മാവേലിക്കര: ആറാട്ടുപുഴ വേലായുധ പണിക്കരുടെ ചരിത്രം പറഞ്ഞ 19-ാം നൂറ്റാണ്ട് സിനിമയിൽ ഭാവന അതിരുവിട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയനും നിർമ്മാതാവ് ഗോകുലം ഗോപാലനും വക്കീൽ നോട്ടീസ്. ചരിത്ര സിനിമയെന്ന ലേബലിൽ വന്ന 19-ാം നൂറ്റാണ്ടിൽ വസ്തതുകൾ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് നവോഥാന നായകനും വീരശൈവതന്ത്രിയുമായ മറ്റത്ത് വിശ്വനാഥ ഗുരുക്കളുടെ ഇളമുറക്കാരൻ കണ്ണമംഗലം തട്ടാരമ്പലം മറ്റം പടിപ്പുരയ്ക്കൽ വീട്ടിൽ വിശ്വനാഥൻ പിള്ള(78)യാണ് തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി. അരുൺ പ്രകാശ് മുഖേനെ നോട്ടീസ് അയച്ചിരിക്കുന്നത്.

19-ാം നൂറ്റാണ്ട് ഒരു ചരിത്ര സിനിമയാണെന്നും യാഥാർഥ്യത്തോട് നീതി പുലർത്തിയെന്നുമാണ് സംവിധായകൻ വിനയൻ അവകാശപ്പെടുന്നത്. പക്ഷേ, ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലം ജ്ഞാനേശ്വരി ക്ഷേത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സീനുകളിലാണ് ചരിത്രം വളച്ചൊടിച്ചിരിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു.

നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലം ജ്ഞാനേശ്വര ക്ഷേത്രം സ്ഥാപിച്ചപ്പോൾ അതിന്റെ പ്രതിഷ്ഠ നിർവഹിച്ചത് അബ്രാഹ്മണനായ മറ്റത്ത് വിശ്വനാഥ ഗുരുക്കളാണ്. ശിവപ്രതിഷ്ഠ നടത്തിയ കുടുംബം എന്ന നിലയ്ക്ക് വിശ്വനാഥൻ ഗുരുക്കളുടെ കുടുംബം പ്രശസ്തമായി. നാളിതു വരെ ഈ കുടുംബവും തലമുറയും നാട്ടിൽ അറിയപ്പെടുന്നത് ഗുരുക്കളുടെ ശിവപ്രതിഷ്ഠയുടെ പേരിലാണ്.

1850 കളലൽ മറ്റത്ത് വിശ്വനാഥ ഗുരുക്കൾ ശിവപ്രതിഷ്ഠ നടത്തിയതിന് ചരിത്രരേഖയുണ്ട്. അദ്ദേഹത്തിന്റെ പൂജാസാധന സാമഗ്രികളും മറ്റും തലമുറയിലെ ഇപ്പോഴത്തെ കണ്ണിയായ വിശ്വനാഥൻ പിള്ളയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് കാണുന്നതിനും മറ്റുമായി നൂറുകണക്കിനാൾക്കാർ ഈ വീട്ടിൽ എത്തുന്നു. സത്യം വളച്ചൊടിച്ചാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജ്ഞാനേശ്വരി ക്ഷേത്രത്തിൽ ബ്രാഹ്മണനായ തന്ത്രി ശിവപ്രതിഷ്ഠ നടത്തുന്നതായാണ് കാണിച്ചിരിക്കുന്നത്.

ഇത് തങ്ങളുടെ പ്രപിതാമഹനെ അവഹേളിക്കുന്നതും കുടുംബത്തിന്റെ കീർത്തിക്ക് കളങ്കമുണ്ടാക്കുന്നതും ആണെന്ന് വിശ്വനാഥൻ പിള്ള പറയുന്നു. ചിത്രത്തിൽ ഈ രംഗത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചു കൊണ്ട് മാപ്പ് പ്രസിദ്ധീകരിക്കണമെന്നും അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിശ്വനാഥൻ പിള്ളയുടെ നോട്ടീസിൽ പറയുന്നു.