- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തനംതിട്ട കലക്ടറേറ്റിലെ രഹസ്യരേഖാ ചോർച്ച; സബ്കലക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ കലക്ടർ; ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ സിപിഐയുടെ ഇടപെടൽ: എൽഡി ക്ലാർക്ക് നിയമനത്തിലെ രേഖ ചോർത്തിയവർ തല ഉയർത്തി നടക്കുമ്പോൾ
പത്തനംതിട്ട: എൽഡി ക്ലാർക്ക് നിയമനം സംബന്ധിച്ച രഹസ്യരേഖ കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്നും രേഖകൾ ചോർന്ന സംഭവത്തിലെ അന്വേഷണം അട്ടിമറിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തിരുവല്ല സബ്കലക്ടർ ശ്വേതനാഗർകോട്ടി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ച് ഒരു മാസത്തോളം ആകുമ്പോഴും തുടർ നടപടി ഒന്നുമായിട്ടില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് കലക്ടർ റിപ്പോർട്ട് മുക്കിയെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു.
സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതാക്കൾ ഉൾപ്പെട്ട നിയമന മാഫിയ ആണ് കലക്ടറേറ്റിൽ നിന്ന് പി.എസ്.സി നിയമന ഉത്തരവ് ചോർത്തി സ്വന്തക്കാർക്ക് നൽകിയത്. ഈ വിവരം മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും രേഖ ചോർന്നത് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നിന്നാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. ജോയിന്റ് കൗൺസിലുകാരുടെ കുത്തകയാണ് ഈ വിഭാഗം. ഇവിടെ ജോയിന്റ് കൗൺസിലിന്റെ നേതാക്കൾ മാത്രമാണ് ജോലി ചെയ്യുന്നത്. നിയമനവും സ്ഥലംമാറ്റവും വർക്കിങ് അറേജ്മെന്റുമെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.
കഴിഞ്ഞ നവംബർ 18 ന് 25 പേരെ റവന്യൂ വകുപ്പിൽ എൽ.ഡി.ക്ലാർക്കുമാരായി നിയമിച്ചു കൊണ്ട് കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് ചോർന്നത്. ഇത് കൈയിൽ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗാർഥികൾ അടൂർ താലൂക്ക് ഓഫീസിൽ നവംബർ 21 ന് ജോലിക്ക് ചേർന്നിരുന്നു. മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ഉത്തരവ് ലഭിക്കുന്നതിന് മുൻപ് രണ്ടു പേർ ജോലിയിൽ പ്രവേശിച്ചതും അതീവ രഹസ്യ സ്വഭാവമുള്ള രേഖ കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്ന് ചോർന്നതും വിവാദമായി. പ്രക്ഷോഭവുമായി എൻ.ജി.ഓ സംഘും അസോസിയേഷനും രംഗത്തു വന്നതോടെയാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചത്.
വിലാസം മാറിയതിനാൽ കൊല്ലം സ്വദേശിയായ ഉദ്യോഗാർഥി അപേക്ഷ നൽകിയ ശേഷം നേരിട്ടു വന്ന് ഉത്തരവ് കൈപ്പറ്റുകയായിരുന്നുവെന്നാണ് സംഭവത്തിൽ ആരോപണ വിധേയരായ ജോയിന്റ് കൗൺസിൽ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാൾ കൈപ്പറ്റിയ ഉത്തരവുമായി കൊല്ലം ജില്ലയിൽ തന്നെയുള്ള മറ്റൊരു ഉദ്യോഗാർഥിയും നവംബർ 21 ന് ഉച്ചയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. 2018 ലെ നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിയമനങ്ങളെല്ലാം കർശന സുരക്ഷയിലാണ് നടന്നു പോരുന്നത്. കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്ന് അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവ് അയയ്ക്കേണ്ടത്. ഉദ്യോഗാർഥി അപേക്ഷ നൽകി നേരിട്ടെത്തിയാൽ ഉത്തരവ് നൽകാനുള്ള ചട്ടം കെഎസ്ആറിലുണ്ട്. എന്നാൽ, ഇതിന് ചില നടപടി ക്രമങ്ങളുണ്ട്. ഉദ്യോഗാർഥി നേരിട്ടെത്തി അപേക്ഷ നൽകിയതിന് ശേഷം കലക്ടർ വേരിഫിക്കേഷൻ നടത്തി വേണം ഉത്തരവ് നൽകാൻ. ഉത്തരവ് ഉദ്യോഗാർഥിക്ക് നൽകേണ്ടതാകട്ടെ ഡെസ്പാച്ച് സെക്ഷൻ വഴി തപാൽ ബുക്കിൽ രേഖപ്പെടുത്തിയും വേണം.
ഇവിടെ സംഭവം വിവാദമായപ്പോഴാണ് ഉദ്യോഗാർഥിയുടെ കൈയിൽ നിന്ന് അപേക്ഷ പോലും വാങ്ങിച്ചത് എന്നാണ് വിവരം. കലക്ടറേറ്റിലെ രഹസ്യ വിഭാഗം മുഴുവൻ ജോയിന്റ് കൗൺസിലുകാരുടെ കൈപ്പിടിയിലാണ്.
