- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയിട് പൂക്കളം; വിളച്ചില്‍ എന്നോട് വേണ്ട; ബംഗളൂരുവില്‍ കുട്ടികള്‍ ഒരുക്കിയ ഓണപ്പുക്കളം ചവിട്ടിമെതിച്ച് യുവതി; വൈറല്‍ വീഡിയോയില്‍ യുവതിക്കെതിരെ വ്യാപക വിമര്‍ശനം
കുട്ടികള്‍ ഒരുക്കിയ ഓണപ്പുക്കളം ചവിട്ടിമെതിച്ച് യുവതി
ബംഗളുരു: ലോകത്തിന്റെ ഏത് കോണിലായാലും ഓണം മലയാളിക്ക് ഗൃഹാതുരതയാണ്.പ്രത്യേകിച്ചും കുട്ടികള്‍ക്ക്.കേരളത്തിന് പുറത്താണെങ്കില്‍ ഓണാഘോഷത്തിന് പൊലിമ ഒന്നുകൂടി കൂടും.നാട്ടിലെത്താന്‍ കഴിയാത്തവരും മറ്റും പുറത്തെ തങ്ങളുടെ താമസസ്ഥലത്ത് മലയാളി അസോസിയേഷന്റെ ഒക്കെ നേതൃത്വത്തില്‍ വലിയ രീതിയിലാണ് ഇപ്പോള്‍ ഓണം ആഘോഷിക്കുന്നത്.സദ്യയും ഓണക്കോടിയുമൊക്കെ ഉണ്ടെങ്കിലും പൂക്കളമില്ലാത്ത ഒരോണത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.അപ്പോള്‍ തങ്ങള്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ പൂക്കളം മറ്റൊരാള്‍ നശിപ്പിച്ചാലോ..അറിയാതെ സംഭവിച്ചാല്‍ പോലും പൂക്കളം തയ്യാറാക്കിയവര്‍ക്ക് അത് സഹിക്കാനാവില്ല.അങ്ങിനെയാകുമ്പോള്‍ ബോധപൂര്‍വ്വം ഒരാള്‍ നശിപ്പിച്ചാലോ.
അത്തരത്തില്‍ ദുഖകരമായ സംഭവമാണ് ബംഗളുരുവിലെ ഒരുപറ്റം കുട്ടികള്‍ക്ക് ഉണ്ടായത്.ബെംഗളൂരു നഗരത്തിലെ തന്നിസാന്ദ്ര എന്ന സ്ഥലത്ത് മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ഒരുക്കിയ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം നേരിടേണ്ടി വന്നത്.കുട്ടികള്‍ ഏറെ സമയമെടുത്ത് സന്തോഷത്തോടെ തയാറാക്കിയ പൂക്കളം അന്തേവാസിയായ സിമി നായരെന്ന യുവതി ചവിട്ടി നശിപ്പിക്കുകയായിരുന്നു.ഈ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അതിരാവിലെ പൂക്കള്‍ വാങ്ങി വന്ന്, പൂവിറുത്ത് വലിയ പൂക്കളം ഒരുക്കിയതും കുട്ടികള്‍ തന്നെയായിരുന്നു.പിന്നാലെയാണ് അവിടുത്തെ താമസക്കാരിയായ സിമി നായര്‍ പൂക്കളം ചവിട്ടി മെതിച്ച് നശിപ്പിച്ചത്.യുവതി ഓണാഘോഷത്തിന്റെ സംഘാടകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം പൂക്കളം നശിപ്പിക്കുകയായിരുന്നു.ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നില്ല.
അപ്പാര്‍ട്‌മെന്റിലെ കോമണ്‍ ഏരിയയിലാണ് പൂക്കളം ഇട്ടിരിക്കുന്നത്.ബൈലോ പ്രകാരം ഇവിടെ ഇത് ഇടാന്‍ പാടില്ലെന്ന കാര്യമാണ് പൂക്കളം നശിപ്പിച്ച യുവതി വീഡിയോയില്‍ പറയുന്നത്.പിന്നാലെ ഇവര്‍ പൂക്കളത്തിന് നടുവില്‍ കയറി നില്‍ക്കുന്നു.നിങ്ങള്‍ കാല് അവിടെ നിന്ന് മാറ്റൂ...പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ.ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങു' - ഇങ്ങനെ അടുത്ത് നില്‍ക്കുന്നയാള്‍ യുവതിയോട് പറയുമ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോള്‍ ഓര്‍ക്കണം'.വിളച്ചില്‍ എന്നോട് വേണ്ട എന്ന്.
അപ്പാര്‍ട്ട്മെന്റിലെ എല്ലാവരെയും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോള്‍ 'കൊണ്ടുപോയി കാണിക്ക്' എന്നായിരുന്നു യുവതിയുടെ മറുപടി.പിന്നാലെ പൂക്കളം തട്ടിതെറിപ്പിച്ച് അലങ്കോലപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത്.വീഡിയോ വ്യപാകമായി പ്രചരിച്ചതോടെ യുവതിക്കെതിരേ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം ആദ്യം എന്നാണ് ഒരാളാളുടെ കമന്റ്.അവിടെ മലയാളി അസോസിയേഷന്‍ ഇല്ലേ കേസ് കൊടുക്കാന്‍ എന്ന് ചോദിക്കുന്നുണ്ട് മറ്റൊരാള്‍.ആ കുഞ്ഞുങ്ങളിട്ട പൂക്കളം ഈ സ്ത്രീ കാരണം ലോകം മുഴുവന്‍ കണ്ടുവെന്നാണ് മറ്റൊരാളുടെ രസകരമായ കമന്റ്.'നല്ല സംസ്‌കാര സമ്പന്ന, എത്ര കഷ്ടപെട്ടാണ് അത് ഇട്ടത് എന്നോര്‍ത്തുകൂടേ,പൂക്കളം വൈറല്‍ ആവാന്‍ സഹായിച്ച ചേച്ചിക്ക് നന്ദി, ഇത്രയും നല്ല പൂക്കളം നശിപ്പിക്കണമെങ്കില്‍ എന്ത് മനസാണ് തുടങ്ങി യുവതിക്ക് എതിരായ കമന്റുകളാണ് മുഴുവന്‍.
യുവതിക്കെതിരെ പരാതി കൊടുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവില്‍ ആരും തന്നെ പരാതി നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം