തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശക്തിയേകിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കും. രാഹുലിനെതിരെ വ്യക്തമായ പരാതിയില്ലാത്തതിനാല്‍ കുറ്റക്കാരനാണെന്നു പറയാനാവില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദം പൊളിക്കാനാണ് പരാതി നല്‍കുന്നത്. ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിച്ച്് കേസെടുക്കണമെന്ന പരാതിയാകും നല്‍കുക.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്താല്‍ ഫോണ്‍ സംഭാഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കേണ്ടിവരും. അതിനു ശേഷമാകും പെണ്‍കുട്ടിയെ വാദിയായോ പ്രതിയായോ ചേര്‍ക്കുക. ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെങ്കില്‍ അതിനു നിയമപരമായ അനുവാദം ലഭ്യമാക്കുന്ന കാരണങ്ങള്‍ ബോധിപ്പിക്കേണ്ടിവരും. യാതൊരു ആരോഗ്യകാരണവുമില്ലാതെയാണ് ഗര്‍ഭച്ഛിദ്രം ചെയ്തിട്ടുള്ളതെങ്കില്‍ അനധികൃത ഗര്‍ഭച്ഛിദ്രം നടത്തിയതിന് പെണ്‍കുട്ടിക്കെതിരെയും കേസെടുക്കേണ്ടിവരും.

രാഹുലിനെതിരെ ആദ്യം ആരോപണമുന്നയിച്ച നടി രാഹുലിന്റെ പേരു പറയാനോ കേസു കൊടുക്കാനോ തയ്യാറായിരുന്നില്ല. അതില്‍ സംഭാഷണവും ചാറ്റും മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. എന്നാല്‍, ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അതോടു കൂടിയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാവുന്ന നിലയിലേക്ക് വിവാദമെത്തിയത്്. കേസെടുത്താലും രാജി വക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് രാഹുല്‍.