗ്രസ് നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മുമായി അടുപ്പിക്കാൻ നീക്കമുണ്ട്. ഇതിന്റെ ഭാഗമാണ് തോമസിനുള്ള പദവിയെന്നും വിലയിരുത്തലുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനും കേരളത്തിലെ സിപിഎം സർക്കാരിനും ഇടയിലെ പാലമാകും ഇനി തോമസ് മാഷ്.

കോൺഗ്രസ് വാർഡ് പ്രസിഡന്റ് തൊട്ട്, എംഎൽഎയും എംപിയും സംസ്ഥാനമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി കഴിഞ്ഞ അരനൂറ്റാണ്ടായി, അദ്ദേഹം അധികാരത്തിന്റെ കണ്ണായ സ്ഥാനങ്ങളിൽ നിറഞ്ഞ് നിൽക്കയായിരുന്നു. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടികോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രൊഫ. കെ വി തോമസിനെ പാർട്ടി വിലക്കിയിരുന്നു. പക്ഷേ പങ്കെടുത്തു. ്അങ്ങനെയാണ് പുറത്തായത്. ഒരു മത്സ്യഗ്രാമമായ എറണാകുളത്തെ കുമ്പളങ്ങിയിൽ ജനിച്ച് ഇന്ത്യ അറിയുന്ന നേതാവായി മാറിയതിന്റെ നാൾ വഴികളിലൂടെയുള്ള കെ.വി.തോമസ് തന്നെ തന്റെ വിവിധ പുസ്തകങ്ങളിലൂടെ എഴുതിയിട്ടുണ്ട്. കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മെയ് പത്തിനാണ് അദ്ദേഹം ജനിക്കുന്നത്. തേവര എസ്.എച്ച് കോളേജിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 33 വർഷം തേവര കോളേജിൽ അദ്ധ്യാപകനായിരുന്നു. കെമിസ്ട്രി വിഭാഗത്തിൽ 20 വർഷം പ്രൊഫസർ ആയിരുന്ന തോമസ് മാസ്റ്റർ വകുപ്പ് വിഭാഗം മേധാവിയായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്.

1970ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ്, 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിന്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കോളജിൽ പഠിക്കുമ്പോൾ തന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് അദ്ദേഹം പഠന ചെലവ് കണ്ടെത്തിയത്. അങ്ങനെതുള്ള ഒരു ട്യൂഷനാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് കേരള രാഷ്ട്രീയത്തിലെ അതി ശക്തനായ ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ പഠിപ്പിക്കാൻ കെ കരുണാകരന്റെ വീട്ടിലെത്തിയതോടെയാണ് കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം മാറുന്നത്. തുടർന്ന് കരുണാകരന്റെ തണലിൽ അയിരുന്നു അദ്ദേഹത്തിന്റെ വളർച്ച.

1977 മുതൽ കെപിസിസി അംഗമാണ്. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിങ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 മുതൽ എ.ഐ.സി.സി അംഗമായിരുന്നു്. 1984ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് സിറ്റിംങ്ങ് എംപിയെയും നിരവധി സീനിയർ നേതാക്കളെ വെട്ടിമാറ്റിക്കൊണ്ട് തോമസ് മാഷിന് സീറ്റ് ലഭിച്ചതിന് പിന്നിലും കരുണാകരൻ ആയിരുന്നു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്‌സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡന്റായിരുന്നു. 1992 മുതൽ 1997 വരെ കെപിസിസി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു. 1996ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി.

2001ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006ൽ എറണാകുളത്ത് നിന്ന് വീണ്ടും എംഎൽഎ ആയി. 2001-2004 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2009ൽ എംഎൽഎ ആയിരിക്കെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ വീണ്ടും പാർലമെന്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014ൽ നടന്ന പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ നോക്കുമ്പോൾ, ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട എല്ലാ സ്ഥാനങ്ങളും ലഭിച്ചയാളാണ്, കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്ന ഈ നേതാവിന് കിട്ടിയത്.

തന്നെ വളർച്ചയിൽ സഹായിച്ച നേതാക്കളെ മറക്കാൻ കെവി തോമസ് തയ്യാറായിരുന്നില്ല. എഴുത്തുകാരൻ എന്ന പേരു കൂടി സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾ നേതാക്കളെയും നാടിനെയും അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു. എന്റെ ലീഡർ, കുമ്പളങ്ങി വർണ്ണങ്ങൾ, എന്റെ കുമ്പളങ്ങി, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്‌ളാഷ് എന്നിവയായിരുന്നു ഇവ. പക്ഷേ ഈ കഥകളിൽ ഒന്നും എഴുതാത്ത ഒരു ഡൽഹി കഥ നാട്ടുകാർ പറഞ്ഞു നടക്കുന്നുണ്ട്.

കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീൻ നൽകിയാണ് തോമസ് മാഷ് നേതാക്കളുടെ മനം കവർന്നതെന്നാണ് ഡൽഹി കഥകൾ. ആദ്യം കെ കരുണാകരനെനും പിന്നീട് സോണിയാ ഗാന്ധിക്കും 'തിരുത മീൻ' നൽകിയാണ് കെവി തോമസ് അടുപ്പക്കാരനായതെന്നാണ് ട്രോൾ. ഇതോടൊപ്പം റോമിലെ ചില ബന്ധങ്ങളും തുണയായി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിറകെ സീറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ വാർത്താ പ്രാധാന്യം നേടിയ പേരാണ് പ്രൊഫ. കെ വി തോമസിന്റെത്. എറണാകുളത്ത് സിറ്റിങ്ങ് എംപിയായിരുന്ന അദ്ദേഹത്തെ മറികടന്ന് എംഎൽഎയും യുവ നേതാവുമായ ഹൈബി ഈഡനെയാണ് പാർട്ടി പരിഗണിച്ചത്. അതോടെ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ കെ വി തോമസ് വെളിപ്പെടുത്തിയത് കോൺഗ്രസ് രാഷ്ട്രീയത്തെ കുറച്ചു മണിക്കൂറുകളെങ്കിലും പ്രക്ഷുബ്ദമാക്കി. പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയമിതനായി. പിന്നീട് ഈ സ്ഥാനവും പോയി. പിന്നാലെയാണ് സിപിഎമ്മിൽ എത്തിയത്.