കല്‍പറ്റ: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചെന്നാണ് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതി.

പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

കഴിഞ്ഞ പത്തിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമായ, കോഴിക്കോട് ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയിലായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം. ദേവാലയത്തിനുള്ളില്‍വെച്ച് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ദേവാലയത്തിനുള്ളില്‍ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് പരതിയില്‍ പറയുന്നത്. ടി സിദ്ദിഖ് എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10ന് ആണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.

ദേവാലയത്തിനകത്ത് വൈദികര്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചതായും എല്‍ഡിഎഫ് പരാതിയില്‍ ഉണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയതെന്ന് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വയനാട്ടില്‍ നാളെയാണ് വോട്ടെടുപ്പ്. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പ്രിയങ്ക അഞ്ചുലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് അവകാശവാദം. രണ്ട് കമ്പനി കേന്ദ്രസേനയേയും മൂന്ന് കമ്പനി സായുധ ബറ്റാലിയനേയും സുരക്ഷക്കായി മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്. 2500 പൊലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. 26 ബൂത്തുകളെ പ്രശ്‌ന സാധ്യത ബൂത്തുകളായി പരിഗണിച്ച് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഏറനാട്ടില്‍ അഞ്ചും നിലമ്പൂരില്‍ 17 ഉം വണ്ടൂരില്‍ നാലും പ്രശ്‌നസാധ്യത ബൂത്തുകളാണുള്ളത്.