ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി 33ാം തവണയും മാറ്റുമ്പോൾ എന്തു കൊണ്ടാണ് ഇങ്ങനെ മാറ്റുന്നതെന്ന ചോദ്യം സജീവം. ഇനി ആറാഴ്ച കഴിഞ്ഞ് നവംബർ അവസാനം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത് നവംബർ 8നു വിരമിക്കുമെന്നതിനാൽ ഇനി പുതിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഏതു ബെഞ്ച് എന്നു തീരുമാനിക്കുക അടുത്ത ചീഫ് ജസ്റ്റിസായ ഡി.വൈ.ചന്ദ്രചൂഡായിരിക്കും.

ഇത് പിണറായിക്ക് നേട്ടമാകുമെന്ന് കരുതുന്നവർ പോലുമുണ്ട്. ബിജെപിയുടെ രാഷ്ട്രീയ ഇച്ഛകളൊന്നും ചന്ദ്രചൂഡിന് മുമ്പിൽ നടക്കില്ലെന്നാണ് ഇടതു പക്ഷം പറയുന്നത്. ഏതായാലും ലാവ് ലിൻ കേസിനോട് ഇതുവരെ എത്തിയ ചീഫ് ജസ്റ്റീസുമാർക്കൊന്നും വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. തുടക്കത്തിൽ സിബിഐ തന്നെ കേസ് നിരന്തരം നീട്ടി വയ്‌പ്പിച്ചു. ഇപ്പോൾ കോടതിയും മാറ്റുന്നു. സിബിഐയുടെ കേസ് മാറ്റലിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന വാദം പല കോണുകളും ഉയർത്തിയ കേസാണ് ഇത്.

വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയാണു മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റിവച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് യു.യു. ലളിത് വ്യക്തമാക്കി. 2017 മുതൽ കോടതിയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി അറിയിച്ചു.

2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം നാലര വർഷത്തിലേറെയായി കേസ് തുടർച്ചയായി മാറ്റിവയ്ക്കുകയാണ്. വിശദമായ വാദം കേൾക്കാൻ നിലവിൽ സമയക്കുറവുള്ളതിനാലാണ് കേസ് മാറ്റിയതെന്നു കോടതി അറിയിച്ചു. 2020 മുതൽ ഹർജികൾ പരിഗണിച്ചുവന്നത് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്; അതിനു മുൻപ് ജസ്റ്റിസ് എൻ.വി.രമണയുടെ ബെഞ്ചും. രണ്ടു ബഞ്ചും പിണറായിയുടെ കേസിനോട് ഒരു താൽപ്പര്യവും കാട്ടിയില്ല. നിരന്തര ആക്ഷേപങ്ങൾക്ക ശേഷമാണ് ഹർജിയിൽ സിബിഐ വാദത്തിന് തയ്യാറായത്. അപ്പോഴേക്കും കോടതി തിരക്കുകളിൽ കേസ് കുടുങ്ങുന്നുവെന്നതാണ് വസ്തുത.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കാനഡയിലെ എസ് എൻ സി ലാവ്ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ 86.25 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് സി ബി ഐ കണ്ടെത്തിയത്. ലാവ്ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലാണ് സിബിഐ പിണറായി വിജയനെതിരെ കോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

നാലു വർഷത്തിനിടെ 33 തവണ ഹർജികൾ പരിഗണിക്കുന്നതു മാറ്റി. ഹർജി നിരന്തരം മാറി പോകുന്നെന്നു കക്ഷി ചേർന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇനി മാറ്റരുതെന്ന പുതിയ നിർദ്ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റിവച്ചു.