- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളനാട്ട് കരടിയെ കിണറ്റിലെ വെള്ളത്തിലേക്ക് മയക്കു വെടിവച്ചു താഴ്ത്തിയ ക്രൂരത; പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ കരടിയുടെ ജീവനെടുത്തത് വെള്ളം വറ്റിക്കാൻ വൈകിപ്പിച്ച അതിബുദ്ധിയും; മണിക്കൂറുകൾ വെള്ളത്തിലെ തണുപ്പിൽ കിടന്ന് മരവിച്ച പുലിക്ക് മയക്കു മരുന്ന് കുത്തിവച്ച് മരണവും ഉറപ്പിച്ചു! വില്ലനായത് വൈകിയ രക്ഷാപ്രവർത്തനമോ?
കണ്ണൂർ: തിരുവനന്തപുരത്ത് വെള്ളനാട് കിണറ്റിൽ വീണത് കരടിയാണ്. വെള്ളം വറ്റിക്കാതെ മയക്കു വെടി വച്ചു. കരടി വെള്ളത്തിൽ മുങ്ങി ചത്തു. അതിന്റെ പുതിയ വെർശനാണ് കണ്ണൂരിലേത്. പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. കിണറ്റിലെ വെള്ളത്തിൽ മണിക്കൂറോളം പുലി കടിന്നു. തണുത്ത് മരവിച്ച പുലിക്ക് ഈ തണുപ്പിൽ ആരോഗ്യം നഷ്ടമായി. മയക്കു വെടിയെ അതിജീവിക്കാൻ പുലിക്കായില്ല. അങ്ങനെയാണ് മരണമെന്നാണ് വിലയിരുത്തൽ.
കിണറ്റിൽ പുലി വീഴുന്നു. നിറയെ വെള്ളമുണ്ടായിരുന്നു. ഒരു തടിക്കഷ്ണം ഇട്ടു കൊടുത്ത് പുലിക്ക് വെള്ളത്തിൽ മുങ്ങാതെ കിടക്കാൻ അവസരമൊരുക്കി. അപ്പോഴും കിണറ്റിലെ വെള്ളത്തിലാണ് കിടന്നത്. അപ്പോൾ തന്നെ കിണറ്റിലെ വെള്ളം കൂടി വറ്റിച്ചിരുന്നുവെങ്കിൽ പുലിക്ക് കഠിനമായ തണുപ്പിൽ കഴിയേണ്ടി വരുമായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് കിണറ്റിലെ വള്ളം വറ്റിച്ചത്. അപ്പോഴേക്കും തണുപ്പിൽ മരവിച്ച അവസ്ഥയിലായി പുലി. ആരോഗ്യം തളർന്ന പുലിക്ക് മയക്കു വെടിയും വച്ചു. ഇതോടെ പുലിക്ക് അതിജീവനം അസാധ്യമായി.
വെള്ളറടയിൽ കരടിക്ക് സംഭവിച്ചത് എന്തെന്ന് വനംവകുപ്പിന് നന്നായി അറിയാം. അതിന്റെ പാഠം പുലിയെ രക്ഷിക്കുമ്പോൾ പഠിച്ചില്ല. ആളുകളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നതിൽ ഉൾപ്പെടെ പൊലീസിനും വീഴ്ച എത്തി. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു പുലിയെ കണ്ടെത്തിയത്. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിക്കാനായത് വൈകിട്ട് 4.30-ഓടെ മാത്രമാണ്. എന്തുകൊണ്ടാണ് ഈ വൈകൽ എന്ന് ആർക്കും മനസ്സിലായില്ല. തിരുവനന്തപുരത്ത് കരടി വീണപ്പോൾ അതിവേഗം മയക്കു വെടി വയ്ക്കാൻ ആളെത്തി. കണ്ണൂരും വയനാടും തമ്മിൽ യാത്രയ്ക്ക് വേണ്ടത് രണ്ട് മണിക്കൂറിൽ മാത്രം സമയമാണ്. എന്നിട്ടും പുലിയെ വെള്ളത്തിൽ കിടത്തി തളർത്തിയത് എന്തിനാണെന്ന ചോദ്യം മാത്രം ബാക്കി.
ഒരുമണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്. 10 മീറ്റർ ആഴമുള്ള കിണറായതിനാൽ വീഴ്ചയിൽ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ച വയനാട്ടിൽനടക്കുന്ന പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാകൂ. നേരത്തെ, വലയിൽ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ പ്രത്യകസംഘം വയനാട്ടിൽനിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടിൽനിന്നെത്തിയ വെറ്റിനറി സർജൻ അജേഷ് മോഹൻദാസും പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
രണ്ടരമീറ്ററിലധികം വെള്ളമുള്ള കിണർ വറ്റിച്ചശേഷമാണ് ദൗത്യം ആരംഭിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയർത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് മയക്കുമരുന്ന് കുത്തിവെച്ചത്. തുടർന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റുകയായിരുന്നു. ഈസമയം പുലിയുടെ ആരോഗ്യനില വളരെമോശമായിരുന്നു. പുലി തണുത്ത് മരവിപ്പിച്ച അവസ്ഥയിലായിരുന്നു. ആദ്യമേ വെള്ളം വറ്റിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
അതേസമയം, പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പുലി എങ്ങനെ ഇവിടേയ്ക്ക് എത്തിയെന്നത് കണ്ടെത്തണമെന്നും ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങത്തൂർ പുഴ താണ്ടിയാവാം പുലി എത്തിയത് എന്നാണ് ഡി.എഫ്.ഒ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. രാവിലെ 11ന് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 6.15 വരെ നീണ്ടു. വനംവകുപ്പിന്റെ വണ്ടിയിൽ സജ്ജീകരിച്ച കൂട്ടിലാക്കി ചികിത്സയ്ക്കായി വയനാട് വെറ്ററിനറി കേന്ദ്രത്തിലേക്കു കൊണ്ടുപോകും വഴി കണ്ണവം ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചപ്പോഴാണു പുലി ചത്തതായി സ്ഥിരീകരിച്ചത്. പുറത്തെടുക്കുമ്പോൾ തന്നെ പുലി അവശനായിരുന്നുവെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആരോഗ്യം മെച്ചപ്പെട്ട ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ തുറന്നു വിടാനായിരുന്നു തീരുമാനം.
ഇന്നലെ രാവിലെ 7നാണു പുലി കിണറ്റിൽ വീണത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. ആൾമറയില്ലാത്ത കിണറ്റിൽ വെള്ളം ഇളകുന്നതു ശ്രദ്ധയിൽപെട്ട കക്കുഴിപറമ്പത്ത് കുഞ്ഞിരാമനാണ് ആദ്യം കാണുന്നത്. ഈ സമയത്തു പുലിയാണെന്നു തിരിച്ചറിഞ്ഞില്ല. കുഞ്ഞിരാമന്റെ ബന്ധുവും വീടിന്റെ ഉടമയുമായ സുനീഷും സുഹൃത്ത് വിനോദുമാണ് 9.30യോടെ പുലിയാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. 11 മണിയോടെ രക്ഷാപ്രവർത്തനം തുടങ്ങി.
12 മീറ്റർ ആഴവും രണ്ടര മീറ്റർ പൊക്കത്തിൽ വെള്ളവുമുള്ള കിണർ വലയിട്ടു സുരക്ഷിതമാക്കി. പുലി കിണറ്റിൽ അകപ്പെട്ട വിവരമറിഞ്ഞതോടെ ജനം ഒഴുകിയെത്തുകയായിരുന്നു. ആൺപുലിയാണെന്നും കഴിഞ്ഞ ദിവസം രാത്രിയായിരിക്കാം കിണറ്റിൽ വീണതെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ജഡം ഇന്നു വയനാട് വെറ്ററിനറി കേന്ദ്രത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. കിണറ്റിലെ വെള്ളം രണ്ടു തവണ പമ്പ് ചെയ്തു കളഞ്ഞാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കിണറ്റിൽ വലയിറക്കിയാണു പുറത്തെടുത്തത്. വലയിലാക്കി ഉയർത്തുമ്പോൾ രണ്ടു തവണ മയക്കുവെടി വച്ചു.
വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ടീമാണു മയക്കുവെടി വച്ചത്. ആദ്യത്തെ മയക്കുവെടി വലയ്ക്കു തട്ടി ലക്ഷ്യം കണ്ടില്ല. പിറകെ രണ്ടാമത്തെ വെടി വച്ചു വൈകിട്ട് 6.03നാണു പുറത്തെടുത്തത്. 5 വയസ്സായിരുന്നു ചത്ത പുലിയുടെ പ്രായം. കിണറ്റിൽ വീണതു കാട്ടുപന്നിയെന്നു സമാധാനിച്ചവർ പുലിയെന്നറിഞ്ഞതോടെ പേടിയിലായി. കിണറിന് 12.5 മീറ്റർ ആഴമുണ്ടെങ്കിലും പുലി സ്വയം കയറി വന്ന് ആക്രമിക്കുമോ എന്നായിരുന്നു പേടി.
മറുനാടന് മലയാളി ബ്യൂറോ