തിരുവനന്തപുരം: ഡൽഹിയിൽ കെവി തോമസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിയിൽ കേരള സർക്കാരിനുവേണ്ടി 156 ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നു സർക്കാർ. കെ.വി.തോമസിനെ ഡൽഹിയിലെ സർക്കാർ പ്രതിനിധിയായി കാബിനറ്റ് പദവിയിൽ നിയമിച്ച സാഹചര്യത്തിൽ എ.പി.അനിൽകുമാർ നിയമസഭയിലുന്നയിച്ച ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. കെവി തോമസിന്റെ നിയമനം അനാവശ്യമാണെന്ന ചർച്ച സജീവമാക്കുന്നതാണ് മറുപടിയും.

ഇതിനു പുറമേയാണ് ഡൽഹിയിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിൽ വേണു രാജാമണിയെയും സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കെ.വി.തോമസിനെയും നിയമിച്ചിരിക്കുന്നത്. വേണു രാജാമണിയുടെ ശമ്പളവും ചെലവുകളും വഹിക്കുന്നതു നോർക്ക സെൽ ആണെന്നും മുഖ്യമന്ത്രി മറുപടി നൽകി. തോമസിന് ഹോണറേറിയം ആണ് നൽകുക. പെൻഷനും ഹോണറേറിയവും ഒരുമിച്ച് വാങ്ങാനാണ് ഇത്. ഈ ഫയലിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണ് പുതിയ വിവരങ്ങൾ.

കേരളാ ഹൗസിലെ കൺട്രോളറുടെ കാര്യാലയത്തിൽ മാത്രം 111 ജീവനക്കാരുണ്ട്. ഇതിൽ ആറുപേർ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. റസിഡന്റ് കമ്മിഷണറുടെ കാര്യാലയത്തിൽ അഞ്ചു വിഭാഗങ്ങളിലായി 35 പേർ ജോലി ചെയ്യുന്നു. ഇതിൽ 3 പേർ കമ്മിഷണറുടെ പഴ്‌സനൽ സ്റ്റാഫ് ആയും ഏഴു പേർ ഓഫിസ് സ്റ്റാഫ് ആയും പ്രവർത്തിക്കുന്നു. റസിഡന്റ് കമ്മിഷണർക്കു കീഴിൽ പൊതുമരാമത്തു വിഭാഗത്തിൽ നാലും ലെയ്‌സൺ വിഭാഗത്തിൽ പന്ത്രണ്ടും നിയമവിഭാഗത്തിൽ ഒൻപതും ജീവനക്കാരുണ്ട്. നേരത്തെ റസിഡന്റ് കമ്മിഷണറാണ് ഏകോപനമെല്ലാം നോക്കിയിരുന്നത്. ഇതിന്റെ ആവശ്യമേ ഉള്ളൂവെന്നതാണ് വസ്തുത.

ഇതുകൂടാതെ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ ഇൻഫർമേഷൻ ഓഫിസർ ഉൾപ്പെടെ 6 പേരും ടൂറിസം വകുപ്പിനു കീഴിൽ ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ നാലുപേരും ഡൽഹിയിൽ ജോലി ചെയ്യുന്നു. ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ നിയമനങ്ങളും. നാട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും ചീത്തവിളി കേട്ടു മടുത്തു ധനമന്ത്രി കെ എൻ ബാലഗോപാൽ യു.ഡി.എഫിന്റെ രാപകൽ സമരം കഴിയട്ടെ, എന്നിട്ട് മതി കെ.വി.തോമസിന്റെ ഓണറേറിയം ഫയൽ പരിഗണിക്കുന്നത് എന്ന തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ തീരുമാനം ഉടൻ വരും.

ധനകാര്യ മന്ത്രി ബാലഗോപാലിന്റെ ഉഗ്രശാസനം കേട്ട് ഞെട്ടിയവരിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുമുണ്ട്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയൽ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് മടക്കി നൽകി വിശ്വനാഥ് സിൻഹ. ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ കയ്യിൽ ഭദ്രമായിരിക്കയാണ് ഇപ്പോൾ. ഇത് സംബന്ധിച്ച ഇ- ഫയൽ രേഖയുടെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചിരുന്നു.

ശമ്പളം വേണ്ട, ഓണറേറിയം മതി എന്ന കെ.വി. തോമസിന്റെ കത്ത് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി 3 ന് തന്നെ കെ.വി. തോമസിന്റെ ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ നീങ്ങാൻ തുടങ്ങി. ധന എക്സ് പെൻഡച്ചർ വിംഗിൽ നിന്ന് ഓണറേറിയം ഫയൽ ഈ മാസം 4 ന് എക്സ് പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് നൽകി. സജ്ഞയ് കൗൾ ഫയൽ പരിശോധിച്ചതിന് ശേഷം വിശ്വനാഥ് സിൻഹക്ക് ഫെബ്രുവരി 9 ന് നൽകി. തുടർന്നാണ് തനിക്ക് ഉടനെ ഫയൽ അയക്കണ്ട മന്ത്രി ബാലഗോപാലിന്റെ നിർദ്ദേശം വന്നത്. അതോടെയാണ് ഓണറേറിയം ഫയൽ ധനവകുപ്പിൽ കുരുങ്ങിയത്.

ജനുവരി 23 നായിരുന്നു ശമ്പളം വേണ്ട, ഓണറേറിയം മതി എന്ന കത്ത് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് നൽകിയത്. പൊളിറ്റിക്കൽ വകുപ്പ് ഉടനടി കത്ത് ധനമന്ത്രി ബാലഗോപാലിന് കൈമാറി. ജനുവരി 31 മുതൽ ബാലഗോപാലിന്റെ കയ്യിലാണ് ഈ കത്ത് എന്നാണ് ഇ-ഫയൽ രേഖ. മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ച ശേഷമാകും ഓണറേറിയം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. കെ വി തോമസിന് ഓണറേറിയമാണ് നൽകുക എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നാൽ എത്രായാണ് ഓണറേറിയം എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ഈ തുക എന്തായാലും ഉയർന്നതു തന്നെയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കെ വി തോമസ് ശമ്പളം വേണ്ടെന്ന് പറഞ്ഞ് ഓണറേറിയം വാങ്ങാൻ തീരുമാനിച്ചതിലും ഗുട്ടൻസുണ്ട്. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതു വേണ്ട. കഴിഞ്ഞ മാസമായിരുന്നു ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കെവി തോമസ് സംസ്ഥാന സർക്കാരിന് കത്തയച്ചത്. നിരക്ക് കുറവുള്ള ക്ലാസുകളിൽ വിമാനയാത്ര മതിയെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കെവി തോമസിന് ശമ്പളത്തിന് പകരം ഓണറേറിയം നൽകിയാൽ അദ്ദേഹത്തിന് പെൻഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാൻ അർഹതയുണ്ടാകും. ഇവിടെയാണ് കെ വി തോമസ് ഓണറേറിയം മതിയെന്ന് പറഞ്ഞതിലെ ഗുട്ടൻസ് പിടികിട്ടുക.

ജനുവരി 18 ന് ചേർന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം