- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഫൈസൽ 2019-22ൽ 23 തവണ കണ്ണൂർ ആറളം വന്യ ജീവി സങ്കേതത്തിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ രഹസ്യമായി എത്തി; കണ്ണൂരിൽ ജയിലിലായ എംപിക്ക് സ്വർണ്ണ കടത്ത്;ഒത്താശ കൂട്ടുകാരിയായ ഐ എഫ് എസ് ഉദ്യോഗസ്ഥ; സ്വർണം എത്തിയത് പാനൂരിലെ സ്വർണ്ണ മഹലിലേക്കോ? കടത്തിന് കാരിയർ പാർലമെന്റ് അംഗവും!
കോഴിക്കോട്: വധശ്രമക്കേസിൽ 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ പി.പി.മുഹമ്മദ് ഫൈസൽ 2019-22ൽ 23 തവണ കണ്ണൂർ ആറളം വന്യ ജീവി സങ്കേതത്തിലെ വനം വകുപ്പ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ (ഐബി) രഹസ്യമായി എത്തിയിരുന്നത് വിവാദത്തിൽ. സ്വർണ്ണ കടത്ത് ഈ കാലയളവിൽ നടന്നുവെന്നാണ് സംശയം. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
വനം വകുപ്പിന്റെ ഐബികൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്യുന്നത്. മുറികൾ ഒഴിവുണ്ടെങ്കിൽ ആവശ്യപ്പെടുന്നവർക്ക് നേരിട്ടും അനുവദിക്കാം. ഐബിയിലെ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി, ഫീസും ഒടുക്കണം. എന്നാൽ. മുഹമ്മദ് ഫൈസൽ ആറളത്ത് എത്തിയതു സംബന്ധിച്ച് ഒരു രേഖ പോലും ഇല്ല. കോഴിക്കോട് സ്വർണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയ ഇർഷാദ് കൊണ്ടു വന്ന സ്വർണം വിറ്റത് പാനൂരിലെ ജൂവലറിയിലായിരുന്നു. സ്വർണ്ണക്കടത്തു സംഘങ്ങളെ കബളിപ്പിച്ച സ്വർണ്ണമാണ് പാനൂരിലെ ജൂവലറിയിൽ എത്തിച്ചത്. ഈ കടയ്ക്ക് വേണ്ടിയാണ് എംപിയും കടത്തുകാരനായത്.
ഇർഷാദ് കേസിൽ പാനൂരിലെ ജ്വലറി ഉടമയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്വർണം കണ്ടെടുക്കുകയും ചെയ്തു. ഇതോടെ മലബാറിലെ കടത്തു സ്വർണ്ണമെല്ലാം വരുന്നത് പൊലീസിന് ഏറ്റവും വേണ്ടപ്പെട്ട മുതലാളിക്കാണെന്നും വ്യക്തമായി. സ്വർണ്ണക്കടത്തിൽ ജൂവലറിയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നു പൊലീസ് പരിശോധിച്ചു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. പാനൂരിലും കുത്തുപറമ്പിലും ശാഖകൾ ഉള്ള ജൂവലറിക്കു സിപിഎം- ലീഗ് നേതാവുമായി ബന്ധമുണ്ടെന്നും സൂചനകളുണ്ട്. ഇതേ ജൂവലറി ഉടമയുടെ വീട്ടിലെ വിവാഹത്തിനാണ് പൊലീസ് സുരക്ഷയൊരുക്കിയതും വിവാദമായതും.
ലക്ഷദ്വീപ് എംപിയുടെ സന്ദർശനങ്ങളെക്കുറിച്ചും എംപി ഉള്ള സ്ഥലങ്ങളിൽ ചില ജൂവലറി ഉടമകളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനെക്കുറിച്ചും കേന്ദ്ര ഏജൻസികളായ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം നടത്തിയിരുന്നു. ഈയിടെ വിവാദത്തിലായ സ്വർണ്ണ കടയിലേക്കാണ് ഈ അന്വേഷണവും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വന്യജീവി സങ്കേതത്തിലേക്ക് എംപി പോയിരുന്നത് വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു. ഇതിന് കാരണം വനിതാ ഫോറസ്റ്റ് ഓഫീസറാണ്. ഡിഎഫ് ഒ റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ സുഹൃത്തായിരുന്നു എംപി എന്നാണ് സൂചന.
