- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാർ പറഞ്ഞത് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലെന്ന്; മനസാന്നിദ്ധ്യം കൊണ്ട് കഴിഞ്ഞ 13 വർഷം രോഗത്തെ അതിജീവിച്ചു; ഒപ്പം താങ്ങായത് നിരാലംബരും രോഗികളുമായ നിരവധി കുട്ടികൾക്ക്; കൊല്ലങ്കോട് സ്വദേശി ലേഖയുടെ വേറിട്ട ജീവിതകഥ
തിരുവനന്തപുരം: പല വിധ രോഗങ്ങളാൽ ദുരിതം പേറുന്ന 17 ഓളം കുരുന്നുകൾക്ക് അമ്മയും ചേച്ചിയും കൂട്ടുകാരിയും എല്ലാമായ ജീവിതം.തന്റെ രോഗങ്ങളെയും കഷ്ടതകളെയും കൊല്ലങ്കോട് സ്വദേശിനി ലേഖ മറികടന്നത് സമാനതകളില്ലാത്ത ഈ സാന്ത്വനത്തിലൂടെയാണ്.
ഇനി ഒരു തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ പലതവണ വിധിയെഴുതിയ ജീവിതം..പക്ഷെ അവിടെ നിന്നൊക്കെ തന്റെ മനക്കരുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന് നിരവധി ജീവിതങ്ങൾക്ക് തണലാവുകയാണ് ലേഖ.
രോഗം തളർത്തുമ്പോഴും ധൈര്യമായി ജീവിക്കാമെന്നു മാത്രമല്ല, ഒട്ടേറെ കുട്ടികൾക്കു താങ്ങായി നിൽക്കാമെന്നു കൂടി കഴിഞ്ഞ 13 വർഷത്തെ ജീവിതം കൊണ്ടു ലേഖ നമ്മളെ പഠിപ്പിക്കുന്നു. എലവഞ്ചേരിയിലും കൊല്ലങ്കോട്ടും ഓട്ടിസം ഉൾപ്പെടെയുള്ള രോഗങ്ങളാൽ വലയുന്ന 17 കുട്ടികളെയാണ് കൊല്ലങ്കോട് അരിക്കത്തു ശ്രീലകത്തിൽ എം.ലേഖ സ്വന്തമെന്നോണം സഹായിച്ചുവരുന്നത്
നാഡീസംബന്ധമായ അസുഖം മൂലം ശ്വാസമെടുക്കാൻ പോലും കഴിയാതെ കണ്ണുകൾ അടയുന്നതു പോലെ തോന്നിയ സാഹചര്യങ്ങൾ പലതവണയുണ്ടായി. ജീവിതത്തിലേക്കു തിരികെവരിക പ്രയാസമെന്ന് ഡോക്ടർമാർക്കു പറയേണ്ടി വന്നതും അതു കൊണ്ടു തന്നെയാണ്. ആരും തളർന്ന് ഒതുങ്ങിപ്പോകുന്ന ആ സാഹചര്യത്തിൽ നിന്നാണു മനക്കരുത്തു മാത്രം നിക്ഷേപമാക്കി, അസുഖങ്ങളാൽ വലയുന്ന ഒറ്റപ്പെട്ടുപോയ കുരുന്നുകൾക്ക് സംരക്ഷണമൊരുക്കുന്ന ദൗത്യത്തിന് തുടക്കമിട്ടത്.
ഭിന്നശേഷിക്കാരും കിടപ്പുരോഗികളും ഉൾപ്പെടെയുള്ള കുട്ടികളിൽ അച്ഛൻ ഉപേക്ഷിച്ചു പോയവരും അച്ഛനും അമ്മയും മരിച്ചവരും സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവരുമൊക്കെയുണ്ട്. മരുന്നും വസ്ത്രവും ഭക്ഷണവും സ്വന്തം നിലയിൽ നൽകുന്ന ലേഖയുടെ കരുതൽ ഇവർക്കു നൽകുന്ന ആശ്വാസം ചെറുതല്ല.
കോവിഡ് കാലത്ത് രോഗം കൂടി കിടപ്പിലായപ്പോൾ മൂന്നാം ക്ലാസുകാരനായ മകൻ മിഖിലേഷാണു പൊലീസിനൊപ്പം ഓരോ വീട്ടിലുമെത്തി സഹായം മുടങ്ങാതെ കൈമാറിയത്. കൊല്ലങ്കോട് മഹാകവി പി സ്മാരക കലാസംസ്‌കാരിക കേന്ദ്രത്തിലെ ലൈബ്രേറിയൻ എ.സേതുമാധവന്റെയും ഇന്ദിരാദേവിയുടെയും മകളാണ്. ജി.സുധീഷാണ് ഭർത്താവ്.
മറുനാടന് മലയാളി ബ്യൂറോ