മലപ്പുറം : സംസ്ഥാനത്ത് കാലങ്ങൾ പഴക്കമുള്ള വീടുകൾ പുതുക്കിപ്പണിയാനോ ഉടമസ്ഥാവകാശം മാറ്റാനോ സാധിക്കാതെ നിരവധി പേർ നിയമക്കുരുക്കിൽ. 2008-ൽ നടപ്പാക്കിയ തണ്ണീർത്തട സംരക്ഷണ നിയമമാണ് ഇതിന് കാരണം. വീട് വിൽക്കാനും കഴിയുന്നില്ല. ഇതു കാരണം വസ്തു വിറ്റാലും വീടിന് തുക കിട്ടില്ല. ഇങ്ങനെയുള്ള നൂലാമാലകൾ കാരണം നിരവധി സാധാരണക്കാരും പ്രതിസന്ധിയിലാണ്.

റവന്യൂ വകുപ്പിൽനിന്ന് ലഭിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ നഞ്ച, നിലം, വയൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് രേഖപ്പെടുത്തിയാൽ കെട്ടിടങ്ങളുടെ പുനർനിർമ്മാണം തടസ്സപ്പെടും. ഇതു കാരണം വീട് പുതുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി ലഭിക്കില്ല. ഈ സാങ്കേതിക പ്രശ്‌നം കാരണം കാലപ്പഴക്കമുള്ള വീടുകൾപോലും പുതുക്കിപ്പണിയാനാകുന്നില്ല. ഇത് ദുരന്തങ്ങൾക്കും കാരണമായേക്കും.

കുടുംബസ്വത്തായും മറ്റും ലഭിക്കുന്ന ഭൂമിയിലെ പഴയ വീടിന്റെ ഉടമസ്ഥാവകാശം മാറിക്കിട്ടാനും ഇതേ തടസ്സമുണ്ട്. തണ്ണീർത്തടങ്ങളോട് ചേർന്നുകിടക്കുന്ന മിക്ക കരഭൂമികളും റവന്യൂ രേഖകളിൽ നഞ്ച, നിലം, വയൽ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നിയമം വരുന്നതിന്റെ പതിറ്റാണ്ടുകൾക്കുമുൻപ് എല്ലാ ചട്ടങ്ങളും പാലിച്ച് വീടുവെച്ചവരാണ് ഇവരെല്ലാം.

വീട് പുനരുദ്ധാരണത്തിനോ ഉടമസ്ഥാവകാശം മാറ്റാനോ തദ്ദേശസ്ഥാപനങ്ങളിലെത്തുമ്പോഴാണ് ജനിച്ചുവളർന്ന വീട് വാസയോഗ്യമല്ലാത്ത ഭൂമിയിലാണെന്ന് തെളിയുന്നത്. തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിനുമുൻപ് നിർമ്മിച്ച് നികുതിയടച്ചുവരുന്ന വീടുകൾ ഏതു ഭൂമിയിലാണെങ്കിലും പുതുക്കിപ്പണിയാനും വിൽക്കാനുമുള്ള അനുമതി നൽകണമെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന് മുമ്പിൽ നിരവധി അപേക്ഷകളുണ്ട്. എന്നാൽ സർക്കാർ തീരുമാനം എടുക്കുന്നുമില്ല.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റൽ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നു. 25 സെന്റ് വരെയുള്ള നെൽവയൽ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കുകയും ചെയ്തു. നേരത്തെ ഈ ആനുകൂല്യം 2021 ഫെബ്രവുരി 25 മുതലുള്ള അപേക്ഷകൾക്കായിരുന്നു അനുവദിച്ചിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സൗജന്യം അതിനു മുമ്പുള്ള അപേക്ഷകൾക്കും ബാധകമാക്കി പുതിയ ഉത്തരവിറക്കിയത്. പക്ഷേ ഇതൊന്നും മുമ്പ് വീടു വച്ചവർക്ക് കിട്ടുന്നില്ലെന്നതാണ് വസ്തുത.

2018ലെ ഭേദഗതി പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളിൽ തരം മാറ്റാൻ 2017 ഡിസംബർ 30വരെ കൈവശമുള്ളവരെയാണ് അനുവദിച്ചിരുന്നത്. ഇതിനുശേഷം ഈ ഭൂമി വാങ്ങിയവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതൊഴിവാക്കി, നിയമാനുസൃതം കൈമാറ്റം ചെയ്ത് കിട്ടുന്നവർക്കും തരം മാറ്റാൻ അനുമതി നൽകി. അപേക്ഷകന്റെ കൈവശം മറ്റു തരത്തിലുള്ള ഭൂമിയുണ്ടാകാൻ പാടില്ലെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ അത് പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവുണ്ട്.

സർവേ ചെയ്യപ്പെടാത്ത വില്ലേജുകളിലെ ഭൂമികളുടെ സ്വഭാവ വ്യതിയാനത്തിന് അനുമതി നൽകുമ്പോൾ, പ്രസ്തുത ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്റർ, ബിടിആർ എന്നിവയും കൈവശവും പരിശോധിച്ചും കൂടാതെ, 2008 കാലഘട്ടത്തിലുള്ള ഭൂമിയുടെ സ്ഥിതിവിവരം സംബന്ധിച്ച കെഎസ്ആർഇസി റിപ്പോർട്ട് പരിശോധിച്ചും വ്യതിയാനത്തിന് അനുമതി നൽകുന്നതിൽ ആർഡിഒമാർക്ക് തീരുമാനമെടുക്കാമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഇതൊന്നും ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുക്കാത്തതാണ് പഴയ വീടുകൾക്ക് വിനയാകുന്നത്.