തിരുവനന്തപുരം : അഞ്ചു ബമ്പർ ലോട്ടറികൾ, പതിവായുള്ള മറ്റ് ലോട്ടറി സമ്മാനങ്ങൾ കേരളത്തിന്റെ ഭ്ഗ്യ ബ്രാൻഡായി മാറുന്ന ഭഗവതി ഏജൻസീസ് ഉടമ തങ്കരാജന്റേത് ലോട്ടറിക്കായുള്ള സമർപ്പിത ജീവിതമാണ്.20 കൊല്ലം മുൻപ് ആറ്റിങ്ങൽ റോഡരികിൽ ചെറിയ തട്ടിൽ തുടങ്ങിയതാണ് തങ്കരാജന്റെ ലോട്ടറി കച്ചവടം. ചിറയിൻകീഴ് സ്വദേശിയായ തങ്കരാജൻ അമ്മയുടെ പേരും ശാർക്കര ദേവീക്ഷത്രവും മനസിൽ കരുതിയാണ് ലോട്ടറി തട്ടിന് ഭഗവതി എന്ന് പേരിട്ടത്. തന്റെ തട്ടിൽ നിന്നെടുക്കുന്ന ലോട്ടറികൾക്ക് സമ്മാനങ്ങൾ ലഭിച്ച് തുടങ്ങിയതോടെ ആറ്റിങ്ങലിൽ ഒരു ചെറിയ കടമുറി വാടകയ്ക്ക് എടുത്ത് വിൽപ്പന തുടങ്ങി. ഇതോടെ ഭഗവതി ഏജൻസിയായി.

സമ്മാനങ്ങൾ ലഭിക്കുന്നത് കൂടി വന്നതോടെ ഒരു വലിയ കടമുറി വാങ്ങി അവിടെ വിൽപ്പന ആരംഭിച്ചു.അങ്ങനെ 20 വർഷം കൊണ്ട് സംസ്ഥാനത്ത് 21 ലോട്ടറി വിൽപ്പനശാലകളായി . ഇതിൽ 19 എണ്ണവും തിരുവനന്തപുരത്തും ബാക്കി രണ്ടെണ്ണം പരവൂരിലും പാരിപ്പള്ളിയിലുമാണ്. ഇത്തവണത്തെ ബംബർ സമ്മാനം കൂടിയായപ്പോൾ തങ്കാരാജന്റെ ഭഗവതി ലോട്ടറി ഏജൻസിക്ക് ഇത് ബംബറിടിക്കുന്നത് അഞ്ചാം തവണയാണ്.

നാല് കോടി സമ്മാനമുള്ള 2017ലെ ക്രിസ്മസ് ന്യൂ ഇയർ ബമ്പറും ഇതേ വർഷം വിഷുബമ്പറും സമ്മാനം ലഭിച്ച ടിക്കറ്റ് ഭഗവതി ഏജൻസിയിൽ നിന്ന് വിറ്റതാണ്.2015ൽ ഏഴ് കോടി സമ്മാനതുകയുള്ള ഓണം ബമ്പറും ഇതേ വർഷം രണ്ട് കോടിയുള്ള സമ്മർ ബംബർ അടിച്ചതും ഭഗവതി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ്. ഇതുകൂടാതെ കേരള ഭാഗ്യക്കുറിയുടെ പ്രതിദിന-പ്രതിവാര നറുക്കെടുപ്പുകളിൽ 125 തവണ ഒന്നാം സമ്മാനവും ഭഗവതി ലോട്ടറി ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.

ദിവസേന ഒരു ലക്ഷത്തിലധികം വിറ്റുവരവുണ്ട് തങ്കാരാജന്റെ ലോട്ടറി കടകളിൽ. ഒന്നാം സമ്മാന ജേതാവിന് 10ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. ടിക്കറ്റ് ഹാജരാക്കി 30 ദിവസത്തിനുള്ളിൽ പണം ലഭിക്കും. ഭഗവതി ഏജൻസിക്ക് 2.5 കോടി രൂപയാണ് കമ്മിഷൻ. നികുതി കിഴിച്ച് 1.60 കോടി രൂപയാണ് തങ്കരാജൻ ലഭിക്കുക.

ശനിയാഴ്ച രാത്രി 7.30നാണ് അനൂപ് ലോട്ടറി എടുത്തത്. ലോട്ടറി വകുപ്പ് രണ്ടാഴ്്ച മുമ്പ് പുറത്തിറക്കിയ അഞ്ചുലക്ഷം ടിക്കറ്റിൽ ഉൾപ്പെട്ടതാണ് ഈ ടിക്കറ്റും. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് തിരുവോണം ബമ്പറിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ. ഏജൻസിയിലെത്തിയ അനൂപ് ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ഠഖ 750605 എന്ന ടിക്കറ്റ് എടുത്തത്.

ഓണം ബമ്പർ വിൽപ്പനയിലൂടെ 315 കോടിയിലധികം രൂപയാണ് സർക്കാരിന് ലഭിച്ചത്. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വർഷം ഓണം ബമ്പർ ടിക്കറ്റ് വിൽപ്പന വഴി സർക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോൾ മൊത്തക്കച്ചവടക്കാർ മുതൽ നടന്നു വിൽപ്പന നടത്തുന്നവർ വരെയുള്ള ലോട്ടറി ഏജന്റുമാർ തുടക്കത്തിൽ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നൽകി ആളുകൾ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാൽ വിൽപന തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകൾ വിറ്റു തീർന്നത്. ബമ്പർ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്.

ടിക്കറ്റു വിൽപ്പന കൂടിയതോടെ ചില്ലറ വിൽപ്പന ഏജന്റുമാർക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടർ ഘട്ടങ്ങളിൽ കൂടുതൽ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീർക്കുകയായിരുന്നു ലോട്ടറി വകുപ്പ്. ആദ്യം 60 ലക്ഷം ടിക്കറ്റ് അടിച്ചത് തീർന്നതോടെ നറുക്കെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ അഞ്ച് ലക്ഷം ടിക്കറ്റ് കൂടി അച്ചടിക്കുകയായിരുന്നു.