- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അര്ജുന് ലോറി നിര്‍ത്തിയിട്ട സ്ഥലവും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ഹോട്ടലും'; ഷിരൂരിലെ അപകടത്തിന് തൊട്ടുമുമ്പുള്ള വീഡിയൊ; ആ കടയും മണ്ണെടുത്തു
അങ്കോല: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം പതിനൊന്നാം ദിവസവും തുടരുന്നതിനിടെ വിശ്രമിക്കാനായി വാഹനം നിര്‍ത്തിയ സ്ഥലവും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ഹോട്ടലും ഉള്‍പ്പെടുന്ന പഴയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഷിരൂര്‍: പനവേല്‍-കന്യാകുമാരി റൂട്ടിലെ ഷിരൂരില്‍ 35 വര്‍ഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയ്ക്ക് സമീപമായിരുന്നു അര്ജുന് വാഹനം നിര്‍ത്തിയത്.
ധാബയില്‍നിന്നു ചായകുടിക്കാനാകണം അര്ജുന് ലോറി നിര്‍ത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റൂട്ടിലെ പതിവു യാത്രക്കാരനാണ് അര്ജുന്. മലയാളികളടക്കം ലോറിക്കാര് സ്ഥിരമായി ഇവിടെ നിര്‍ത്തും. രാവിലെ 8.15ന് അര്ജുന് ഇവിടെ എത്തിയെന്നാണു കരുതുന്നത്.
അപകട സ്ഥലത്തുനിന്നും ധാബ ഉടമ ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കള്‍ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭര്‍ത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം പുഴയില്‍ നിന്നാണു കണ്ടെത്തിയത്. പിന്നാലെയാണ് ധാബയുടെയും ലക്ഷ്മണയുടെ കുഞ്ഞുങ്ങളുടേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മണ്ണെടുക്കും മുന്‍പുള്ള ഹോട്ടലിന്റെയും കുട്ടികളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
അര്ജുന് ലോറി നിര്‍ത്തിയിട്ട കറക്റ്റ് സ്ഥലവും. ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ഹോട്ടലും. ഒരു പഴയ വീഡിയോ എന്ന പേരിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദേശീയപാതയ്ക്ക് സമീപം നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതും ഹോട്ടലില്‍ നിന്നും ഡ്രൈവര്‍മാരടക്കം ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്.
ദേശീയ പാതയില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരില്‍ പലരും ഈ ഹോട്ടലില്‍ കയറുമായിരുന്നു. പാതയോരത്ത് ലോറികള്‍ നിര്‍ത്തുന്ന ലോറി ഡ്രൈവര്‍മാരായിരുന്നു ഇതില്‍ ഏറെ. ഹോട്ടല്‍ നടത്തിയിരുന്ന ലക്ഷ്മണ നായ്ക, ഭാര്യ ശാന്തി നായ്ക, ഇവരുടെ മക്കളായ റോഷന്, അവന്തിക എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്.
സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാസര്‍ കുദികെ പഞ്ചായത്ത് അധികൃതര്‍ മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് ലക്ഷ്മണയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. അപകടദിവസം റെഡ് അലര്‍ട്ടിനെത്തുടര്‍ന്നു സ്കൂള്‍ അവധി ആയതിനാല്‍ മക്കളും കടയില്‍ ഉണ്ടായിരുന്നു. ലക്ഷ്മണയുടെ അച്ഛനാണു കട തുടങ്ങിയത്. 10-ാം വയസ്സുമുതല്‍ ലക്ഷ്മണ കച്ചവടത്തിനു കൂടെയുണ്ട്. ഷിരൂരില്‍ വീടുപണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അങ്കണവാടി അധ്യാപികയായിരുന്നു.
രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്. ഈ സമയത്ത് എത്തുന്ന ഡ്രൈവര്‍മാര്‍ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂര്‍ കുന്നില്‍നിന്നുള്ള അരുവിയില്‍ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര. ധാബയ്ക്കു മുന്നില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികള്‍ വരെ പാര്‍ക്ക് ചെയ്യാറുണ്ട്. ഇവിടെ ലോറി നിര്‍ത്തരുതെന്നു പലതവണ മുന്നറിയിപ്പു നല്കിയതാണെന്നു ഗോകര്‍ണ എഎസ്ഐ മാരുതി കേനി പറഞ്ഞു.