കണ്ണൂർ: ബസ് തൊഴിലാളികളുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന സ്വകാര്യബസ് മേഖലയെ രക്ഷിക്കാൻ ചുറുചുറുക്കുള്ള യുവതികളും ഇറങ്ങി തുടങ്ങി. കണ്ണൂർ ജില്ലയിൽ നിന്നും കോഴിക്കോട്ടെക്ക് സർവീസ് നടത്തുന്ന ബസിലെ വനിതാ ഡ്രൈവർ ഇപ്പോൾ സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്.

വടകര മേപ്പയൂർ സ്വദേശിനി പി. എം അനുഗ്രഹയാണ് തിരക്കേറിയ കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ. എൽ 13 എ ഡബ്ള്യൂ 5600 ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ സധൈര്യം സാരഥിയാവുന്നത്. ഡ്രൈവറുടെ സീറ്റിൽ യുവതി എത്തിയത് യാത്രക്കാർക്കും കൗതുകമായി. കഴിഞ്ഞ രണ്ടു ദിവസമായി അനുഗ്രഹതന്നെയാണ് സാഗരയുടെ സാരഥി.

കണ്ണൂരിൽ നിന്നും രണ്ടു ട്രിപ്പുകളാണ് ഈ ബസിന് കോഴിക്കോട്ടെക്കുള്ളത്. രാവിലെ 6.10ന് കണ്ണൂരിൽ നിന്നും കോഴിക്കോട്ടെക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15ന് കണ്ണൂരിൽ തിരിച്ചെത്തും. തനിക്ക് ദീർഘദൂരബസ് ഓടിക്കുന്നത് പ്രശ്നമല്ലെന്നാണ് അനുഗ്രഹ പറയുന്നത്. കുട്ടിക്കാലം മുതൽക്കെ ഡ്രൈവറാകാനായിരുന്നു ആഗ്രഹം. നാട്ടിലെ ബസുകളോടിക്കുന്ന ഡ്രൈവർമാരായിരുന്നു മനസിലെ ഹീറോകൾ. ഇതോടെയാണ് പഠനം കഴിഞ്ഞു ഡ്രൈവറുടെ റൂട്ടിലേക്ക് സഞ്ചരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ജൂണിൽ വടകരയിൽ ഒരു ലോക്കൽ ബസിൽ ജോലി ചെയ്തതോടെ ആത്മവിശ്വാസമായി. ഇതോടെയാണ് ബസുകൾ പറപ്പിച്ചു വിടുന്ന കോഴിക്കോട് ദേശീയപാത റൂട്ടിൽ ഒരു കൈനോക്കാമെന്നു വിചാരിച്ചത്. ജീവൻ പണയം വെച്ചുള്ള പണിയാണെങ്കിലും തനിക്ക് അശേഷം ഭയമില്ലെന്നാണ് അനുഗ്രഹ പറയുന്നത്. ഈ ചങ്കുറപ്പു കണ്ടിട്ടാണ് അരോളിയിലെ ഉണ്ണി അനുഗ്രഹയെ സാഗരയുടെ വളയം പിടിക്കാൻ ക്ഷണിച്ചത്.

ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് അനുഗ്രഹയുടെ പ്രയാണം. വനിതാ ഡ്രൈവറായതിനാൽ ഒരു സുരക്ഷിതത്വബോധവും യാത്രക്കാരുടെ മുഖത്തുണ്ട്. അനുഗ്രഹയെ പോലെയുള്ളവർ ഈ തൊഴിൽ രംഗത്തേക്കു വരികയാണെങ്കിൽ തൊഴിലാളികളെ കിട്ടാത്ത തങ്ങൾക്ക് ആശ്വാസകരമാകുമെന്നാണ് ബസ് ഉടമകൾ. അനുഗ്രഹയുടെ വിജയം ഇതിന് ഒരുതുടക്കമാകട്ടെയെന്നും ഇവർ ആഗ്രഹിക്കുന്നു.