ജോഷിമഠ്:ബദ്രിനാഥിന്റെ കവാടമെന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന അപൂർവ്വ പ്രതിഭാസം തുടരുന്നു.ഇതോടെ ഇടിഞ്ഞുതാഴുന്ന നഗരമായി മാറിയ ജോഷിമഠിൽ വിള്ളൽവീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി.വിള്ളലുകളുടെ ഭാഗമായി സിങ്ധർ പ്രദേശത്ത് വെള്ളിയാഴ്ച ക്ഷേത്രം തകർന്നു.561 വീട്ടിൽ ഇതുവരെ വിള്ളലുകൾ വീണിട്ടുണ്ടെന്നാണ് കണക്ക്.മൂന്നു ദിവസം മുമ്പ് ജലാശയം തകർന്ന മാർവാറി പ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 

3000ത്തിലേറെ വീടുകൾ അപകടാവസ്ഥയിലാണ്.നാൽപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.ജോഷിമഠിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗിലും 50വീടുകളിലടക്കം വിള്ളൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്.50,000 പേരാണ് കർണപ്രയാഗിൽ താമസിക്കുന്നത്.ജോഷിമഠിൽ ശാസ്ത്രജ്ഞരടക്കം വിദഗ്ധസംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ തുടർന്ന് ചാർധാം ഓൾ വെതർ റോഡ്, എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവച്ചു.ഏഷ്യയിലെ ഏറ്റവും വലിയ റോപ്വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി.വീടുവിട്ട് പോകേണ്ടി വരുന്നവർക്ക് അടുത്ത ആറുമാസത്തേക്ക് വാടക ഇനത്തിൽ 4000 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.പ്രദേശം മുഖ്യമന്ത്രി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ശനിയാഴ്ച സന്ദർശിച്ചിരുന്നു.

ജോഷിമഠിൽ ഒരു വർഷത്തിലേറെയായി മണ്ണിടിച്ചിൽ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്‌നം ഇത്രയും രൂക്ഷമായത്.അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഭീഷണിക്ക് കാരണമെന്നാണ് ആരോപണം.അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠ് തഹസിൽദാർ ഓഫിസിനു മുന്നിൽ വെള്ളിയാഴ്ചയും ജനങ്ങളുടെ പ്രതിഷേധം തുടർന്നു.

സർക്കാർ നടത്തിയ വൻകിട നിർമ്മാണമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് ജിയോളജിസ്റ്റുകൾ ആരോപിച്ചു. വിശദമായ പഠത്തിനായി കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.ജോഷിമഠിലും കർണ പ്രയാഗിലും ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴുന്നത് രൂക്ഷമാവുകയാണ്. 650 വീടുകളും റോഡുകളും തകർന്നു.

എത്രയും പെട്ടെന്ന് 4000 ഒളം പേരെ ഒഴിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടർ സജ്ജമാക്കി.കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ഗ്രാമീണർ ഇന്നലെ വൈകുന്നേരത്തോടെ ജോഷിമഠ് വിട്ടു.പ്രദേശത്ത് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.