- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷക രംഗത്ത് നിന്നും നേരിട്ട് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക്; മുതിർന്ന മലയാളി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വെള്ളിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും; ആന്ധ്രാ ഹൈക്കോടതി ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയുടെ സത്യപ്രതിജ്ഞയും നാളെ
ന്യൂഡൽഹി: അഭിഭാഷക രംഗത്ത് നിന്ന് നേരിട്ട് സുപ്രീംകോടതിയിൽ ജഡ്ജിയാകുക എന്ന അപൂർവ നേട്ടത്തിലേക്ക് മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ. മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. രാവിലെ 10.30 ന് സത്യപ്രതിജ്ഞ നടക്കും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം മൂന്ന് ദിവസത്തിനുള്ളിലാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്.
പാലക്കാട് കൽപാത്തി സ്വദേശിയാണ് അഡ്വ. കെ.വി വിശ്വനാഥൻ. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയും നാളെ സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാർശ നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ചേർന്ന കൊളീജിയമാണ് ഇരുവരെയും സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തത്.
32 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജീയം ശുപാർശ കേന്ദ്രം അംഗീകരിച്ചതോടെ 2030 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥൻ എത്താൻ സാധ്യതയേറി.
2030 ഓഗസ്റ്റ് പതിനൊന്നിന് ജസ്റ്റിസ് ജെ.ബി. പർഡിവാല ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കെ.വി. വിശ്വനാഥന് ഒമ്പത് മാസം രാജ്യത്തിന്റെ പരമോന്നത കോടതിയിലെ അധിപനാകാൻ സാധിച്ചേക്കും.
പാലക്കാട് കൽപാത്തി സ്വദേശിയായ കെ.വി. വിശ്വനാഥൻ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. 1988ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ എന്റോൾ ചെയ്തു. രണ്ട് ദശാബ്ദക്കാലം സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. 2009ൽ സീനിയർ അഭിഭാഷകനായി. ഭരണഘടന വിഷയങ്ങൾ, ക്രിമിനൽ നടപടികൾ, വാണിജ്യ വ്യവഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കേസുകളിൽ പ്രാഗത്ഭ്യം തെളിയിച്ചു. അടുത്തിടെ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഹാജരായിരുന്നു.
1966 മെയ് 16ന് ജനിച്ച വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായാൽ 2031 മെയ് 25 വരെയായിരിക്കും പദവിയിൽ തുടരാനാകുക. 2030 ഓഗസ്റ്റ് 11ന് ജസ്റ്റിസ് ജെ ബി പർദിവാല വിരമിക്കുമ്പോൾ 2031 മെയ് 25 വരെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്താനുള്ള സാധ്യത വിശ്വനാഥന് മുന്നിലുണ്ട്. 34 ജഡ്ജിമാരുടെ അംഗബലമുള്ള സുപ്രീം കോടതിയിൽ നിലവിൽ 32 ജഡ്ജിമാരാണുള്ളത്. ജൂലായ് രണ്ടാം വാരത്തോടെ നാല് ഒഴിവുകൾ കൂടിയുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