വാഷിങ്ടണ്‍: അമേരിക്കയില്‍ ലബനീസ് പൗരയായ വനിതാ ഡോക്ടറെ നാട് കടത്തി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്രള്ളയോടും തീവ്രവാദികളോടും അനുഭാവം പുലര്‍ത്തുന്ന ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണിന്റെ ഡിലീറ്റഡ് ഫോള്‍ഡറില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക.

റോഡ് ഐലന്‍ഡിലെ ഡോക്ടറും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റാഷ അലവീഹിനെയാണ് നാടുകടത്തിയത്. റാഷയെ ലെബനനിലേക്ക് നാടുകടത്തിയതായി അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. വൈറ്റ് ഹൗസ് ഡ്രൈവ്-ത്രൂ വിന്‍ഡോയില്‍ നിന്ന് കൈവീശുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോയ്ക്കൊപ്പം 'ബൈ-ബൈ റാഷാ' എന്ന കുറിപ്പോടെയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സമൂഹ മാധ്യമമായ എക്സിലൂടെ നാടുകടത്തലിന്റെ വിവരം അറിയിച്ചത്.

ഷിയ മുസ്ലീം എന്ന നിലയില്‍ മതപരമായ വീക്ഷണത്തില്‍ താന്‍ ഹസന്‍ നസ്രള്ളയെ പിന്തുണക്കുന്നുവെന്നും കഴിഞ്ഞ മാസം ലെബനനില്‍ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായും ഡോ.റാഷ അലവീഹ് സമ്മതിച്ചതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 34 കാരിയായ ഡോ. റാഷ ലെബനീസ് പൗരയാണ്. എച്ച്-1ബി വിസയിലാണ് റാഷ അമേരിക്കയിലെത്തിയത്.

കുടുംബത്തെ കാണാന്‍ ലെബനനിലേക്ക് പോയി മട്ങ്ങി വരുമ്പോള്‍ വ്യാഴാഴ്ച ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് റാഷയെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ വിദഗ്ദ്ധയായ റാഷ, ബ്രൗണ്‍ സര്‍വകലാശാലയില്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

കേസില്‍ തിങ്കളാഴ്ച നേരിട്ട് വാദം കേള്‍ക്കാമെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സൊറോക്കിന്‍ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടുത്ത 48 മണിക്കൂര്‍ അവരെ നാട് കടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റാഷയെ ആദ്യം ഫ്രാന്‍സിലേക്കും തുടര്‍ന്ന് ലബനനിലേക്കും തിരിച്ചയച്ചു.

കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് റാഷയുടെ ബന്ധു ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റാഷയെ നാടുകടത്തിയതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേ സമയം റാഷയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇറാനിലെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയുടെ ചിത്രവും കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റാഷയുടെ അമേരിക്കയിലെ ദൗത്യം എന്തായിരുന്നു എന്നതിനെ പറ്റിയും അന്വേഷണം നടക്കുകയാണ്.