കണ്ണൂർ: നിയമങ്ങളെ നോക്കുകുത്തിയാക്കി കൊണ്ടുകണ്ടൽ സമൃദ്ധിയുള്ള കുഞ്ഞിമംഗലം പഞ്ചായത്തിലെ കൈപ്പാട് പ്രദേശത്തെ കണ്ടൽവനങ്ങൾ ഭൂമാഫിയ വെട്ടിനശിപ്പിക്കുന്നതായി പരാതി. പുല്ലങ്കോട് പുഴയോരങ്ങളിലെ ഏക്കറുകണക്കിന് കണ്ടൽക്കാടുകളാണ് വെട്ടിനശിപ്പിച്ചതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

താമരംകുളങ്ങര പ്രദേശത്തെ പൊരൂണിവയലും കൈപ്പാട് പ്രദേശങ്ങളും നെൽവയൽ-തണ്ണീർത്തട സംരക്ഷണ, തീരദേശ സംരക്ഷണനിയമങ്ങൾ കാറ്റിൽപ്പറത്തി മണ്ണിട്ട് നികത്തൽ നടന്നുവരികയാണ്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ച് അതിനുമുകളിൽ കല്ലും മണ്ണും കോൺക്രീറ്റ് അടക്കമുള്ള അവശിഷ്ടങ്ങളും കൊണ്ടിട്ടാണ് ചതുപ്പ് നിലം നികത്തുന്നത്.

താമരംകുളങ്ങരയിലെ റി.സ. 82 പി.ടി.യിലെ 10 ഏക്കറോളം വരുന്ന വയലും ചതുപ്പ് പ്രദേശവുമാണ് ഇപ്പോൾ നികത്തിക്കൊണ്ടിരിക്കുന്നത്. കൈപ്പാടിലൂടെ കണ്ടൽ വെട്ടിനശിപ്പിച്ച് കെട്ടിടാവശിഷ്ടങ്ങളും മണ്ണുമിട്ട് റോഡുണ്ടാക്കി ചതുപ്പ് ഭൂമിയിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് കൊണ്ടുതള്ളുന്നത്. പുലർച്ചെ മുതൽ നേരം ഇരുളുംവരെ നിരവധി ടിപ്പറുകളിൽ ഇവിടെ മണ്ണുവന്ന് നിറയുകയാണ്.

പത്തുവർഷം മുൻപ് അന്നത്തെ സ്ഥലമുടമ കണ്ടൽക്കാടുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തിയപ്പോൾ വനം വകുപ്പിന്റേയും പരിസ്ഥിതിപ്രവർത്തകരുടേയും ശക്തമായ ഇടപെടലിനെ തുടർന്ന് പിൻവലിയുകയായിരുന്നു. അവരിൽനിന്ന് സ്ഥലം വാങ്ങിയ പുതിയ ഭൂവുടമകളാണ് ഇപ്പോൾ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക തനിമ മാറ്റിമറിക്കുന്നത്. ഈ ചതുപ്പുകൾ നികത്തപ്പെടുന്നതോടെ ഒരു പ്രദേശത്തിന്റെയാകെ ഭൂപ്രകൃതിയും പാരിസ്ഥിതിക നിലനിൽപും മാറിമറിയുകയും മഴക്കാലത്തുണ്ടാവുന്ന നീരൊഴുക്ക് തടസപ്പെടുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

പെരുമ്പപ്പുഴ, പുല്ലങ്കോട് പുഴയോരങ്ങളിലെ സർക്കാർ റവന്യൂ പുറമ്പോക്ക് സ്ഥലത്ത് ഇടതൂർന്ന് വളർന്ന് പന്തലിച്ച് നിൽക്കുന്ന കണ്ടൽക്കാടുകളുള്ള സ്ഥലങ്ങൾ വനംവകുപ്പ് ഏറ്റെടുത്ത് അതിർത്തിയിട്ട് 'കണ്ടൽ റിസർവ് വന'മായി സംരക്ഷിച്ചുവരുന്ന പ്രദേശമാണ് കുഞ്ഞിമംഗലം.

ഈ പ്രദേശത്തിന്റെ കണ്ടൽ സംരക്ഷണത്തിന്റെ ആവശ്യകത മുന്നിൽക്കണ്ട് കർഷകമിത്ര, ഒരേ ഭൂമി ഒരേ ജീവൻ, സീക്ക്, ജൈവകർഷകസമിതി, വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ലു.ടി.ഐ.) തുടങ്ങി നിരവധി പരിസ്ഥിതി സംഘടനകളും പ്രവർത്തകരും ഇവിടെ സ്ഥലം വിലയ്ക്കുവാങ്ങി കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.

നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമവും തീരദേശസംരക്ഷണനിയമവും ലംഘിച്ചുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തുന്നതെന്നും അതിനാൽ വയലിലും ചതുപ്പിലും മണ്ണിട്ട് നികത്തിയവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നികത്തിയ സ്ഥലത്തെ മണ്ണ് നീക്കംചെയ്യാനുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൗരാവകാശ-പരിസ്ഥിതി സംരക്ഷണസമിതി ചെയർമാൻ പി.പി. രാജൻ വില്ലേജ് ഓഫീസർ, കൃഷിഭവൻ, പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ, കളക്ടർ, ആർ.ഡി.ഒ. എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.