കട്ടപ്പന: ഇടുക്കി ഡാമിന്റെ സംരക്ഷിത മേഖല പഞ്ചായത്ത് കൈയേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് ആക്ഷേപം. കട്ടപ്പന-കുട്ടിക്കാനം റോഡിൽ വെള്ളിലാങ്കണ്ടം കുഴൽ പാലത്തിന് സമീപമുള്ള ഡാമിന്റെ വൃഷ്ടി പ്രദേശമാണ് കാഞ്ചിയാർ പഞ്ചായത്ത് കൈയേറി കംഫർട്ട് സ്റ്റേഷനും ഷോപ്പിങ് കോംപ്ലക്സും നിർമ്മിച്ചത്. ജലസംഭരണിയിൽ കൈയേറ്റങ്ങൾ ശിക്ഷാർഹമാണെന്ന ഡാം സേഫ്റ്റി ഡിവിഷൻ (രണ്ട്)എക്സിക്യൂട്ടീവ് എൻിനീയറുടെ അറിയിപ്പ് ബോർഡിന്റെ സമീപത്തു തന്നെയാണ് കൈയേറ്റമെന്നതും ശ്രദ്ധേയമാണ്.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി താൽക്കാലികമായി കംഫർട്ട് സ്റ്റേഷൻ ഡാം റിസർവയോറിൽ നിർമ്മിക്കാൻ ഭരണകൂടം പഞ്ചായത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ മറ പിടിച്ചാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സും കംഫർട്ട് സ്റ്റേഷനും സ്ഥിരമായി നിർമ്മിച്ചത്. നിർമ്മാണം നടക്കുന്നതിനിടെ റിസർവയോറിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഡാം സേഫ്റ്റി ഡിവിഷൻ ഓഫീസിൽ നിന്ന് ഏതാനും ചില ഉദ്യോഗസ്ഥരെത്തി നിർമ്മാണങ്ങളുടെ ചിത്രം പകർത്തിപ്പോയതൊഴിച്ചാൽ പിന്നീട് നടപടികളുണ്ടായില്ല. തങ്ങളുടെ സുരക്ഷ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലം കൈയേറി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതിയും കെഎസ്ഇബി നൽകി.

നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും പുറമ്പോക്കിന്റെ സംരക്ഷണ അവകാശം തങ്ങൾക്കാണെന്നുമാണെന്നുമാണ് പഞ്ചായത്തിന്റെ വാദം.എന്നാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്നു ചെയിനിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.

അതേസമയം തൊട്ടടുത്ത അയ്യപ്പൻകോവിൽ പഞ്ചായത്ത് തൂക്കുപാലത്തിന് സമീപം വ്യക്തി സൗജന്യമായി വിട്ടു നല്കിയ സ്ഥലത്ത് സമാന രീതിയിൽ നിർമ്മാണം ആരംഭിച്ചിരുന്നു. ഈ സ്ഥലം ജലസംഭരണിയുടെ ഭാഗമാണെന്ന് കാണിച്ച് കെഎസ്ഇബി അധികൃതർ പഞ്ചായത്തിന് നിരോധന ഉത്തരവും നൽകി.

പഞ്ചായത്ത് നടത്തിയ കൈയേറ്റം സംബന്ധിച്ച് പരാതി ഉയർന്നതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡാം സേഫ്റ്റി ഓർഗനൈസേഷൻ ചീഫ് എൻജിനീയർ ഡാം സേഫ്റ്റി ഡിവിഷൻ (രണ്ട് ) എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നടത്തിയ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയും വിചിത്രമാണ്. കാഞ്ചിയാർ പഞ്ചായത്തിന്റെ പുതിയ കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മറുപടി.