ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്രസർക്കാർ രംഗത്തുവന്നിരിക്കയാണ്. ഇന്ത്യൻ പീനൽ കോഡ്, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകൾ ലോക്‌സഭയിൽ ഇന്നലെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റുന്നുവെന്ന് വ്യക്തമാക്കി കൊണ്ടാണ് കേന്ദ്രസർക്കർ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഇംഗ്ലീഷിൽ നിന്നും ഹിന്ദി ഭാഷായിലേക്കാണ് ഈ മാറ്റം. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. 1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം 'ഭാരതീയ ന്യായ സംഹിത', 1898ലെ ക്രിമിനൽ നടപടി ചട്ടത്തിന് പകരം 'ഭാരതീയ നാഗരിക് സുരക്ഷാ സംഹിത', 1872ലെ തെളിവ് നിയമത്തിന് പകരം 'ഭാരതീയ സാക്ഷ്യ അദിനിയം' എന്നിവ അവതരിപ്പിച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നതിനാൽ എതിർപ്പുണ്ടായില്ല. മൂന്നു ബില്ലും ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.

രാജ്യദ്രോഹം പുതിയ രൂപത്തിലോ?

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കി എന്നാണ് അമിത്ഷാ ലോക്‌സഭയിൽ പറഞ്ഞത്. എന്നാൽ, സുപ്രീംകോടതി ഉത്തരവോടെ ഇല്ലാതായ രാജ്യദ്രോഹ നിയമം പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം.

റദ്ദാക്കിയ '124 എ' വകുപ്പിന്റെ മൂർച്ചകൂട്ടുന്ന ബില്ലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. 'രാജ്യദ്രോഹം' എന്ന വാക്ക് മാത്രം ഒഴിവാക്കുന്ന ബില്ലിൽ രാജ്യത്തിനെതിരെയെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്ന പരാമർശം പോലും കുറ്റകരമാക്കുന്ന തരത്തിൽ വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി.

രാജ്യദ്രോഹക്കുറ്റമായ '124 എ' വകുപ്പിനുപകരം ബില്ലിൽ '150' എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി. 'രാജ്യദ്രോഹം' എന്ന പരാമർശത്തിന് പകരം 'ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തൽ 'എന്ന് മാറ്റി. 150-ാം വകുപ്പ് പ്രകാരം ആരെങ്കിലും ബോധപൂർവം എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളാലോ, ചിത്രങ്ങൾ-ദൃശ്യങ്ങൾ-ചിഹ്നങ്ങൾ എന്നിവയാലോ, ഇലക്ട്രോണിക് ആശയവിനിമയത്താലോ, സാമ്പത്തികമാർഗങ്ങളാലോ വിഭജനത്തിനോ സായുധകലാപത്തിനോ അട്ടിമറി പ്രവർത്തനങ്ങൾക്കോ ശ്രമിക്കുക, വിഘടനവാദത്തിന് പ്രേരിപ്പിക്കുക, അതല്ലെങ്കിൽ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും അപകടം വരുത്തുക എന്നീ കുറ്റങ്ങൾ ചെയ്താൽ ജീവപര്യന്തം തടവ് അതല്ലെങ്കിൽ പിഴയോടുകൂടി ഏഴുവർഷംവരെ തടവ് ആണ് ശിക്ഷ.

'കൊളോണിയൽകാല രാജ്യദ്രോഹക്കുറ്റം' ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടുള്ള മോദി സർക്കാരിന്റെ നടപടി യഥാർഥത്തിൽ കൂടുതൽ ശക്തമാക്കി രാജ്യദ്രോഹനിയമം പുനരവതരിപ്പിക്കുന്നു. സാമ്പത്തികമാർഗങ്ങൾ, വിഘടനവാദത്തിന് പ്രേരിപ്പിക്കൽ, സർക്കാരിനെതിരായ അട്ടിമറിനീക്കങ്ങൾ എന്നിവയും ഇനി 'രാജ്യദ്രോഹ' പരിധിയിൽവരും.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ബ്രിട്ടിഷ് സർക്കാർ കൊണ്ടുവന്ന നിയമം തുടരുന്നതിലെ യുക്തി, സർക്കാരിനെതിരായ വിമതശബ്ദം അടിച്ചമർത്തുന്നവിധമുള്ള ദുരുപയോഗം ചെയ്യൽ തുടങ്ങിയവയാണ് ഇക്കാര്യത്തിൽ കോടതി പ്രകടിപ്പിച്ച ആശങ്ക. രാജ്യദ്രോഹമെന്ന വാക്ക് ഒഴിവാക്കിയെങ്കിലും പുതിയ ബില്ലിലും നിയമം നിലനിർത്തുകയാണു സർക്കാർ ചെയ്തിരിക്കുന്നതെന്നാണു പ്രതിപക്ഷത്തെ നേതാക്കളുടെ വിലയിരുത്തൽ.

രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്ന നടപടി താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. നിലവിലുള്ള നിയമത്തിന്റെ സാധുത അവലോകനം ചെയ്യാനും ഭേദഗതികൾ കൊണ്ടുവരാനും നിർദ്ദേശിച്ചു. ഇതിന്റെ മറവിലാണ് 'രാജ്യദ്രോഹം' എന്ന പദം മാത്രം മാറ്റി എന്നാൽ നിയമം കൂടുതൽ കർക്കശമാക്കി പുതിയ ബിൽ അവതരിപ്പിച്ചത്.

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ

ആൾക്കൂട്ട കൊലപാതകങ്ങൾക്കും പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമത്തിനും വധശിക്ഷ, കൂട്ടബലാത്സംഗത്തിന് 20 വർഷംവരെ തടവ്, വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിന് 10 വർഷം തടവ് എന്നീ ഭേദഗതികളും പുതിയ ബില്ലുകളിലുണ്ട്. ഭാര്യയുമായുള്ള ലൈംഗികബന്ധം, ഭാര്യക്ക് 18 വയസ്സിനു മുകളിൽ പ്രായമാണെങ്കിൽ ബലാത്സംഗമായി കണക്കാക്കില്ല എന്നതടക്കം സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലകല്പിക്കാത്ത നിയമനിർമ്മാണവും ബിൽ ശുപാർശ ചെയ്യുന്നു.

നിലവിലുള്ള ശിക്ഷാ നിയമങ്ങൾക്കും തെളിവ് നിയമങ്ങൾക്കും പകരം കൊണ്ടുവരുന്ന ബില്ലുകളിൽ ഭീകരവാദത്തിന് നിർവചനം നൽകുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളിൽ ഭീകരവാദത്തിന് നിർവചനമില്ല. സായുധകലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദം, ഐക്യം, ഇന്ത്യയുടെ പരമാധികാരം അഖണ്ഡത എന്നിവയ്ക്കു നേരെയുള്ള വെല്ലുവിളികൾ എന്നിവയാണ് ഭീകരവാദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നതെന്ന് ഷാ ബില്ലുകൾ അവതരിപ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

പുതിയ ബില്ലുകളിൽ ആൾക്കൂട്ട ആക്രമണത്തിനെതിരേ ശിക്ഷാ വിധികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലുള്ളതായി വീക്ഷിക്കുന്നില്ല. മതം ഉൾപ്പെടെയുള്ള ഒരു വിവേചനവും ഇല്ല. ഗ്രാമപ്രദേശങ്ങളിൽ മോഷ്ടാക്കളെന്നും മറ്റും ആരോപിച്ച് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുണ്ട്. സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളുണ്ട്. ഇവയെല്ലാം പുതിയ ബിൽ പ്രകാരം ശിക്ഷാർഹമായിരിക്കും. വിവാഹവാഗ്ദാനം വ്യാജമായി നൽകിയുള്ള ലൈംഗിക പീഡനത്തിനും ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലും മത-ജാതി വിവേചനം ലക്ഷ്യമിട്ടിട്ടില്ല. അതുപോലെ യു.എ.പി.എ., മോക്ക തുടങ്ങിയ നിയമങ്ങൾ നിലനിൽക്കുമെന്നും മന്ത്രി വിശദീകരിച്ചു.

പുതിയ വ്യവസ്ഥകൾ പ്രകാരം, കേസെടുക്കുന്നതിൽ പൊലീസ് സ്റ്റേഷനുകളിൽ അതിർത്തിത്തർക്കമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഏത് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ ഈ കേസുകൾ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്റ്റേഷനുകളെ അറിയിച്ചിരിക്കണം. ഈ വ്യവസ്ഥ വരുന്നതോടെ കേസെടുക്കുന്നതിൽനിന്ന് ഒഴിയാൻ പൊലീസിന് കഴിയില്ല. ഏഴുവർഷമോ അതിൽ കൂടുതലോ ശിക്ഷ ഉറപ്പുള്ള കുറ്റകൃത്യം നടന്ന സ്ഥലം ഫൊറൻസിക് വിദഗ്ദ്ധർ സന്ദർശിക്കണമെന്നത് നിർബന്ധിതമാക്കുമെന്നും വ്യവസ്ഥയുണ്ട്.

