- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടി; 17 പേരെ പാർപ്പിച്ചത് രണ്ട് മുറികളുള്ള വീട്ടിൽ; മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ല; പെൺകുട്ടികൾ പഠനം നിർത്തി; വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ; പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി നാക്കുമുരുപ്പിലെ ആദിവാസി കുടുംബങ്ങൾ എങ്ങനെ ഓണം ആഘോഷിക്കും
പത്തനംതിട്ട : 2021 ഒക്ടോബർ 23 നുണ്ടായ ഉരുളപൊട്ടലിൽ കിടപ്പാടം നഷ്ടപെട്ട് ദുരിതത്തിൽ നിന്നും കരകയറാതെ നാലു കുടുംബങ്ങൾ. സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. കഴിഞ്ഞ രണ്ടു മാസമായി 4 കുടുംബങ്ങളിൽപ്പെട്ട 17 പേർ രണ്ട് കിടപ്പുമുറികളുള്ള കൊച്ചുവീട്ടിലാണ് ജീവിതം തള്ളി നീക്കിയത്.
ഇവരിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള 27 വയസുകാരിയും, കൈകുഞ്ഞും നാലു യുവതികളുമുണ്ട്. പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ നാക്കുമുരുപ്പിലെ നാലു കുടുംബങ്ങളാണ് ദുരിതത്തിൽ ജീവിതം തള്ളി നീക്കുന്നത്. ആകെയുണ്ടായിരുന്ന ഭൂമി ഉരുളെടുത്തു. വെള്ളം കയറി നശിച്ച വീട്ടിൽ താമസിക്കാൻ കഴിയില്ല. ഉപജീവനമാർഗമായ കൃഷി നശിച്ചു. ആടിനെയും പശുക്കളെയും വളർത്തിയിരുന്നവർ കിടപ്പാടം നഷ്ടമായതോടെ അവയെ വിറ്റൊഴിവാക്കി. ജീവിത ചെലവിനും കറന്റ് ബില്ല് അടയ്ക്കുന്നതിനുമായി പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
രണ്ടു മാസത്തോളമായി വലിയൊരു കൂട്ടുകുടുംബമായാണ് പൂവത്തൂമൂട്ടിൽ രാഘവനും ഭാര്യ തങ്കമ്മയും ഇവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി കഴിയുന്നത്. പ്രതിഷേധമുയർന്നതിനെ തുടർന്ന് ഒരു കുടുംബത്തെ മറ്റൊരു വാടക വീട്ടിലേക്കു മാറ്റി. അനുകൂല്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങി മടുത്തു. 10 ലും 9 ലും പഠിച്ചിരുന്ന രണ്ടു പെൺകുട്ടികളുടെ പഠനം മുടങ്ങി. എല്ലാം നഷ്ടമായത്തോടെ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലെന്ന് തങ്കമ്മ പറയുന്നു.
രാഘവന്റെ കുടുംബത്തിന് നഷ്ടപരിഹാര തുകയായ 2 ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചതിൽ ആദ്യ ഗഡുവായി 71000രൂപ മാത്രമേ ലഭിച്ചുള്ളു. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ കൊടുത്തിട്ടുള്ള്ളതിനാൽ ബാക്കി തുക ഇനിയും ലഭിച്ചിട്ടില്ല. മറ്റു നാലു കുടുംബങ്ങളെ ഇതുവരെ ധനസഹായം ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുമില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണു പ്രദേശത്തു ഉരുളപൊട്ടൽ ഉണ്ടായത്. അഞ്ചു വീടുകൾക്ക് കേടുപാട് സംഭവിച്ചു. രണ്ടു വീടുകൾ പൂർണമായി തകർന്നു. മൂന്ന് വശങ്ങളും വനത്താൽ ചുറ്റപ്പെട്ട മേഖലയിൽ ഉരുളുപൊട്ടിയപ്പോൾ ആളുകൾ ഓടികയറിയത് വനത്തിലേക്കായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്‌നിരക്ഷാസേന എത്തിയാണ് 7 മാസം ഗർഭിണിയായ യുവതിയെയും വീട്ടിൽ കുടുങ്ങിയ കിടപ്പുരോഗിയെയുമടക്കം രക്ഷപെടുത്തി തൊടിന് അക്കരെയുള്ള മറ്റൊരു വീട്ടിൽ എത്തിച്ചത്.