തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി മറികടക്കുന്നതിനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായും കേരള യാത്രയ്ക്കും കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്കും ഇടതുമുന്നണി (എല്‍ഡിഎഫ്) തുടക്കം കുറിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയുമാണ് കേരള യാത്രയിലൂടെ എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന ഈ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എല്ലാ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. യാത്രയുടെ തീയതി അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങള്‍ തുറന്നുകാട്ടുന്ന വിപുലമായ പ്രക്ഷോഭ പരിപാടികള്‍ക്കും എല്‍ഡിഎഫ് നേതൃത്വം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കടക്കമുള്ള വിഷയങ്ങളില്‍ ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തില്‍ മന്ത്രിമാരും എംഎല്‍എമാരും അണിനിരക്കും. ഇത് പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായിരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് എല്‍ഡിഎഫിന്റെ ഈ പുതിയ നീക്കങ്ങള്‍. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണം സംഘടനാപരമായ വീഴ്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചെന്നും, തുടര്‍ച്ചയായി ഇടതു ഭരണം നിലനിന്നിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടുവെന്നും ഇത് മുന്‍കൂട്ടി കാണാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്നും സെക്രട്ടേറിയറ്റ് കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി കമ്മിറ്റികള്‍ക്കും വീഴ്ച സംഭവിച്ചതായി വിലയിരുത്തലുണ്ടായി.

ശബരിമല വിവാദത്തില്‍ എ. പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയായിരുന്നെങ്കിലും, ഈ വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ഒരു കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിശദീകരണ ജാഥകളുമെല്ലാം ഈ കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.