- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണപ്പെട്ട വ്യവസായിയുടെ സ്വത്ത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി മറിച്ചു വിറ്റ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ചാർട്ടേഡ് അക്കൗണ്ടന്റുമാർ അടക്കമുള്ള പ്രതികളുടെ ഹർജി തള്ളി; ആറു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം
കൊച്ചി: മരണപ്പെട്ട വ്യവസായിയുടെ സ്വത്ത് വ്യാജരേഖ ചമച്ച് കൈക്കലാക്കുകയും കോടികൾ കൈപ്പറ്റി മറിച്ചു വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പ്രതികളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസിന്റെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ഉടനടി പൂർത്തിയാക്കി ആറു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോട്ടയം യൂണിയൻ ക്ലബ് റോഡ് മാതൃസന്ധ്യയിൽ ബീനാ രാധാകൃഷ്ണന്റെ പരാതിയിൽ 2015 ൽ രജിസ്റ്റർ ചെയ്ത് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ ചാർട്ടേഡ് അക്കൗണ്ടന്റുമാരായ തോമസ് ചെറിയാൻ, മുരളീധരൻ നമ്പൂതിരി, തോമസ് ചെറിയാന്റെ ഭാര്യ അനു തോമസ്് എന്നിവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഈ മൂന്നു പേർക്കും പുറമേ തോമസ് ചെറിയാന്റെ മകൾ ട്രീസ തോമസ്, മരുമകൻ ആൻജോ ജോസ്, ദിവാകരൻ എന്നിവർ അടക്കം ആറു പ്രതികളാണുള്ളത്. കോട്ടയത്തെ രാജധാനി ബാർ ഹോട്ടലിന്റെ ഉടമയായിരുന്ന പി.ജി. രാധാകൃഷ്ണന്റെ ഭാര്യയാണ് പരാതിക്കാരിയായ ബീന. അന്യാധീനപ്പെട്ടു പോയ സ്വത്തിന് വേണ്ടി 2015 ലാണ് ബീന നിയമപോരാട്ടം തുടങ്ങിയത്.
രാധാകൃഷ്ണൻ തുടങ്ങി വച്ച രോഷ്നി സീഫുഡ്സ്് കമ്പനിയുടെ പേരിൽ പയ്യന്നൂരിൽ ഉണ്ടായിരുന്ന 75 ഏക്കർ ചെമ്മീൻ കെട്ട് വ്യാജരേഖ ചമച്ച് ഇവരുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന തോമസ് ചെറിയാൻ തട്ടിയെടുത്ത് 12.90 കോടി രൂപയ്ക്ക് മറിച്ചു വിറ്റുവെന്നായിരുന്നു പരാതി. 1998 ൽ രാധാകൃഷ്ണൻ മരിച്ചു. ചെമ്മീൻ കെട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് കൈവശപ്പെടുത്തി മറിച്ചു വിറ്റുവെന്ന വിവരം ബീന അറിയുന്നത് 2015 ലാണ്. ബീന കോട്ടയം വെസ്റ്റ് പൊലീസിൽ നൽകിയ പരാതി പ്രകാരം കേസെടുത്തുവെങ്കിലും അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 മെയ് മാസം ബീന ഹൈക്കോടതിയിൽ ഹർജി നൽകി. 2019 നവംബർ 18 ന് കേസിന്റെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് കോടതി ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചെറിയാൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചു വർഷത്തിന് ശേഷമാണ് തോമസ് ചെറിയാൻ ഹർജിയുമായി ഹൈക്കോടതിയിലേക്ക് പോയത്. 2021 സെപ്റ്റംബറിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി എസ്. ഷെരീഫ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഹൈക്കോടതി തോമസ് ചെറിയാന്റെ ഹർജി പരിഗണിച്ചു. കുറ്റപത്രം സമർപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നു. ബീന നിയമപോരാട്ടം തുടർന്നു. തോമസ് ചെറിയാന്റെ ഹർജിയിലുള്ള സ്റ്റേ നീക്കാൻ വേണ്ടി ഹർജി നൽകി. 25 തവണയാണ് ഈ ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്. ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് ബീന ചീഫ് ജസ്റ്റിസിന് പരാതി നൽകി. ഒടുക്കം സെപ്റ്റംബർ 28 ന് കേസ് വിധി പറയാൻ മാറ്റി വച്ചു. ആകെ 31 തവണ മാറ്റി വച്ച കേസിന്റെ വിധിയാണ് ഇക്കഴിഞ്ഞ ഒക്ടോബർ 28 ന് പ്രസ്താവിച്ചത്.
കേസ് അന്വേഷണത്തിൽ ഇടപെടാൻ പരിമതിയുണ്ടെന്ന് കോടതി
കേസ് റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഇടപെടുന്നതിൽ കോടതിക്ക് പരിമിതികളുണ്ട്. പരാതിക്കാരിയുടേത് തെറ്റായ ആരോപണമാണോ അവർക്ക് ലഭിച്ചിരിക്കുന്ന തെളിവുകൾ യാഥാർഥ്യമാണോ എന്നൊക്കെ പരിശോധിച്ച് വിലയിരുത്തേണ്ടത് അന്വേഷണ സംഘമാണ്. കുറ്റപത്രം കൊടുക്കണമോ വേണ്ടയോ എന്നൊക്കെ അവർ തീരുമാനിക്കും.
2015 ൽ രജിസ്റ്റർ ചെയ്ത കേസിനെതിരേ പ്രതിയായിട്ടുള്ളയാൾ 2020 ലാണ് കോടതിയെ സമീപിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. അതു കൊണ്ടു തന്നെ അന്വേഷണത്തിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ല. 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ള പരാതിക്കാരിയുടെ ആശങ്ക പരിഗണിക്കേണ്ടതാണ്. അവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഈ കോടതി തന്നെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. 2019 ലാണ് ഇതു സംബന്ധിച്ച് ഉത്തരവുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പ്രതികൾ നിയമംലംഘിച്ച് നടത്തിയ ക്രയവിക്രയങ്ങൾ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കണക്കിലെടുത്തുകൊണ്ട് പ്രതികളുടെ ഹർജി തള്ളുന്നു.
വിധി വന്ന ദിവസം മുതൽ ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവിൽ പറയുന്നു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തോമസ് ചെറിയാന്റെയും മറ്റ് രണ്ട് പ്രതികളുടെയും ഹർജിയും ഈ ഹർജിയിൽ അനുവദിച്ച താൽക്കാലിക സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ബീന രാധാകൃഷ്ണന്റെ ഹർജിയും ഒരുമിച്ച് പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വാർധക്യത്തിന്റെ അവശതകളിലാണ് ബീന ഇപ്പോഴുള്ളത്. പ്രമേഹം മൂർഛിച്ച് ഒരു കാൽ മുറിച്ചു കളഞ്ഞു. താൻ മരിക്കുന്നതിന് മുൻപെങ്കിലും നീതി ലഭിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. കോടതി വിധി വരാൻ താമസിക്കുന്നത് സംബന്ധിച്ച് ബീനയുടെ അഭിമുഖം കഴിഞ്ഞ മാർച്ചിൽ മറുനാടൻ മലയാളിയും മറുനാടൻ ടി.വിയും വാർത്തയാക്കിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്