പത്തനംതിട്ട: വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഗീത ജോലിയ്ക്കിടെ കുഴഞ്ഞു വീണു. മേലുദ്യോഗസ്ഥയുടെ മാനസിക സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് കുഴഞ്ഞു വീണതെന്ന് ഗീതയുടെ മൊഴി. ഇന്ന് വൈകിട്ടാണ് സംഭവം. വനിതാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.ആര്‍. ഷെമിമോള്‍ തുടര്‍ച്ചയായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവിടെ നിന്നും സ്ഥലം മാറ്റം വേണമെന്നും ആവശ്യപ്പെട്ട് ഗീത എസ്.പിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ പേരിലും പീഡനം തുടര്‍ന്നുവെന്ന് പറയുന്നു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് പത്തനാപുരം സ്വദേശിയായ ഷെമിമോള്‍. മുന്‍പ് പല വിവാദങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിനെ കൊന്നു കുഴിച്ചു മൂടിയെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ അടൂരിലുള്ള വീട് കുഴിച്ചത് ഷെമി മോളുടെ എടുത്തു ചാട്ടത്തിന്റെ ഫലമായിരുന്നു. കൊല്ലപ്പെട്ടുവെന്ന പറഞ്ഞ യുവാവ് പിറ്റേന്ന് തൊടുപുഴയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടത് പോലീസ് സേനയ്ക്ക് ഒന്നടങ്കം നാണക്കേടുണ്ടാക്കി. യുവതിയുടെ മൊഴി നേരാംവണ്ണം പരിശോധിക്കാതെ ചാടിപ്പുറപ്പെടുകയും വീട് കുഴിക്കുകയും ചെയ്തതാണ് പോലീസിന് നാണക്കേടായത്. മൊഴി നല്‍കിയ യുവതിയും കുഴിക്കപ്പെട്ട വീടിന്റെ ഉടമസ്ഥനും പിന്നീട് പോലീസിന് എതിരേ തിരിഞ്ഞു. അന്ന് കൂടല്‍ സ്റ്റേഷനില്‍ എ്സ്.ഐയായിരുന്നു ഷെമിമോള്‍.

ഷെമിമോളുടെ ഭര്‍ത്താവ് സിപി്എം നേതാവാണ്. പോക്സോ കേസില്‍ അതിജീവിതയുടെ മൊഴി ഷെമിമോള്‍ രേഖപ്പെടുത്തിയതില്‍ വീഴ്ച വന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ നടപടി അട്ടിമറിക്കപ്പെട്ടു. പത്തനംതിട്ട പീഡനക്കേസില്‍ ഷെമിമോളുടെ ഭാഗത്ത് വീഴ്ചയുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതെല്ലാം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി രംഗത്തു വന്നു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് എന്ന പദവി ഉപയോഗിച്ചാണ് ഷെമിമോള്‍ പലപ്പോഴും പരാതികളില്‍ നിന്ന് രക്ഷപ്പെടുന്നത് എന്നാണ് പോലീസ് അസോസിയേഷന്റെ മറ്റൊരു ആരോപണം. ബന്ധുവായ എസ്ഐയും ഇവരെ സംരക്ഷിക്കുന്നതിനായി രംഗത്തുണ്ടെന്നാണ് ആക്ഷേപം.

പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ ജനറല്‍ ഡയറിക്കും പാറാവിനും അംഗബലം കുറവാണ്. ആകെയുളള നാലുപേര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടതായി വരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഓ ഗീത പോലീസ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. അംഗബലം വര്‍ധിപ്പിക്കുന്നതിന് അസോസിയേഷന്‍ ഇടപെടുകയും ചെയ്തു. ഇതാണ് എസ്.ഐ ഷെമിമോളെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഇതോടെ ഗീതയ്ക്ക് നേരെ മാനസിക പീഡനം തുടങ്ങിയെന്നാണ് പരാതി. ഒരു കാരണവശാലും ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ ഇവര്‍ വനിതാ സ്റ്റേഷനില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ട് എസ്.പിക്ക് അപേക്ഷ നല്‍കി. ഈ വിവരം അറിഞ്ഞതോടെ എസ്.ഐയുടെ മാനസിക പീഡനം വര്‍ധിച്ചു. ഇത് താങ്ങാന്‍ കഴിയാതെ വന്നതോടെ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഗീത സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്.