തെളിവ് രേഖകളായി ഹാജരാക്കാവുന്നവയിൽ ഇലക്ട്രോണിക്, ഡിജിറ്റൽ റെക്കോഡുകൾ, ഇ-മെയിലുകൾ, കംപ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, എസ്.എം.എസുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവയെ ഉൾപ്പെടുത്തി. ജാമ്യത്തിന് അർഹമായ കുറ്റകൃത്യങ്ങളിൽ നിർബന്ധിത സാമൂഹികസേവനം ശിക്ഷാ വിധിയാകും. ഏതൊക്കെ സാമൂഹിക സേവനമാണ് ഇതിൽ ഉൾപ്പെടുത്തുക എന്നത് ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ നിർവചിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫോട്ടോയെടുത്ത ശേഷം തൊണ്ടി തിരിച്ചു നൽകും

സ്റ്റേഷനുകളിൽ വാഹനങ്ങൾ അടക്കമുള്ള തൊണ്ടി മുതലുകൾ വർഷങ്ങളായി സൂക്ഷിക്കുന്ന പതിവിനു പുതിയ നിയമ സംഹിതയിൽ മാറ്റം വരുമെന്ന് അമിത് ഷാ പറഞ്ഞു. തൊണ്ടി വസ്തുക്കളുടെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്ത ശേഷം ഒരു മാസത്തിനകം അതു വിട്ടുനൽകണം. ലഹരി വസ്തുക്കളാണെങ്കിൽ ഫോട്ടോയോ വിഡിയോയോ എടുത്ത ശേഷം നശിപ്പിക്കണം. ഫോട്ടോ അല്ലെങ്കിൽ വിഡിയോ തെളിവായി ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങളിൽ സ്വത്തു കണ്ടുകെട്ടുന്ന വ്യവസ്ഥ കർശനമായി നടപ്പാക്കും. '2 കോടി രൂപ കബളിപ്പിച്ചയാൾക്ക് ശിക്ഷ കൊടുക്കുന്നതു കൊണ്ടു നീതി നടപ്പാവുന്നില്ല. കബളിപ്പിക്കപ്പെട്ടയാൾക്ക് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടിയാലേ നീതി നടപ്പാവൂ' അമിത് ഷാ പറഞ്ഞു.

ഇന്ത്യൻ മൂല്യബോധത്തെ അടിസ്ഥാനമാക്കിയ വ്യവസ്ഥകളെന്ന് മന്ത്രി

1860-ലെ ഇന്ത്യൻ ശിക്ഷാ നിയമം(പീനൽ കോഡ്), 1973-ലെ ക്രിമിനൽ നടപടി ചട്ടം, 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്ലുകൾ കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്തുകൊണ്ടുവന്നതാണ് നിലവിലുള്ള ഈ നിയമത്തിൽ ഭൂരിഭാഗം വ്യവസ്ഥകളുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈ നിയമങ്ങൾ ബ്രിട്ടീഷ് ഭരണവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് സൃഷ്ടിച്ചവയാണ്. ലക്ഷ്യം ശിക്ഷയാണ്. നീതി ലഭ്യമാക്കലല്ല. പുതുതായി കൊണ്ടുവരുന്ന ഈ ബില്ലുകളിൽ, ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം -ഷാ വിശദീകരിച്ചു.

18 സംസ്ഥാനങ്ങൾ, ആറ് കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീംകോടതി, 16 ഹൈക്കോടതികൾ, അഞ്ച് ജുഡീഷ്യൽ അക്കാദമികൾ, 22 നിയമ സർവകലാശാലകൾ, 142 പാർലമെന്റംഗങ്ങൾ, 270 എംഎ‍ൽഎ.മാർ എന്നിവരുടെ അഭിപ്രായങ്ങൾ തേടിയശേഷമാണ് ബില്ലുകൾ തയ്യാറാക്കിയത്. ജസ്റ്റിസ് മളീമഠ് സമിതി, പ്രൊഫ. എൻ.ആർ. മാധവമേനോൻ സമിതി തുടങ്ങിയവർ വിശദമായി പഠിച്ച് നാലുവർഷം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ബില്ലുകൾ കൊണ്ടു വരുന്നത്. 158 യോഗങ്ങളിൽ താൻ തന്നെ നേരിട്ട് പങ്കെടുത്തുവെന്ന് മന്ത്രി പറഞ്ഞു.

2020-ലാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡെൻസ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന പ്രൊഫസർ ഡോ രൺബീർ സിങ് അധ്യക്ഷനായ സമിതിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി എന്നിവരും ഉൾപ്പെടുന്നു.