- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കാൻ ആദ്യം ഭർത്താവിനെ കൊല്ലാൻ ഗൂഢാലോചന; പിടിക്കപ്പെടുമെന്ന് ഭയന്ന് ഭർത്താവിന്റെ സ്‌കൂട്ടറിൽ എംഡിഎംഎ കെണി വച്ചു; എംഡിഎംഎ എന്താണെന്ന് പോലും അറിയാത്ത ഭർത്താവ് രക്ഷപ്പെട്ടത് പൊലീസ് ബുദ്ധിയിൽ; വണ്ടന്മേട് വനിതാ പഞ്ചായത്തംഗം വച്ച കെണിക്ക് പിന്നാലെ എൽഡിഎഫിന് ഭരണവും നഷ്ടമായി
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ എംഡിഎംഎ വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച വണ്ടന്മേട് പഞ്ചായത്ത് അംഗമായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ സംഭവം ഏറെ ചർച്ചയായിരുന്നു. കേസിൽ അകപ്പെട്ടതോടെ അംഗമായ സൗമ്യ സുനിലിൽ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെ, പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഈ സീറ്റ് യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. അവിശ്വാസ പ്രമേയം വന്നതോടെ എൽഡിഎഫിന് ഇപ്പോൾ വണ്ടന്മേട് പഞ്ചായത്ത് ഭരണം നഷ്ടമായി.
സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം യുഡിഎഫും ബിജെപിയും പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സിപിഐഎം അംഗം സിബി എബ്രഹാമായിരുന്നു വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്. നേരത്തേയും സ്വതന്ത്ര അംഗമായ സുരേഷ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്നും യുഡിഎഫും ബിജെപിയും പിന്തുണ അറിയിച്ചിരുന്നെങ്കിലും എൽഡിഎഫിനോട് പരാജയപ്പെട്ടിരുന്നു.
പതിനൊന്നാം വാർഡ് മെമ്പർ സിപിഎം അംഗം സൗമ്യ സുനിൽ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ച സംഭവമാണ് വീണ്ടും അവശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സൂസൻ ജേക്കബ് ആണ് വണ്ടന്മേട് 11-ാം വാർഡിൽ വിജയിച്ചത്. എൽഡിഎഫിന്റെ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസൻ ജേക്കബ് പരാജയപ്പെടുത്തിയത്. അംഗബലം കൂടിയതോടെയാണ് യുഡിഎഫിന് അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനായത്. യുഡിഎഫിനൊപ്പം ബിജെപിയും പിന്തുണച്ചതോടെ അവിശ്വാസ പ്രമേയം പാസായി.
ആകെയുള്ള 18 വാർഡുകളിൽ ഭരണത്തിലിരുന്ന എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പും യുഡിഎഫ് -ബിജെപി സഖ്യത്തിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ വരണാധികാരി തള്ളിയിരുന്നു. ആറുമാസം പൂർത്തിയായതോടെ ഇപ്പോൾ വീണ്ടും നോട്ടീസ് നൽകി. നിലവിൽ എൽഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. യുഡിഎഫിൽ ആറ് അംഗങ്ങളും ബിജെപിയുടെ മൂന്നും കോൺഗ്രസ് വിമത സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗവും ചേർന്നാണ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഭർത്താവിനെ എംഡിഎംഎ കുരുക്കിൽ പെടുത്തി ഭാര്യ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ, യുവതിക്കു മാരക ലഹരിമരുന്നായ എംഡിഎംഎ എത്തിച്ചുകൊടുത്ത സംഘത്തിൽപെട്ട യുവാവ് അറസ്റ്റിലായത് മെയ് 8 നാണ്. കോഴിക്കോട് പന്തീരാങ്കാവ് പാലാഴി ഭാഗത്തെ സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് അറസ്റ്റിലായത്.
പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഭാര്യയും വണ്ടന്മേട് മുൻ പഞ്ചായത്തംഗവുമായ സൗമ്യ ഏബ്രഹാം (33), കൊല്ലം കുന്നത്തൂർ മൈനാകപ്പള്ളി വേങ്ങകര റെഹിയാ മൻസിലിൽ എസ്.ഷാനവാസ് (39), കൊല്ലം കോർപറേഷൻ മുണ്ടയ്ക്കൽ അനിമോൻ മൻസിലിൽ എസ്.ഷെഫിൻഷാ (24) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഷെഫിൻഷായ്ക്ക് എംഡിഎംഎ എത്തിച്ചുനൽകിയതിനാണു ശ്യാം റോഷിനെ വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സുനിലിന്റെ സ്‌കൂട്ടറിൽ ലഹരിമരുന്നു വച്ചിട്ട് പൊലീസിനു വിവരം കൊടുക്കുകയും അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. സുനിലിന് ഇതുമായി ബന്ധമില്ലെന്നു മനസ്സിലാക്കിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഭാര്യ അടക്കമുള്ളവർ പിടിയിലായത്.
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വാഹനമിടിപ്പിച്ചോ സയനൈഡ് നൽകിയോ കൊലപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭീതിയെത്തുടർന്ന് ആ പദ്ധതി ഒഴിവാക്കിയെന്നു പൊലീസ് കണ്ടെത്തി. തുടർന്നാണ് ലഹരിമരുന്നു കേസിൽ അറസ്റ്റ് ചെയ്യിക്കാൻ പരിപാടിയിട്ടത്. പുകവലി പോലും ശീലമാക്കാത്ത കൂലിപ്പണിക്കാരനായ സുനിലിന് പിടിയിലാകുമ്പോൾ ബൈക്കിലുള്ളത് എന്താണെന്നുപോലും കൃത്യമായി അറിയില്ലായിരുന്നു.
ആ അജ്ഞതയാണ് പൊലീസിനെ സംശയത്തിലാക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ഗൂഢാലോചനയിലേക്കു വരെ നീണ്ട കഥയുടെ ചുരുളഴിയുന്നത്. സൗമ്യ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ഭർത്താവ് പിടിയിലായാൽ അതിന്റെ പേരിൽ വേഗത്തിൽ വിവാഹ മോചനം നേടാനാകുമെന്നു കരുതിയെന്നും പൊലീസ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