കൊച്ചി: നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ ബോധപൂര്‍വം നോട്ടീസുകള്‍ കൈപ്പറ്റാത്ത എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് എത്തിക്കുകയെന്ന കടമ്പ പരിഹരിക്കാന്‍ വാട്‌സാപ്പ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാര്‍ഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടില്‍ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി കോടതിയെ സമീപിച്ച തൃശ്ശൂര്‍ സ്വദേശി അലീന നെല്‍സന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ ബ്രാഞ്ചിലെ അസിസ്റ്റന്റ് (ലീഗല്‍) മാനേജര്‍ ആയ പരാതിക്കാരി എറണാകുളത്തെ സുഹ്‌റിയാ ബ്യൂട്ടിക് എന്ന സ്ഥാപനത്തിന്റെ ഉടമ അംജോമോള്‍ ജോസിന് വാട്‌സാപ്പില്‍ നോട്ടീസ് അയക്കാനാണ് അനുമതി തേടിയത്.

സ്ഥാപനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കുര്‍ത്തയ്ക്കും ദുപ്പട്ടയ്ക്കും ഓര്‍ഡര്‍ കൊടുത്തത്. 1400 രൂപ ഗൂഗിള്‍ പേ വഴിയാണ് പരാതിക്കാരി നല്‍കിയത്. എന്നാല്‍ ഓര്‍ഡര്‍ പ്രകാരം ഉല്‍പ്പന്നം കിട്ടിയില്ല. പിന്നീട് എതിര്‍കക്ഷിയുമായി ബന്ധപ്പെടാന്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. നേരിട്ട് ചെന്ന് പരാതി പരിഹരിക്കാനുള്ള ശ്രമവും വിഫലമായി. തുടര്‍ന്നാണ് എതിര്‍കക്ഷിയുടെ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

ഉപഭോക്തൃ കോടതി എതിര്‍കക്ഷിക്ക് അയച്ച നോട്ടീസും 'അങ്ങനെ ഒരാള്‍ ഇല്ല'എന്ന് രേഖപ്പെടുത്തി തപാല്‍ വകുപ്പ് മടക്കി. ഈ സാഹചര്യത്തിലാണ് വാട്‌സാപ്പ് മുഖേന എതിര്‍കക്ഷിക്ക് കോടതി നോട്ടീസ് അയക്കാന്‍ അനുവദിക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടത്. കോടതിയുടെ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലും പലവിധ ന്യായവാദങ്ങളുമായി എതിര്‍കക്ഷി വാട്‌സാപ്പില്‍ ബന്ധപ്പെടുന്നുണ്ടെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഈ വാട്‌സാപ്പ് നമ്പറിലേക്ക് നോട്ടീസ് അയക്കാനാണ് ഉപഭോക്തൃ കോടതി അനുമതി നല്‍കിയത്. ഒരാഴ്ചക്കകം ഇത് നടപ്പാക്കി തെളിവ് സഹിതം വിവരം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

രജിസ്റ്റേഡ് തപാല്‍, കൊറിയര്‍, പത്രപരസ്യം നോട്ടീസ് പതിച്ച് നടത്തല്‍ തുടങ്ങിയ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളെക്കാള്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ആധുനിക രീതികള്‍ അവലംബിക്കണമെന്ന് സുപ്രീംകോടതി ഉത്തരവും ഉപഭോക്തൃ കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചു. കോവിഡ് കാലത്ത് ആധുനികമായ ഇത്തരം ഇലക്ട്രോണിക് രീതികള്‍ ഉപയോഗിക്കാന്‍ ഉന്നത കോടതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 65ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമം വഴിയും നോട്ടീസ് അയക്കാം എന്ന് നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഏറെ വിശ്വസനീയവും ഫലപ്രദവും എളുപ്പവുമായ ആധുനിക ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാമെന്ന് ഉന്നത കോടതികളുടെ വിധികളും വ്യക്തമാക്കുന്നുണ്ട്.

ചില ഈ -കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിനുശേഷം അവരുടെ മേല്‍വിലാസം തന്നെ അടിക്കടി മാറ്റുന്നു. ഇതുമൂലം ഉപഭോക്തൃ പരാതികളില്‍ കോടതികള്‍ അയക്കുന്ന നോട്ടീസുകള്‍ 'ആളില്ല' എന്ന പേരില്‍ മടങ്ങുന്നതിനാല്‍ കേസുകള്‍ അനന്തമായി നീളുന്നതിനും കാരണമാകുന്നു. ഇതിനെല്ലാം പരിഹാരമായാണ് പുതിയ ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള എഐ സംവിധാനങ്ങളുടെ യുഗത്തില്‍ വാട്‌സ്ആപ്പ്, ഇമെയില്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കാലതാമസവും പണച്ചെലവും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നീതിയുടെ അനര്‍ഗളമായ പ്രവാഹത്തെ തടസ്സപ്പെടുത്തുവാന്‍ കാലഹരണപ്പെട്ട നടപടിക്രമങ്ങളുടെ സങ്കീര്‍ണതകളെ പരിചയാക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

പരാതിക്കാരിക്കുവേണ്ടി അഡ്വ.അഞ്ജലി അനില്‍ ഹാജരായി.