തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ സുരക്ഷാ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആര്‍പിഎഫ്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടമയെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. തൃശൂര്‍ റെയില്‍വെസ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ വന്‍തീപിടുത്തതില്‍, മുന്നൂറോളം ബൈക്കുകള്‍ കത്തിനശിച്ച പശ്ചാത്തലത്തിലാണ് സുരക്ഷാപരിശോധന കര്‍ശനമാക്കിയത്.

വന്‍ ദുരന്തം ഒഴിവാക്കി ആര്‍പിഎഫ്

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പാര്‍ക്കിംഗ് ഏരിയയിലെ ബൈക്കില്‍ നിന്ന് പെട്രോള്‍ മണം വന്നതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചോര്‍ച്ച കണ്ടെത്തിയത്. ഉടനടി പെട്രോള്‍ നോബ് ഓഫാക്കി അപകടസാധ്യത ഒഴിവാക്കി. ചെറിയൊരു തീപ്പൊരി മതിയാകുമായിരുന്നു വന്‍ ദുരന്തമുണ്ടാകാന്‍ എന്ന തിരിച്ചറിവിലാണ് അധികൃതര്‍ ഉടമയ്‌ക്കെതിരെ കടുത്ത നടപടി എടുത്തത്.

സെക്ഷന്‍ 154 പ്രകാരം കേസ് തൃശ്ശൂര്‍ ആര്‍പിഎഫ് പോസ്റ്റ് സെക്ഷന്‍ 154 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വാഹന ഉടമയെ അറസ്റ്റ് ചെയ്യുകയും ബൈക്ക് പിടിച്ചെടുക്കുക ചെയ്തു. റെയില്‍വേ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ കൃത്യമായ മെയിന്റനന്‍സ് ഉറപ്പാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തിന് പിന്നാലെ പാര്‍ക്കിംഗ് ഏരിയകളില്‍ ഇലക്ട്രിക്കല്‍, കൊമേഴ്‌സ്യല്‍ വിഭാഗങ്ങള്‍ സംയുക്തമായി ഫയര്‍ ഓഡിറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കാതെ റെയില്‍വെ കയ്യൊഴിയുന്നു

ഞായറാഴ്ച രാവിലെ 6.30ഓടെയാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ തീപിടുത്തത്തില്‍ ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചത്. പണം നല്‍കി വാഹനം സൂക്ഷിച്ചിരുന്ന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ അധികൃതര്‍ കൈയൊഴിയുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ജെ. ലിയോണ്‍സ് റെയില്‍വേയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ക്കിങ് ഫീസ് ഈടാക്കുമ്പോള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയില്‍വേയുടെയും കരാറുകാരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, വാഹനങ്ങളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് കരാറുകാര്‍ കൈകഴുകുകയാണെന്നും ഇതിനെതിരെ മുന്‍പും റെയില്‍വേയെ സമീപിച്ചിട്ടുണ്ടെന്നും ലിയോണ്‍സ് വ്യക്തമാക്കി.

റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിലവിലുള്ള സുരക്ഷാ വീഴ്ചകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ സംഭവം വീണ്ടും വെളിച്ചത്തുകൊണ്ടുവന്നു. പല സ്ഥലങ്ങളിലും മേല്‍ക്കൂര പോലുമില്ലാത്തതിനാല്‍ മഴയിലും വെയിലിലും വാഹനങ്ങള്‍ നശിക്കുന്നത് പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു. സീസണ്‍ ടിക്കറ്റുകാരില്‍ നിന്ന് മാസം 600 രൂപവരെയാണ് ഇരുചക്രവാഹന പാര്‍ക്കിങ്ങിന് ഈടാക്കുന്നത്. എന്നാല്‍ ഈ തുകയ്ക്കുള്ള സേവനം ലഭിക്കുന്നില്ലെന്ന് തൃശൂരിലെ സംഭവം വ്യക്തമാക്കുന്നു.

പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മോഷണങ്ങളും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണെന്നും ലിയോണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിക്കേറ്റര്‍ പൊട്ടുക, പെട്രോള്‍ നഷ്ടമാവുക, വാഹനങ്ങള്‍ മാറ്റിയിടുക തുടങ്ങിയ സംഭവങ്ങള്‍ സാധാരണമാണ്. ഇത്തരം പരാതികളില്‍ റെയില്‍വേ അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിലെ തീപിടിത്തത്തില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ യാത്രക്കാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ലിയോണ്‍സ് അറിയിച്ചു.