വനം വകുപ്പ് വണ്ടിയിലെ യാത്ര ആയതു കൊണ്ടു തന്നെ കടത്തിന് സുരക്ഷിതത്വവും കൂടി. ഐബിയിൽ താമസിച്ചിരുന്ന എംപിയുടെ തിരിച്ചുള്ള യാത്രകളും വനം വകുപ്പ് വാഹനത്തിൽത്തന്നെ ആയിരുന്നു. ഇതേ വാഹനത്തിൽ കണ്ണൂർ തയ്യിലിലെ റിസോർട്ടിലേക്കും മാനന്തവാടിയിലേക്കും പോയിരുന്നതായി വനം ജീവനക്കാർ സമ്മതിക്കുന്നു. എന്നാൽ, ഐബിയിലെ രജിസ്റ്ററിൽ ഈ സന്ദർശനങ്ങൾ ഒന്നു പോലും രേഖപ്പെടുത്തിയിട്ടില്ല. ആറളം കൂടാതെ, അടുത്ത സൗഹൃദമുള്ള ഡിഎഫ്ഒ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും എംപി താമസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ഡിഎഫ്ഒയ്ക്ക് പ്രത്യേകം നൽകിയിരിക്കുന്ന സുരക്ഷാ ഗാർഡുകളെ പോലും എംപി എത്തുമ്പോൾ ഒഴിവാക്കിയിരുന്നു എന്നാണ് വിവരം.
ഒരു തവണ എംപി എത്തിയപ്പോൾ ആറളത്ത് പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ തയ്യാറെടുത്തിരുന്നു. ഇതു മുൻകൂട്ടി മനസ്സിലാക്കിയ എംപി വേഗം മടങ്ങി. ഇതു സംബന്ധിച്ച് വനം വകുപ്പിലെ ഉന്നതർക്കും വിവരങ്ങളുണ്ട്. മറ്റൊരിക്കൽ നിലമ്പൂർ സൗത്ത് ഡിവിഷനിൽ എംപിക്ക് താമസസൗകര്യം നൽകാൻ വേണ്ടി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ അവിടെനിന്ന് ഇറക്കി വിടാൻ ശ്രമിച്ചു. ആറളത്ത്, ഒടുവിലായി മുഹമ്മദ് ഫൈസൽ എത്തിയ ദിവസം സിനിമാ നിർമ്മാതാവും ജൂവല്ലറി ഉടമയും ഒപ്പം എത്തിയിരുന്നു എന്ന് വനം ജീവനക്കാർ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പാനൂരിലെ ജൂവലറി കുപ്രസിദ്ധമാണ്. ഈ ജ്യൂല്വറി കുടുംബത്തിലെ വിവാഹത്തിലെ പൊലീസ് സാന്നിധ്യം ചർച്ചയായപ്പോൾ തന്നെ ഇതേ വ്യക്തിയുടെ സ്വർണ്ണ കടയിലേക്കാണ് മലബാറിലെ കടത്തു സ്വർണ്ണമെല്ലാം എത്തുന്നതെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിനിടെയാണ് ഇർഷാദ് കൊലയിലെ സ്വർണ്ണവും പാനൂരിലെ വീട്ടിലേക്കാണ് എത്തിയതെന്ന് വ്യക്തമാകുന്നത്. മുതലാളിയെ അടക്കം പൊലീസ് ചോദ്യം ചെയ്തു. തൊണ്ടി കണ്ടെടുത്തത് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ ഈ വാർത്തയും പുറംലോകത്ത് ചർച്ചയായില്ല. അത്രയും സ്വാധീനം ഈ കടയ്ക്കുണ്ട്.
മറുനാടന് മലയാളി ബ്യൂറോ