സർക്കാർ ജീവനക്കാരുടെ നിയമന രീതി നിലവിൽ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പി.എസ്.സി ഓഫീസിൽ നിന്ന് ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ കഴിഞ്ഞ് ഇവിടെ നിന്ന് ഫയൽ കലക്ടർക്ക് കൈമാറും. കലക്ടർ ഇത് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഉദ്യോഗാർഥികളെ നിയമിച്ചു കൊണ്ട് ഉത്തരവിടും. ഈ ഉത്തരവിന്റെ പകർപ്പ് അതാത് വകുപ്പ് മേധാവിമാർക്ക് അയച്ചു കൊടുക്കും. ഇത് അവർക്ക് ലഭിക്കുന്നതിന് പിന്നാലെയാണ് ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകുക. ഇത് ലഭിക്കുന്ന ഉദ്യോഗാർഥികൾ യഥാർഥ രേഖകളുമായി വകുപ്പ് മേധാവിക്ക് മുന്നിൽ ഹാജരാകണം. മേധാവി ആളിനെയും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തണം. കലക്ടർ അയച്ചു കൊടുത്ത നിയമന ഉത്തരവ് രേഖയുമായി ഒത്തു നോക്കണം. ഇവിടെ അതൊന്നും നടന്നിട്ടില്ല. രണ്ട് ഉദ്യോഗാർഥികൾ ഉത്തരവുമായി ഹാജരായപ്പോൾ അടൂർ തഹസിൽദാർ കലക്ടറേറ്റിലേക്ക് വിളിച്ചു ചോദിച്ചാണ് നിയമനം നൽകിയത്. ഇത് ഒരിക്കലും നിയമപരമല്ല. ഇതു സംബന്ധിച്ച രേഖ കലക്ടറേറ്റിൽ നിന്ന് തഹസിൽദാർക്ക് ഇമെയിൽ അയച്ചിരുന്നുവെന്നാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ പറഞ്ഞത്. ഇതിന്റെ വസ്തുത അടക്കം പരിശോധിക്കേണ്ടി വരും. അതേ പോലെ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥി നൽകിയ അപേക്ഷയും അതിന്മേലുണ്ടായ തുടർനടപടിയും പരിശോധനാ വിധേയമാക്കണം.
രണ്ടു പേർക്ക് നേരത്തേ നിയമനം നൽകുന്നതുകൊണ്ട് ആർക്കും പ്രത്യേകിച്ച് പ്രയോജനമില്ല. പക്ഷേ, ഇവിടെ സർവീസ് സംഘടനയ്ക്ക് അംഗബലം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ടു പേർക്ക് മാത്രമായി നിയമന ഉത്തരവ് നൽകിയതെന്നാണ് പറയുന്നു.അടുത്ത കാലത്ത് റവന്യൂ വകുപ്പിൽ ജോലി കിട്ടിയവരെ മുഴുവൻ ജോയിന്റ് കൗൺസിൽ അംഗങ്ങളാക്കി മാറ്റി. സൗകര്യപ്രദമായ സ്ഥലത്ത് നിയമനം ലഭിക്കാൻ വേണ്ടി കോഴ വാങ്ങുമെന്ന ആരോപണവും പ്രതിപക്ഷ സർവീസ് സംഘടനകൾ ഉന്നയിക്കുന്നു. ഇങ്ങനെ കോഴ കൊടുത്തവർക്ക് വിശ്വാസ്യത കൈവരാൻ വേണ്ടി പല കുറുക്കുവഴികളും സ്വീകരിക്കാറുണ്ടത്രേ. കൊല്ലം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇവർ നിയമനം തരപ്പെടുത്തി കൊടുക്കും. അടൂർ അല്ലെങ്കിൽ തിരുവല്ല ആണ് അവർക്ക സൗകര്യപ്രദം. അടൂരാണെങ്കിൽ എളുപ്പം ബസിന് എത്താം. തിരുവല്ലയിൽ ട്രെയിനിൽ വന്നിറങ്ങാം. അതേ സമയം, ജോയിന്റ് കൗൺസിലിൽ ചേരാൻ തയാറാകാത്ത തിരുവനന്തപുരത്ത് നിന്നുള്ളവരെയൊക്കെ റാന്നി, മല്ലപ്പള്ളി താലൂക്കുകളിലേക്ക് പറപ്പിക്കുകയും ചെയ്യും. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം.
കോന്നിയിലും മല്ലപ്പള്ളിയിലും ഇതേ രീതിയിൽ നിയമന ഉത്തരവ് ചോർന്നു കിട്ടിയവർ ജോലിക്ക് ചേർന്നിരുന്നു. സബ്കലക്ടറുടെ അന്വേഷണത്തിൽ അടൂർ തഹസിൽദാർ സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചുവെന്നാണ് വിവരം. മറ്റ് രണ്ടിടത്തുമുള്ളവർ സർവീസ് സംഘടനയ്ക്ക് അനുകൂലമായ രീതിയിലാണ് മൊഴി നൽകിയിരിക്കുന്നത് എന്നും പറയുന്നു. സബ്കലക്ടറുടെ റിപ്പോർട്ട് നടപ്പാക്കിയാൽ ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഉൾപ്പെടെ നടപടി നേരിടേണ്ടി വരുമെന്നതാണ് കാരണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്