ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ട്വന്റി20 ക്രിക്കറ്റ് ആവിഷ്‌കരിച്ചു നടപ്പാക്കി ബിസിസിഐയെ സമ്പന്നതയുടെ നെറുകയിലെത്തിച്ച മാസ്റ്റർ ബ്രയിനാണ് ലളിത് മോദി. ഇന്നിപ്പോൾ അദ്ദേഹം രോഗാതുരനാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ച ഐപിഎൽ മുൻ ചെയർമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 24 മണിക്കൂറും ഓക്സിജന്റെ സഹായം ആവശ്യമായ അവസ്ഥയാണുള്ളത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലളിത് മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ചെന്നും അത് ന്യുമോണിയയായി മാറിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ആഴ്ചത്തെ ജയിൽവാസത്തിനു ശേഷമാണ് താൻ മെക്സിക്കോയിൽനിന്നും ലണ്ടനിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ 2010ൽ ഐപിഎലിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് ബിസിസിഐയിൽനിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറിയിരുന്നു. ഏറ്റവും ഒടുവിലത്തെ വാർത്ത മോദി കുടുംബ ട്രസ്റ്റിന്റെ തലത്തേക്ക് മകൻ രുചിർ മോദിയുടെ പേര് ലളിത് മോദി പ്രഖ്യാപിച്ചു എന്നതാണ്.

കെ.കെ. മോദി കുടുംബ ട്രസ്റ്റ് ബ്രാഞ്ചിന്റെ പിൻഗാമിയായായി മകനെ നിശ്ചയിക്കുകയാണെന്ന് ലളിത് ട്വീറ്റ് ചെയ്തു. ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്ത് ട്രസ്റ്റിന്റെ കൈകാര്യകർതൃത്വം ഇനി ഭാര്യയെയും മക്കളെയും ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'ഇപ്പോൾ ഞാൻ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്താൽ, വിരമിക്കാനും മക്കളെ പരിപാലിക്കാനുമുള്ള സമയമാണിത്. എല്ലാം ഞാൻ അവർക്ക് കൈമാറുകയാണ്', ലളിത് മോദി ട്വീറ്റ് ചെയ്തു. കൂടെ ഒരു കത്തിന്റെ ചിത്രവും ചേർത്തിട്ടുണ്ട്.

തന്റെയും ഭാര്യ മിനാൽ മോദിയുടെയും മരണാനന്തരം മക്കളായ രുചിറും ആലിയയുമായിരിക്കും കെ.കെ. മോദി കുടുംബ ട്രസ്റ്റിന്റെ ഗുണഭോക്താക്കളെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഭാര്യയും മകളുമായി കൂടിയാലോചിച്ചാണ് രുചിറിനെ പിൻഗാമിയാക്കാൻ തീരുമാനിച്ചതെന്നും ലളിത് കത്തിൽ പറയുന്നു.

2010 ഐ.പി.എൽ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്കലംഘനവുമടക്കം കുറ്റങ്ങൾ ചുമത്തി ബി.സി.സിഐയിൽനിന്ന് ലളിത് മോദിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടർന്ന് 2013 മുതൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് കടന്ന മോദി നിലവിൽ ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

ലളിത് മോദിയുടെ ജീവിത കഥ വിവരിക്കുന്ന പുസ്തകം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രചിച്ച 'മാവ്‌റിക് കമ്മിഷണർ ദ് ഐപിഎൽലളിത് മോദി സാഗ' എന്ന പുസ്തകം എങ്ങനെയാണ് ആഡംബരത്തിൽ മോദി അഭിരമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ്

ബെൻസ് നിർബന്ധം, ഒരു ഫ്‌ളോർ മുഴുവൻ ബുക്ക് ചെയ്യും

ബിസിസിഐയെയും ഐപിഎലിനെയും പുതിയ ഉയരങ്ങളിലേക്കെത്തിച്ച ലളിത് മോദിയുടെ ഉയർച്ചയുടെയും താഴ്‌ച്ചയുടെയും വഴികൾ പുസ്തകത്തിലുണ്ട്.

മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ് കാറുകളുടെ കടുത്ത ആരാധകനായിരുന്നു ലളിത് മോദിയെന്നു പുസ്തകത്തിൽ പറയുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ലളിത് മോദിക്കു യാത്ര ചെയ്യാൻ വേണ്ടി 2 എസ് ക്ലാസ് കാറുകളാണ് ഡൽഹിയിൽനിന്ന് ഓടിയെത്തിയത്. ധരംശാലയിൽ എസ് ക്ലാസ് കാറുകൾ കിട്ടാനില്ലത്തതുകൊണ്ടാണ് ലളിത് മോദിയുടെ ഓഫിസ് ഡൽഹിയിൽനിന്ന് ഇവ ധരംശാല വരെ റോഡ് മാർഗം ഓടിച്ചെത്തിക്കാൻ നിർദ്ദേശം നൽകിയത്.

മറ്റൊരിക്കൽ നാഗ്പുരിൽ ഐപിഎൽ മത്സരം കാണാനെത്തുന്ന ലളിത് മോദിക്കു വേണ്ടി അദ്ദേഹത്തിന്റെ ഓഫിസ് മെഴ്സിഡീസ് എസ് ക്ലാസ് എത്തിച്ചതു ഹൈദരാബാദിൽനിന്നാണ്. നാഗ്പുരിൽ കാർ ലഭ്യമല്ലാത്തതായിരുന്നു കാരണം.ഐപിഎലിന്റെ ആദ്യ 2 സീസണുകളുടെ വൻ വിജയം ലളിത് മോദിയെ വേറൊരു ലോകത്തെത്തിച്ചു. താൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ഫ്ളോർ മുഴുവനായാണ് അദ്ദേഹം ബുക്ക് ചെയ്തിരുന്നത്. 'ലളിത് മോദിയെ ചോദ്യം ചെയ്യുകയെന്നാൽ ഐപിഎലിനെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു അന്നു കാര്യങ്ങൾ.

ബിസിസിഐയ്ക്കു വലിയ വരുമാനം നൽകിത്തുടങ്ങിയ ഐപിഎലിനെ വിമർശിക്കാൻ ആരും തയാറായില്ല. ഐപിഎൽ കമ്മിഷണറായിരുന്ന ലളിത് മോദി സാമ്പത്തിക തിരിമറികളുടെ പേരിൽ 2010ൽ ഇന്ത്യ വിടുകയായിരുന്നു.