- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരും പുലിപ്പേടിയിൽ; അയ്യലൂരിൽ കണ്ടത് പുലി തന്നെ; ചിത്രം ക്യാമറയിൽ പതിഞ്ഞു; കുറുക്കന്റെ ജഡത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചിട്ടു കൊണ്ടിട്ടിട്ടത് പുലി തന്നെ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം; പുലിയെ പിടികൂടാൻ കൂടുവെക്കണമെന്ന ആവശ്യവും ശക്തം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നുരിനെ ഭീതിയിലാഴ്‌ത്തിയ അഞ് ജാത ജീവി പുലിയാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം മട്ടന്നൂർ നഗരസഭയിലെ ശിവപുരം അയ്യല്ലൂരിൽ പുലിയെ കണ്ടതായുള്ള പ്രദേശവാസികളുടെ പരാതിയാണ് വെറും അഭ്യൂഹമല്ല യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞത്. നേരത്തെ പ്രദേശവാസികൾ നടത്തിയ തെരച്ചിൽ ഒരു കുറുനരിയെ റബ്ബർ തോട്ടത്തിൽ പുലി കടിച്ചു കൊന്നു പാതി ഭാഗം ഭക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
ഈവിവരത്തെ തുടർന്നു പൊലീസും വനം വകുപ്പും പരിശോധന നടത്തിയിരുന്നു.സ്ഥലത്ത് ക്യാമറ സ്ഥാപിച്ചതിൽ കണ്ടത് പുലി തന്നെയെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പുലിയെ കണ്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്നും ഡി എഫ് ഒ കാർത്തിക് പറഞ്ഞു. അയ്യല്ലൂരിൽ കൂടു വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. അയ്യല്ലൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നും പൊലിസും വനം വകുപ്പും ഈ മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന കുറുക്കന്റെ ജഡത്തിന്റെ അവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്ത് വലിച്ചിട്ടു കൊണ്ടിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് റബ്ബർ ടാപ്പിങ് തൊഴിലാളിയും പ്രദേശവാസിയുമായ അശോകനാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാൾ പൊലിസിലും വനം വകുപ്പിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ പകുതി ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.
പുലിയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് കുറുനരിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. ഇന്ന് രാവിലെ മട്ടന്നൂർ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലിസും വനം വകുപ്പു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കുറുനരിയുടെ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കാട്ടിനുള്ളിൽ നടത്തിയ തെരച്ചിലിൽ പത്ത് മീറ്റർ അകലെ തലയുടെ ഭാഗം 100 മീറ്റർ അകലെ ഭക്ഷിച്ചതിന്റെ ഭാഗവും കണ്ടെത്തിയിരുന്നു. വനം വകുപ്പ് സ്ഥാപിച്ച മൂന്ന് ക്യാമറകളിൽ ഒരു ക്യാമറയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. മറ്റു രണ്ടു ക്യാമറകൾ കൊട്ടിയൂർ റെയ്ഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി നടത്തിയ പരിശോധയിലാണ് പുലിയുടെ ദൃശ്യം കണ്ടെത്തിയത്. അതേസമയം പുലിയെ പിടികൂടാൻ കൂടുവെക്കണമെന്ന ആവശ്യവും ശക്തമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്