മലപ്പുറം: നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിലെ അസാധാരണ നടപടി തിരുത്തി. സസ്പെന്‍ഷനിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കുറ്റാരോപണ മെമ്മോ പോലും നല്‍കാതെ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെടുത്തത് റദ്ദാക്കി. ഇരുവരെയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെന്റ് ചെയ്ത് സായുധ പോലീസ് സേന ഡി.ഐ.ജി ആര്‍. ആനന്ദ് ഉത്തരവിട്ടു.

സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നില്‍ ആസൂത്രിത നീക്കം കണ്ടെത്തിയതോടെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ തൃശൂര്‍ കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ്, (ഭരണം) ഓഫീസര്‍ കമാണ്ടിങ് എന്നിവരുടെ പ്രവൃത്തികള്‍ സംശയാസ്പദമെന്ന് വിലയിരുത്തി വിശദ അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നടപടിക്ക് മുമ്പായി ഇവരില്‍ നിന്നും വിശദീകരണ തേടി മെമ്മോയും നല്‍കി. ഇതു സംബന്ധിച്ചു വാര്‍ത്ത ഇന്നലെ മറുനാടന്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണു നടപടി.

മാവോയിസ്റ്റ് ഓപ്പറേഷന് അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ കേരള പോലീസിന്റെ രഹസ്യ സ്വഭാവമുള്ള ഓപ്പറേഷന്‍ വിഭാഗമായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അരീക്കോട് ആസ്ഥാനത്തെ രഹസ്യ വിവരങ്ങള്‍ പി.വി അന്‍വറിന് ചോര്‍ത്തി നല്‍കിയെന്നായിരുന്നു അന്വഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോ ഹവില്‍ദാര്‍ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവരെ ഏപ്രില്‍ 28നാണ് കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍ സസ്പെന്റ് ചെയ്തത്.

സസ്പെന്‍ഷനിലായി 5 ദിവസത്തിനകം വിവിധ ട്രെയിനിങ്ങുകള്‍ക്ക് ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും സര്‍വീസില്‍ പുനപ്രവേശിപ്പിക്കണമെന്നുമുള്ള അസിസ്റ്റന്റ് കമാഡന്റ് മനോജ് സെബാസ്റ്റിയന്റെ റിപ്പോര്‍ട്ട് സംശയാസ്പദവും ദുരുദ്ദേശപരവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപണ മെമ്മോ പോലും നല്‍കുന്നതിന് മുമ്പ് 12 ദിവസത്തിനുള്ളില്‍ ഇരുവരെയും കമാന്‍ഡന്റ് മുഹമ്മദ് നജിമുദ്ദീന്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.




ഈ ഉത്തരവിന്റെ പകര്‍പ്പ് വ്യക്തികള്‍ക്ക് മാത്രം നല്‍കുകയും പകര്‍പ്പ് മറ്റ് ഓഫീസുകളിലേക്ക് അയച്ചു നല്‍കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു. ഇത് യാദൃശ്ചികമല്ലെന്നും പ്രത്യേക താല്‍പര്യത്തോടെയാണെന്നുമാണ് സായുധ പോലീസ് സേന ഡി.ഐ.ജിയുടെ ഉത്തരവിലുള്ളത്. എസ്.ഒ.ജി എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കെ.എ.പി 2 കമാന്‍ഡന്റ് ആര്‍. രാജേഷിനെയുമാണ് ചുമതലപ്പെടുത്തിയത്.




എസ്.ഒ.ജിയുടെ രഹസ്യ രേഖകള്‍ ഉന്നത രാഷ്ട്രീയ നേതാവിനും മാധ്യമങ്ങള്‍ക്കും നല്‍കിയതിനും എസ്.ഒ.ജി ആസ്ഥാനത്ത് ഹവില്‍ദാര്‍ വിനീത് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമായിരുന്നു സസ്പെന്‍ഷന്‍. കേരള പോലീസിലെ കമാന്‍ഡോ വിഭാഗത്തില്‍ അച്ചടക്കം പരമപ്രധാനമായ സേനാവിഭാഗത്തിന്റെ രഹസ്യവിവരങ്ങള്‍ കൈമാറിയത് ഗുരുതരമായ അച്ചടക്ക ലംഘനവും ആശങ്കപ്പെടുത്തുന്നതും പോലീസിന് കളങ്കപ്പെടുത്തുന്നതുമാണെന്ന് കണ്ടെത്തിയായിരുന്നു സസ്പെന്‍ഷന്‍.

കുറ്റാരോപണ മെമ്മോക്ക് മറുപടിയും അന്വേഷണവും നടത്തി ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സസ്പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാറ്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സസ്പെന്‍ഷനിലായവരെ കുറ്റാരോപണ മെമ്മോ പോലും നല്‍കും മുമ്പെ സര്‍വീസില്‍ തിരിച്ചെടുത്തത് ആഭ്യന്തര വകുപ്പിനെയും ഞെട്ടിച്ചു. സര്‍വീസില്‍ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്പെന്റ് ചെയ്യുകയും ഇന്ത്യാ റിസര്‍വ് ബറ്റാലിയിനില്‍ നിന്നും അന്വേഷണം കെ.എ.പി 2 കമാണ്ടന്റിന് നല്‍കി ശക്തമായ നടപടിക്കാണ് ആഭ്യന്തരവകുപ്പ് തുടക്കമിട്ടിരിക്കുന്നത്.

അരീക്കോട് എസ്.ഒ.ജിയിലെ 5 ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ഡ്യൂട്ടിയുമടക്കമുള്ള രഹസ്യ രേഖകള്‍ പി.വി അന്‍വര്‍ കഴിഞ്ഞ സെപ്തംബര്‍ 9 ന് മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. ഇത് രാജ്യസുരക്ഷക്കും എസ്.ഒ.ജിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജീവനും ഭീഷണിയാണെന്ന് കാണിച്ച് എസ്.ഒ.ജി എസ്.പി പി.ടി ഫിറാഷ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി.വി അന്‍വറിനെതിരെ ജാമ്യമില്ലാവകുപ്പില്‍ മഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവും 6 മാസമായിട്ടും എവിടെയുമെത്തിയിട്ടില്ല.