- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിലേക്ക് പോകുമ്പോൾ ആകെ കൈയിൽ ഉണ്ടാവുക വാക്കത്തി മാത്രം; നേരിടേണ്ടത് വന്യമൃഗങ്ങളെ മാത്രമല്ല മാവോയിസ്റ്റുകളെയും; കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ നിരായുധരായ താൽക്കാലിക വാച്ചർമാർ ഭീതിയിൽ
കണ്ണൂർ: മാവോയിസ്റ്റുകൾ അംഗബലം കൂട്ടുമ്പോൾ ആൾബലവും, ആയുധങ്ങളുമില്ലാതെ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ പ്രതിസന്ധി നേരിടുന്നു. മാവോയിസ്റ്റ് വേട്ടയ്ക്കായി കേന്ദ്രസർക്കാർ കോടികൾ നൽകുന്നുണ്ടെങ്കിലും അതിലൊരുഭാഗവും വനംവകുപ്പിന് ലഭിക്കുന്നില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ മാവോയിസ്റ്റുകളും വന്യമൃഗങ്ങളും വിഹരിക്കുന്ന കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ ഉൾവനത്തിലേക്ക് യാതൊരുസുരക്ഷയും ഒരുക്കാതെ താത്കാലിക വാച്ചർമാരെ വിടുന്ന സാഹചര്യമാണുള്ളത്.
ഇവരെ തനിച്ചുവിട്ടതിനെതിരെ ബന്ധുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വനംവകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നാണ് ഇവർ പറയുന്നത്. വനംവകുപ്പ് താത്കാലിക വാച്ചർമാരായ സിജോ, എബിൻ, ബോബസ് എന്നിവർക്ക് നേരേയാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ഏഴുറൗണ്ട് വെടിവച്ചത്. ഈ സംഭവം തങ്ങളെ ഏറെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് എബിന്റെ അടുത്ത ബന്ധുവായ കൊടങ്ങാട്ട് ചന്ദ്രൻ പ്രതികരിച്ചത്.
വന്യജീവിസങ്കേതത്തിനുള്ളിലേക്ക് പോകുമ്പോൾ ഒരു വാക്കത്തി മാത്രമാണ് ഉണ്ടാകുകയെന്ന് വാച്ചർമാർ പറയുന്നത്. അതും സ്വന്തം നിലയ്ക്ക് കരുതണം. കടുവയും പുലിയുമുള്ള ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ സാഹസികമായി ജോലി ചെയ്യേണ്ട് സ്ഥിതിയാണ് താത്കാലിക വാച്ചർമാർക്ക്. ഇതിന് പുറമെയാണ് മാവോയിസ്റ്റ്ഭീഷണിയും.
ഇതിനിടെ, വനംവകുപ്പിൽ താത്കാലിക വാച്ചർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി.) ജില്ലാ പ്രസിഡന്റ് കെ.ടി. ജോസ് ആവശ്യപ്പെട്ടു. യാതൊരു സുരക്ഷയും ഇല്ലാതെയാണ് വാച്ചർമാർ ജോലി ചെയ്യുന്നത്. ഇവർക്ക് കൃത്യമായി കൂലി പോലും ലഭിക്കുന്നില്ല. ഇവരുടെ കൂടെ പോകാനോ സംരക്ഷണം നൽകാനോ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ജീവൻ പണയം വെച്ചു ജോലി ചെയ്യുന്ന ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയുമില്ലെന്നും കെ.ടി ജോസ് പറഞ്ഞു. മാവോയിസ്റ്റുകളുടെ വെടിവെയ്പിൽ നിന്ന് കഷ്ടിച്ച രക്ഷപെട്ട വാച്ചർമാരുടെ കൂടെ വനംവകവിലെ ഒരു ഉദ്യോഗസ്ഥൻപോലും ഉണ്ടായിരുന്നില്ലെന്നും ജോസ് പ്രസ്താവനയിൽ ആരോപിച്ചു.
മലയോര മേഖലയിലെ ദളിത്, ആദിവാസി യുവാക്കളെയാണ് ഫോറസ്റ്റ് വാച്ചർമാരായി നിയമിക്കുന്നത്. കാടിനെ നന്നായി അറിയാമെങ്കിലും മാവോയിസ്റ്റ് ഭീഷണിക്കു മുൻപിൽ ഇവരും പകച്ചു നിൽക്കുകയാണ്. അംഗബലവും ആയുധവും നല്ല വാഹനവുമില്ലാതെ വനമേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനാവാതെ വെള്ളം കുടിക്കുകയാണ് വനപാലകർ.
മാവോയിസ്റ്റ് സാന്ന്യമുള്ള ആറളം കൊട്ടിയൂർ വനമേഖലയിൽ പൊലിസും മാവോയിസ്റ്റ് വിരുദ്ധ ഗ്രൂപ്പും ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഇതിനുശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ രാമച്ചിയിലെത്തിയിരുന്നു. ഡ്രോൺ ഉൾപ്പെടെയുള്ള അത്യാധൂനിക ഉപകരണങ്ങളുമായുള്ള തെരച്ചിലിനാണ് ആൻഡി നകസ്ല് സ്ക്വാഡും തണ്ടർബോൾട്ടും ഒരുങ്ങുന്നത്.
വനമേഖലയിൽ മാവോയിസ്റ്റുകൾ ക്യാംപ്് ചെയ്യുന്ന സ്ഥലം മാർക്ക് ചെയ്യാനാണ് ഇവരുടെ നീക്കം. എന്നാൽ നിബിഡമായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമായ കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ ഇതു എത്രമാത്രം പ്രയോഗികമാണെന്നു ഇതുവരെ തെളിഞ്ഞിട്ടില്ല. ഇത്തരം ഡ്രോണുകൾ വെടിവച്ചിടാൻ പോലും സാധ്യതയുണ്ടെന്ന നിഗമനമുണ്ട്.
അയ്യൻകുന്ന്, ആറളം,കൊട്ടിയൂർ വനമേഖലകളിൽ ആയുധധാരികളായ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുണ്ടെങ്കിലും വെടിയുതിർക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസം കേളകം രാമച്ചിയിലെത്തിയ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ്വനംവകുപ്പ് വാച്ചർമാർക്കെതിരെ വെടിവച്ചതെന്നാണ് പൊലിസിന്റെ നിഗമനം. ആറളം വനമേഖലയിലെ ചാവച്ചിയിൽ നിന്നാണ് ഏഴുറൗണ്ട് വെടി വനപാലകർക്കെതിരെ ഉതിർത്തത്.
സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് വെടിയുതിർത്തതെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തണ്ടർബോൾട്ടാണെന്ന സംശയത്താലാണ് മാവോയിസ്റ്റുകൾ രക്ഷപ്പെടുന്നതിനായി നിറയൊഴിച്ചത്. ഇവർക്കെതിരെ യു. എ.പി. എ ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർറെയ്ഞ്ച് ഡി. ഐ.ജി തോംസൺ ജോസ് ഉൾപ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. വനപാലകർക്കെതിരെ വെടിവെച്ച മാവോയിസ്റ്റുകൾക്കെതിരെ യു. എ.പി. എ ചുമത്തി കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്