കണ്ണൂര്‍: കണ്ണൂര്‍ അയ്യങ്കുന്നിന് പിന്നാലെ മറ്റിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുയരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്തെ വട്ടിപ്രത്ത് മനുഷ്യ നിര്‍മ്മിത ഉരുള്‍പൊട്ടല്‍. ഇവിടെ പ്രവര്‍ത്തിച്ചു വന്ന ക്വാറിയുടെ ഒരു ഭാഗം തകര്‍ന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകി ഒരു വീട് പൂര്‍ണമായും തകര്‍ന്നു.

മറ്റൊരു വീടിന് ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വട്ടിപ്രം. മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു. നാല് വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്വാറിയില്‍ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീണപ്പോള്‍ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ സംശയിക്കുന്നു. അപകടത്തില്‍ ഒരു സ്ത്രീക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിശമനസേനയും പൊലിസും സംഭവ സ്ഥലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം നടത്തുന്നു.ആളപായമില്ല നേരത്തെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്. ഇത്തരത്തിലുള്ള നിരവധി ചെങ്കല്‍ കരിങ്കല്‍ ക്വാറികളാണ് പാനൂര്‍ കൂത്തു പറമ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കില്‍ അയ്യങ്കുന്നിലും ക്വാറിക്ക് സമീപം ഉരുള്‍ പൊട്ടി വന്‍ നാശനഷ്ടമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ഇവിടെ ക്യാംപ് ചെയ്യുകയാണ്. കര്‍ണാടക വനമേഖലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലെ താഴ് വാര പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ് 'വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതു കാരണം തീരദേശ പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.

എന്നാല്‍ കനത്ത മഴ തുടരുമ്പോഴും ജില്ലയില്‍ അപകടരമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ കലക്ടര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.