കോഴിക്കോട്: ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള സൈന്യത്തിന്റെ തെരച്ചിലില്‍ അതൃപ്തിയറിയിച്ച് അര്‍ജുന്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യം എത്തിയപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല പറഞ്ഞു.

അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല പറഞ്ഞു. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു.

ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ തെരച്ചിലിലും കരയില്‍ നിന്ന് ലോറി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ തന്നെ പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്.

സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ തെറ്റി. അവര്‍ക്ക് യാതൊന്നും ചെയ്യാനായില്ല. തെരിച്ചിലിനായി മികച്ച ഉപകരണങ്ങള്‍ ഒന്നും എത്തിച്ചില്ല. ഇന്ത്യന്‍ മിലിട്ടറിയുടെ ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ടെന്നും അമ്മ പറഞ്ഞു

"ടണല്‍ ദുരന്തത്തില്‍ ആളുകള്‍ പെട്ടപ്പോള്‍ നടത്തിയതുപോലെയുള്ള ഇടപെടല്‍ നടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛന്‍ പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവര്‍ വന്നത്. വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചു തന്നു. പിന്നീട് അത് അവര്‍ തന്നെ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് യാതൊരു ബന്ധവുമുണ്ടായില്ല" അമ്മ പറഞ്ഞു.

മണ്ണെടുക്കല്‍ പതിവിലും നേരത്തെ നിര്‍ത്തുകയായിരുന്നു. ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിനെ ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. മനുഷ്യനെ രക്ഷിക്കാന്‍ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കുന്നില്ല.

അവരെ ആരും ശ്രദ്ധിക്കുന്നില്ല. അഫ്ഗാനില്‍ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണോ എന്നാണ് സംശയിക്കുന്നത്. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. അതിപ്പോള്‍ തെറ്റിയെന്നും അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. അതിനകത്തുള്ളത് എന്റെ മകനാണ്.

അമ്മയും ഭാര്യയും മകനും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞത്. മനസ്സുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങള്‍. ഒരാളുടെ മനസ്സിലെ ചിന്ത മൂന്നുപേരുടെ ഉള്ളിലും ഒരു പോലെ പോകും. തന്റെ മകന് അപകടത്തില്‍ എന്തെങ്കിലും പറ്റി എന്നറിഞ്ഞാല്‍ അത് ഉള്‍ക്കൊള്ളും. സഹനം എന്നതിന്റെ അങ്ങേ തലയ്ക്കല്‍ എത്തിയിരിക്കുകയാണ്. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. വീഴാന്‍ സാധ്യതയുള്ള ഒരു കുഴിയില്‍ തപ്പാതെ അവിടെ മണ്ണ് കൊണ്ടു പോയിട്ടുവെന്നും അമ്മ പറഞ്ഞു.

വാഹനത്തിന്റെ മുതലാളിമാരും ഡ്രൈവര്‍മാരും അവിടെയുണ്ട്. അവരെ ഒന്നും തിരച്ചില്‍ നടക്കുന്നിടത്തേക്കു കടത്തി വിടുന്നില്ല. നമ്മള്‍ മലയാളികള്‍ ആയതുകൊണ്ടാണ് ഇത്രയും ശ്രദ്ധ കിട്ടിയത്. എന്നാല്‍ അതൊന്നുമല്ലാത്ത വേറെ മൂന്ന് പേരെ കൂടി അവിടെ കാണാതായിട്ടുണ്ട്. അവരുടെ ആള്‍ക്കാരൊക്കെ വന്നപ്പോള്‍ അവരെ പൊലീസ് ആട്ടിയോടിക്കുകയാണുണ്ടായത്. സഹനത്തിന്റെ അങ്ങേയറ്റത്തെത്തി. ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.