- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം തകൃതി; അംഗത്വം എടുത്തവരിൽ കളിപ്പാൻകുളം സ്വദേശികളായ ഷാരൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും; പോരാത്തതിന് ഒന്നാം പേരുകാരിയായി മിയ ഖലീഫയും; നേമം നിയോജക മണ്ഡലത്തിലെ സെലിബ്രിറ്റികളുടെ നിര കണ്ട് അന്തം വിട്ട് ലീഗ് പ്രവർത്തകർ
തിരുവനന്തപുരം: യു.ഡി.എഫിലെ മുഖ്യഘടകക്ഷിയായ മുസ്ലിം ലീഗിന്റെ അംഗത്വവിതരണം കേരളത്തിലൊട്ടാകെ നടത്തുകയാണ്. വീടുകൾ തോറും കയറിയിറങ്ങി അംഗങ്ങളെ കണ്ടെത്തി ചേർക്കാനാണ് നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇങ്ങനെ അംഗങ്ങളാക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും മൊബൈൽ ആപ്ലിക്കേഷൻ വഴി പാർട്ടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം.
ഐയുഎംഎൽ കേരള മെംബർഷിപ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് പുതിയ അംഗങ്ങളുടെ വിവരങ്ങൾ ചേർക്കുന്നത്. മെംബർഷിപ്പ് ക്യാമ്പയിൻ മലബാർ ഭാഗങ്ങളിൽ തകൃതിയായി മുന്നേറുമ്പോൾ തെക്കൻ ജില്ലകളിലും പ്രവർത്തകർ ഊർജ്ജസ്വലമായി അംഗങ്ങളെ ചേർക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇതിനിടയിൽ തിരുവനന്തപുരം ജില്ലയിൽ നേമം നിയോജക മണ്ഡലത്തിൽ കോർപറേഷൻ പരിധിയിലെ കളിപ്പാൻകുളം യൂണിറ്റിൽ ലീഗ് അംഗത്വമെടുത്തവരുടെ പേര് കണ്ടാൽ ആരുമൊന്ന് ഞെട്ടും. നിരവധി പ്രമുഖരാണ് ഇവിടെ മുസ്ലിംലീഗിന്റെ അംഗത്വ പട്ടികയിൽ ചേർക്കപ്പെട്ടിരിക്കുന്നത്. കളിപ്പാൻകുളം സ്വദേശികളായ ഷാരുഖ് ഖാൻ, ആസിഫ് അലി, മമ്മൂട്ടി, മിയ ഖലീഫ എന്നിവരൊക്കെയും മുസ്ലിംലീഗിന്റെ അംഗങ്ങളായി എന്നാണ് പ്രവർത്തകർ ഓൺലൈൻ രജിസ്ട്രേഷനിലൂടെ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രശസ്തരുടെ പേരുള്ള കളിപ്പാൻകുളം സ്വദേശികൾ പാർട്ടി മെംബറായതാണോ അതോ മുസ്ലിം ലീഗ് നേതൃത്വത്തേ പ്രവർത്തകർ സുന്ദരമായി പറ്റിച്ചതാണോ എന്നാണിപ്പോൾ സംശയം.
മുസ്ലിംലീഗ് മെംബർഷിപ്പ് ക്യാമ്പയിൻ പ്രവർത്തകരാണ് നടത്തേണ്ടതെങ്കിലും പ്രവർത്തകർ ഇല്ലാത്തയിടങ്ങളിൽ കമ്പ്യൂട്ടർ സ്ഥാപനങ്ങളെ ഏൽപ്പിച്ച് ആളെചേർക്കൽ പരിപാടിയാണ് നടത്തുന്നതെന്ന വിമർശനം ഉണ്ട്. അതിനിടയിലാണ് മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും ഷാരുഖ് ഖാനും മുസ്ലിംലീഗിന്റെ മെംബർമാരായിരിക്കുന്നത്. പ്രവർത്തിക്കാൻ ആളില്ലാത്തിടത്ത് അംഗങ്ങളുണ്ടാകുന്നതിന്റെ മാന്ത്രികത മുസ്ലിംലീഗിന് മാത്രം അവകാശപ്പെടാൻ പറ്റുന്നതായിരിക്കുകയാണ് ഇപ്പോൾ. പുറത്തുള്ള ഏജൻസികൾക്ക് പണംകൊടുത്ത് ഏൽപ്പിച്ചതിന്റെ പേരിൽ ടാർഗറ്റ് തികയ്ക്കാൻ ആളുകളുടെ പേരുകൾ മാത്രമായി അടിച്ച് ചേർത്ത് അംഗത്വബലം കാണിക്കാനുള്ള ശ്രമമാണോ മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്നുണ്ടാകുന്നെന്ന് വ്യക്തമല്ല.