- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് വഞ്ചിയൂരില്‍ ഏരിയ സമ്മേളനത്തിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു; പിന്നാലെ കണ്ണൂരില്‍ നടുറോഡ് കയ്യേറി എല്‍ഡിഎഫിന്റെ ഹെഡ്പോസ്റ്റ് ഓഫീസ് സമരം; ഗതാഗതം പുന: സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; സിപിഎമ്മിനെ പേടിച്ച് കോടതി ഉത്തരവ് പോലും പാലിക്കാതെ പൊലീസും
കണ്ണൂരില്‍ നടു റോഡ് കൈയ്യേറി എല്‍ ഡി എഫ് ഹെഡ് പോസ്റ്റ് ഓഫീസ് സമരം
കണ്ണൂര്‍: തലസ്ഥാനത്ത് വഞ്ചിയൂരില്‍, റോഡിന്റെ ഒരുവശം തടഞ്ഞ് സിപിഎം ഏരിയ സമ്മേളനത്തിന് പന്തല്‍ കെട്ടി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ വിവാദം ചൂടുപിടിച്ചതിനിടെ, കണ്ണൂരിലും സമാന സംഭവം. കണ്ണൂര്‍ നഗരത്തെ മണിക്കൂറോളം സ്തഭംനാവസ്ഥയിലാക്കി എല്‍.ഡി.എഫ് കേന്ദ്ര സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭ സമരം നടത്തിയത് നടുറോഡ് കൈയ്യേറിയെന്ന് ആക്ഷേപം.
കണ്ണൂര്‍ താവക്കര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ദീര്‍ഘദൂര കെ.എസ് ആര്‍.ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളും ചരക്ക് ലോറികളും ചെറു വാഹനങ്ങളും കടന്നുപോകുന്ന റോഡ് പൂര്‍ണമായും കൈയ്യേറിയാണ് എ.ല്‍.ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ജനകീയ പ്രക്ഷോഭം നടത്തിയത്.
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു സമരം. എന്നാല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ സമരത്തിനായി റോഡ് കൈയേറിയതാണ് വിവാദമായത.
്‌പൊതു നിരത്തുകള്‍ കൈയ്യേറി പൊതുയോഗങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കവെയാണ് കണ്ണൂരില്‍ റോഡ് കൈയ്യേറി സമരം നടത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഇവിടെ വാഹന ഗതാഗതം മുടക്കി പന്തല്‍ കെട്ടിയിരുന്നു. ഇതുവഴി വന്ന കണ്ണൂര്‍ - മയ്യില്‍ റൂട്ടിലോടുന്ന കെ. എസ്.ആര്‍.ടി.സി ബസ് ഇരച്ചുകയറി സമരപന്തല്‍ തകര്‍ന്നിരുന്നു. അപകടത്തില്‍ അസം സ്വദേശിയായ പന്തല്‍ തൊഴിലാളിക്ക് പരുക്കേറ്റു. ഏണിയില്‍ നിന്നും പന്തല്‍ കെട്ടുകയായിരുന്ന രണ്ടു തൊഴിലാളികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. അര മണിക്കൂര്‍ കഴിഞ്ഞാണ് പന്തലില്‍ കുടുങ്ങിയ ബസ് പുറത്തെടുക്കാനായത്.
അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം മുടങ്ങുകയും ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്തായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഈ കാര്യത്തില്‍ നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്. അപകടത്തിന് ശേഷം രാത്രി തന്നെ ഇവിടെ കൂറ്റന്‍ സമര പന്തല്‍ കെട്ടിയുയര്‍ത്തുകയും ചെയ്തു. ഉച്ചയോടെ പ്രതിഷേധ സമരം കഴിഞ്ഞുവെങ്കിലും വൈകുന്നേരമാണ് സമര പന്തല്‍ റോഡില്‍ നിന്നും പൂര്‍ണമായും നീക്കിയത്. സാധാരണ കച്ചവടക്കാര്‍ ഫുട് പാത്തില്‍ പെട്ടികള്‍ വെച്ചാല്‍ പോലും ഒഴിപ്പിക്കുകയും വന്‍തുക പിഴയീടാക്കുകയും ചെയ്യുന്ന പൊലിസ് ഭരണകക്ഷിക്ക് മുന്‍പില്‍ മുട്ടു വിറച്ചു കൊണ്ടു മൗനം പാലിക്കുകയാണെന്നാണ് ആരോപണം.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്